പ്രതിപക്ഷ നേതാവിന്‍റെ പേഴ്സനൽ സ്റ്റാഫിനെ പൊലീസ് മർദിച്ചതായി പരാതി
text_fieldsആലുവ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പേഴ്സനൽ സ്റ്റാഫ് അംഗവും കെ.എസ്.യു സംസ്ഥാന സെക്രട്ടറിയുമായ എ.എ. അജ്മലിനെ പൊലീസ് മർദിച്ചതായി പരാതി. ഇന്നലെ അർധരാത്രി ആലുവ ബാങ്ക് കവലക്ക് സമീപത്ത് തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ച് നിൽക്കുമ്പോഴാണ് സംഭവം. സ്ഥലത്തെത്തിയ പൊലീസ് ഇവിടെ നിൽക്കരുതെന്നും പോകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, അതേസ്ഥലത്ത് വീണ്ടും തന്നെ കണ്ടതോടെ പ്രകോപിതരായ പൊലീസ് മർദിക്കുകയായിരുന്നുവെന്ന് അജ്മൽ പറയുന്നു.
പ്രതിപക്ഷ നേതാവിന്‍റെ 'മകള്‍ക്കൊപ്പം'-സ്ത്രീധന വിരുദ്ധ കാമ്പയിനിൽ പങ്കെടുത്ത മൊഫിയ പർവീണിന്‍റെ പിതാവ് ദിൽഷാദ് വീട്ടിലെത്തിച്ച ശേഷം മടങ്ങിവരുമ്പോഴായിരുന്നു സംഭവം. പൊലീസ് മോശമായി സംസാരിച്ചതോടെ എം.എൽ.എയെ ഫോണിൽ വിളിച്ചു പറയാൻ ശ്രമിച്ചു. ഇതിനിടെ ഫോൺ പിടിച്ചു വാങ്ങിയ പൊലീസ് മുഖത്ത് ഇടിച്ചെന്നും അജ്മൽ പറയുന്നു.
പൊലീസ് മോശമായി പെരുമാറുന്നത് ഫോണിലൂടെ എം.എൽ.എ കേട്ടിട്ടുണ്ട്. പിന്നീട് സ്ഥലത്തേക്ക് കൂടുതൽ പൊലീസ് എത്തി ആക്രമിച്ചു. 'കൂടിപ്പോയാൽ സസ്പെൻഷൻ, മര്യാദക്ക് നീയൊക്കെ ജീവിച്ചാൽ നിങ്ങൾക്ക് കൊള്ളാ'മെന്ന് എസ്.ഐ ഭീഷണിപ്പെടുത്തിയെന്നും അജ്നമൽ പറയുന്നു.
മോശമായി പെരുമാറിയെന്ന് നിയമ വിദ്യാർഥി മൊഫിയയുടെ ആത്മഹത്യകുറിപ്പിൽ പരാമർശമുള്ള ആലുവ സി.ഐ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എ അൻവർ സാദത്ത് പൊലീസ് സ്റ്റേഷന് മുമ്പിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. ഈ സമരത്തിൽ അജ്മൽ സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

