'രാഹുൽ മാങ്കൂട്ടത്തിൽ വേദിവിട്ട് പോയാൽ വരാം'; ആശ സമര സമാപനത്തിൽ രാഹുലിനോട് അടുക്കാതെ വി.ഡി. സതീശൻ, മടങ്ങിപ്പോയ രാഹുൽ ഉദ്ഘാടന ചടങ്ങിന് ശേഷം തിരിച്ചെത്തി
text_fieldsരാഹുൽ മാങ്കൂട്ടത്തിൽ, വിഡി സതീശൻ
തിരുവനന്തപുരം: ലൈംഗികാരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുമായുള്ള അകൽച്ച വീണ്ടും പ്രകടമാക്കി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
തിരുവനന്തപുരത്ത് ആശവർക്കർമാരുടെ സമര പ്രതിജ്ഞ റാലി ഉദ്ഘാടനം ചെയ്യാനെത്താൻ രാഹുൽ വേദിയിൽ നിന്ന് മടങ്ങും വരെ കാത്തിരുന്നു പ്രതിപക്ഷ നേതാവ്. ആശവർക്കർമാരുടെ സമരവേദിയിലുണ്ടായിരുന്ന രാഹുൽ പോയാലെ ചടങ്ങിനെത്തൂവെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചതായാണ് വിവരം.
തുടർന്ന് രാഹുൽ മടങ്ങുകയും പ്രതിപക്ഷനേതാവ് ചടങ്ങിലെത്തി ആശവർക്കർമാരുടെ സമര പ്രതിജ്ഞ റാലി ഉദ്ഘാടനം ചെയ്തു. വി.ഡി.സതീശൻ മടങ്ങിയ ശേഷം രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സമരവേദിയിലെത്തുകയും ചെയ്തു.
എന്നാൽ, സംഭവം രാഹുൽ നിഷേധിച്ചു. 'ഞാനിവിടെ ഉണ്ടെന്ന് അറിഞ്ഞിട്ട് തന്നെയല്ലേ പ്രതിപക്ഷ നേതാവ് ഇങ്ങോട്ട് തിരിച്ചത്, അദ്ദേഹം ഇവിടെ ഉദ്ഘാടകനാണെന്ന് അറിഞ്ഞിട്ട് തന്നെയല്ലേ ഞാനിവിടെ വന്നത്. നിങ്ങൾ അദ്ദേഹത്തെ വില കുറച്ചുകാണാൻ നിൽക്കണ്ട. ഈ സമരത്തെ പറ്റി ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്'-എന്നായിരുന്നു രാഹുൽ മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാവർക്കർമാരുടെ ആവശ്യത്തിൽ തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ആശ വർക്കർമാർമാരുടെ സമര പ്രതിജ്ഞാ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെക്രട്ടറിയേറ്റിന് മുന്നിൽ 266 ദിവസം നീണ്ടുനിന്ന ആശാ വർക്കർമാരുടെ രാപ്പകൽ സമരത്തിനാണ് ഇന്ന് സമാപനമാകുന്നത്. സമരം ജില്ലാതലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ആശാ വർക്കർമാർ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

