‘എന്നെപ്പോലെ ഒരു അനാഥ ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുമോ?, മാനന്തവാടിയിലെ അജീഷിന്റെ കുഞ്ഞുമകള്‍ ചോദിച്ചത്, അത് എല്ലാവരോടുമുള്ള ചോദ്യമാണ്’ -വി.ഡി. സതീശൻ
text_fieldsമാനന്തവാടി: മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ ഗൗരവതരമാണെന്നും ജനങ്ങള്‍ ഭീതിയിലാണെന്നും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ലെന്നുമുള്ള വിഷയങ്ങള്‍ കാലങ്ങളായി സഭയിൽ ഉന്നയിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ഉയർത്തിയ വിഷയവും ഇതാണ്. ഇതുമായി ബന്ധപ്പെട്ട് നാല് അടിയന്തിര പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. പ്രതിപക്ഷത്തെ നിരവധി എം.എല്‍.എമാരും ഈ വിഷയം ശക്തമായി ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം ഒരേ മറുപടിയും നിസംഗതയുമാണ് സര്‍ക്കാര്‍ പ്രകടിപ്പിച്ചത്.
അതുകൊണ്ടാണ് ആവര്‍ത്തിക്കുന്ന വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത്. കേരളത്തിന്റെ മുന്‍ഗണനയില്‍ വരേണ്ട ഗൗരവമുള്ള വിഷയമാണിത്. അത് ഉയര്‍ത്തിപ്പിടിക്കുന്നതിനു വേണ്ടിയാണ് മലയോര സമര യാത്ര സംഘടിപ്പിച്ചത്. മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
യാത്ര തുടങ്ങുന്നതിന്റെ തലേ ദിവസമാണ് കടുവയുടെ ആക്രമണത്തില്‍ രാധയെന്ന വീട്ടമ്മ മരിച്ചത്. പ്രതിപക്ഷം ഉയര്‍ത്തുന്ന വിഷയത്തിന് എത്രത്തോളം ഗൗരവമുണ്ടെന്ന് പൊതുസമൂഹത്തിന് ബോധ്യമായത് അപ്പോഴാണ്. ഈ പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാര നടപടികള്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനുണ്ട്. യാത്ര തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും. എല്ലാവിഭാഗം ജനങ്ങളുമായി കൂടിയാലോചനകള്‍ നടത്തിയ ശേഷമാകും ഇത്തരം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നത്. മതിലുകളും കിടങ്ങുകളും സൗരോര്‍ജ്ജ വേലികളും ഉള്‍പ്പെടെയുള്ള പരമ്പരാഗതമായ വന്യജീവി പ്രതിരോധ സംവിധാനങ്ങള്‍ കഴിഞ്ഞ നാലു വര്‍ഷമായ സര്‍ക്കാര്‍ ചെയ്തിട്ടില്ല. എന്നിട്ടാണ് വന്യജീവികളുടെ ആക്രമണം കുറഞ്ഞു വരുന്നതായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ എഴുതിവച്ചത്.
വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ തന്നെ കണക്ക് നിലനില്‍ക്കുമ്പോഴാണ് ആക്രമണങ്ങള്‍ കുറയുകയാണെന്ന് വനംമന്ത്രി ഉള്‍പ്പെടെ പറഞ്ഞത്. സംസ്ഥാനത്ത് അറുപതിനായിരം വന്യജീവി ആക്രമണങ്ങള്‍ ഉണ്ടാകുകയും ആയിരത്തില്‍ അധികം പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളും വന്യജീവികളെ പ്രതിരോധിക്കാന്‍ ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൃഗങ്ങള്‍ എത്തുന്നത് കണ്ടെത്താനും അവയെ കാട്ടിലേക്ക് തുരത്താനുമുള്ള സംവിധാനങ്ങള്‍ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലുണ്ട്. എന്നാല്‍ നമ്മുടെ വനംവകുപ്പ് ഇതേക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ല.
ലോകം മാറിക്കൊണ്ടിരിക്കുകയാണ്. എന്തെല്ലാ സങ്കേതങ്ങളാണ് പുതുതായി ഉണ്ടായിരിക്കുന്നത്. എന്നിട്ടും ഒന്നും ചെയ്യാതെ സര്‍ക്കാര്‍ മലയോര മേഖലയിലെ ജനങ്ങളെ അവരുടെ വിധിക്ക് വിട്ടു കൊടുത്തിരിക്കുകയാണ്. വന്യജീവി നിയമത്തിലും ഭേദഗതി വരുത്തേണ്ടതുണ്ട്. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എം.പിമാരും അതിനു വേണ്ടി പാര്‍ലമെന്റില്‍ നിലപാടെടുക്കും. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള എം.പിമാര്‍ വന്യജീവി നിയമത്തില്‍ കാലാനുസൃതമായ ഭേദഗതി വരുത്തണമെന്ന നിലപാട് ശക്തമാക്കും. എന്നാല്‍ ഇതിനൊപ്പം സംസ്ഥാന സര്‍ക്കാരും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യണം. ആവശ്യത്തിന് വാച്ചര്‍മാരോ സംവിധാനങ്ങളോ ഇല്ല. ഒരേ സമയത്ത് നാലും അഞ്ചും കടുവകള്‍ പുറത്തിറങ്ങിയാല്‍ ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ്.
