പ്രതിപക്ഷ നേതാവിന്റെ ഡ്രൈവർക്ക് പൊലീസ് മർദ്ദനം; പോലീസ് മേധാവിക്ക് പരാതി
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവറെ പൊലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായി പരാതി. പ്രതിപക്ഷ നേതാവിനെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് മടങ്ങുമ്പോഴാണ് സംഭവം. ഇത് സംബന്ധിച്ച് എ.കെ.ജി സെന്ററിലെ ജീവനക്കാരൻ പി.കെ അനൂപ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. മെയ് 30ന് വൈകീട്ട് നാലിന് പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറക്കി മടങ്ങുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു.
തിരുവനന്തപുരം - മംഗലാപുരം വന്ദേഭാരത് ട്രെയിനിൽ യാത്ര തിരിക്കുന്നതിനായി പ്രതിപക്ഷ നേതാവ് എത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. പോലീസ് അകമ്പടിയോടെ KL 01 CR 4291 എന്ന വാഹനത്തിലാണ് അദ്ദേഹം സ്റ്റേഷനിൽ എത്തിയത്. പ്രതിപക്ഷ നേതാവ് വാഹനം ഇറങ്ങി സ്റ്റേഷനിലേക്ക് പ്രവേശിച്ച ശേഷം, അനൂപ് വാഹനം മാറ്റി പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന ചില പോലീസ് ഉദ്യോഗസ്ഥർ തടസ്സവാദങ്ങളുമായി എത്തി. "വണ്ടി എടുത്തുമാറ്റെടാ" എന്ന് ആക്രോശിച്ചുകൊണ്ട് ഉദ്യോഗസ്ഥർ തന്നെ അക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയൻ, ശരത് എന്നീ രണ്ട് ഉദ്യോഗസ്ഥരാണ് തന്നെ കൈയേറ്റം ചെയ്തതെന്നും അനൂപ് പരാതിയിൽ ആരോപിക്കുന്നു.
തന്നെ കഴുത്തിന് പിടിച്ചു തള്ളുകയും ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും ചെയ്തതെന്നാണ് അനൂപിന്‍റെ പരാതി. സംഭവത്തെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തി കുറ്റക്കാരായ പോലീസുകാർക്കെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

