ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം; പ്രതിപക്ഷ നേതാവ് കത്ത് നല്‍കി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്ത് നല്‍കി. സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരും ഭൂരിഭാഗം സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരും ഇല്ലാത്തത് ഉന്നതവിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഇതിനു പുറമെയാണ് കേരള സര്‍വകലാശാലയില്‍ ഗവര്‍ണറും വി.സിയും ഒരു ഭാഗത്തും റജിസ്ട്രാറും സിന്‍ഡിക്കേറ്റും മറുഭാഗത്തും നിന്ന് പരസ്യമായി പോരടിക്കുന്നത്. അധികാര തര്‍ക്കത്തിനും എസ്.എഫ്.ഐ നടത്തിയ അക്രമ സമരങ്ങള്‍ക്കും പിന്നാലെ കേരള സര്‍വകലാശാലയില്‍ രണ്ട് രജിസ്ട്രാര്‍മാര്‍ നിലനില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
കത്ത് പൂര്‍ണ രൂപത്തില്‍;
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല പൂര്‍ണമായും സ്തംഭനാവസ്ഥയിലാണെന്നത് ഞാന്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്. സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരും ഭൂരിഭാഗം സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരും ഇല്ലാത്തത് ഉന്നതവിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് കേരള സര്‍വകലാശാലയില്‍ ഗവര്‍ണറും വി.സിയും ഒരു ഭാഗത്തും രജിസ്ട്രാറും സിന്‍ഡിക്കേറ്റും മറുഭാഗത്തും നിന്ന് പരസ്യമായി പോരടിക്കുന്നത്.
അധികാര തര്‍ക്കത്തിനും എസ്.എഫ്.ഐ നടത്തിയ അക്രമ സമരങ്ങള്‍ക്കും പിന്നാലെ കേരള സര്‍വകലാശാലയില്‍ രണ്ട് രജിസ്ട്രാര്‍മാര്‍ നിലനില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വൈസ് ചാന്‍സലര്‍ സര്‍വകലാശാലയില്‍ എത്താത്തതിനാലും ഏത് രജിസ്ട്രാറാര്‍ക്കാണ് ഫയലുകള്‍ അയക്കേണ്ടതെന്ന ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാലും ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കെട്ടികിടക്കുകയാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. തുല്യതാ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ വിദ്യാര്‍ഥികളുടെ തുടര്‍ പ്രവേശനത്തെ ബാധിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ തീരുമാനമെടുക്കുന്നതും മുടങ്ങിയിരിക്കുകയാണ്. വിവിധ പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റുകള്‍, അഫിലിയേറ്റഡ് കോളജുകളിലെ അക്കാദമിക് കോഴ്സുകളുടെ അംഗീകാരം, അധ്യാപകരുടെ കരിയര്‍ അഡ്വാന്‍സ്മെന്റ് സ്‌കീം, അധിക പ്ലാന്‍ ഫണ്ട് എന്നിവയുടെ ഫയലുകള്‍ കെട്ടിക്കിടക്കുകയാണെന്ന റിപ്പോര്‍ട്ടുകളും അതീവ ഗൗരവതരമാണ്.
നിസാര പ്രശ്നങ്ങളുടെ പേരിലുള്ള ഈ അധികാരത്തര്‍ക്കവും അക്രമ സമരങ്ങളും സര്‍വകലാശാലയിലും ഉന്നത വിദ്യാഭ്യാസരംഗത്തും ഉണ്ടാക്കിയ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സാധാരണക്കാരായ വിദ്യാര്‍ഥികളെയാണെന്നത് സര്‍ക്കാര്‍ മറക്കരുത്. നമ്മുടെ കുട്ടികളുടെ ഭാവിയെ സാരമായി ബാധിക്കുന്ന ഈ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് അഭ്യര്‍ഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