ഇനിയെങ്കിലും എന്നെ പോലെ ഒരു അനാഥ ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുമോ എന്നാണ് മാനന്തവാടിയിലെ അജീഷിന്റെ വീട്ടില്‍ പോയപ്പോള്‍ കുഞ്ഞുമകള്‍ ചോദിച്ചത്. അത് എല്ലാവരോടുമുള്ള ചോദ്യമാണ്. നിസംഗത വെടിഞ്ഞ് ഗൗരവതരമായ കൂടിയാലോചനകള്‍ നടത്തി അടിയന്തിരമായ നടപടികള്‍ സ്വീകരിക്കണം. അതിനു വേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനു വേണ്ടിയാണ് യു.ഡി.എഫ് മലയോര സമര യാത്രയുമായി മുന്നോട്ടു പോകുന്നത്.
എല്ലാക്കാലത്തും വന്യജീവി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? എല്ലാക്കാലത്തും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് ഇത്രയും വലിയ ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ല. എന്നിട്ടു പോലും പരമ്പരാഗതമായ രീതിയില്‍ ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്തു. ഇരുപത് വര്‍ഷം മുന്‍പാണ് അദ്ദേഹം മന്ത്രിയായിരുന്നതെന്നും ഓര്‍ക്കണം. 20 വര്‍ഷത്തിന് മുന്‍പ് വയനാട്ടില്‍ 150 കടുവ ഉണ്ടായിരുന്നോ? ഇത്രയും ആനകളും ഇറങ്ങാറില്ലായിരുന്നു. എന്നാല്‍ അന്നത്തെ സ്ഥിതിയല്ല ഇന്ന്. എന്നിട്ടും ഈ സര്‍ക്കാര്‍ ഒന്നും ചെയ്യാന്‍ തയാറല്ല. പ്രതിരോധ സംവിധാനങ്ങള്‍ക്കു വേണ്ടി ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ആറളത്ത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് 13 കോടി രൂപ മുടക്കി മതില്‍ നിര്‍മ്മിച്ചത്.
അജീഷിന്റെയും കണ്ണൂരിലെ ജസ്റ്റിന്റെയും കുടുംബത്തിന് നല്‍കിയ വാക്ക് സര്‍ക്കാര്‍ പാലിച്ചില്ല. അനാഥരായി നില്‍ക്കുന്ന മരിച്ചവരുടെ നിരവധി കുടുംബങ്ങളെയും ജീവിക്കുന്ന രക്തസാക്ഷികളെയും സര്‍ക്കാര്‍ ഇതുവരെ സഹായിച്ചിട്ടില്ല. ഗുരുതരമായി പരിക്കേറ്റ എണ്ണായിരത്തില്‍ അധികം പേരുണ്ട്. പലര്‍ക്കും ചികിത്സാ ചെലവ് പോലും നല്‍കിയില്ല. നാലായിരത്തോളം പേര്‍ക്ക് ഇപ്പോഴും നഷ്ടപരിഹാരം നല്‍കാനുണ്ടെന്ന് സതീശൻ പറഞ്ഞു.
വന്യജീവി നിയമം മാറ്റണമെന്ന് നേരത്തെ ആരും ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. വനങ്ങള്‍ സംരക്ഷിക്കപ്പെടുകയും വന്യജീവികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. നിയമങ്ങള്‍ കാലാനുസൃതമായി ഭേദഗതി വരുത്തണം. സംസ്ഥാനം ആവശ്യപ്പെട്ട പണം തന്നില്ലെങ്കില്‍ ഒന്നിച്ച് സമരം ചെയ്യാം. പക്ഷെ സംസ്ഥാന ചെയ്യേണ്ട കാര്യങ്ങളൊന്നും ചെയ്തില്ലെങ്കില്‍ എന്തു ചെയ്യണം. ബജറ്റില്‍ നീക്കി വച്ചതിന്റെ പകുതി പണം പോലും ചെലവഴിച്ചില്ല. നാല് വര്‍ഷമായി ഒരു പ്രതിരോധ മാര്‍ഗങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. നിയമസഭയില്‍ പ്രതിപക്ഷം മുന്നോട്ടു വച്ചിരിക്കുന്ന നിരവധി നിര്‍ദ്ദേശങ്ങളുണ്ട്. മലയോര മേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാത്ത ഒരു നിയമസഭ സമ്മേളനം പോലും കടന്നു പോയിട്ടില്ല. അതുകൊണ്ടാണ് രാഷ്ട്രീയ ജാഥ മാറ്റിവച്ച് ഇത്രയും പ്രശ്‌നങ്ങളുള്ള മേഖലയിലൂടെ കടന്നു പോകുന്നത്. മലയോര മേഖലയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഞാന്‍ മന്ത്രി ആയതു കൊണ്ടാണോ ആന കാട്ടില്‍ നിന്നും ഇറങ്ങുന്നതെന്നു ചോദിക്കുന്ന ആളാണ് വനം മന്ത്രിയെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

