കോവിഡാനന്തര ചികിത്സക്ക് പണം ഈടാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ്
text_fieldsസർക്കാർ ആശുപത്രികളിൽ എ.പി.എൽ. വിഭാഗത്തിൽ പെട്ടവർക്ക് കോവിഡാനന്തര സൗജന്യ ചികിത്സ നിർത്തലാക്കുവാനുള്ള തീരുമാനം ആശ്ചര്യപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യാഥാർഥ്യബോധം ഉള്ള ഒരു സർക്കാരിനും ചെയ്യാൻ കഴിയാത്ത തെറ്റായ നടപടിയാണ് ഇതെന്നും സംസ്ഥാന സർക്കാർ തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി അതിസമ്പന്നരെ പോലും തകർത്തിരിക്കുകയാണ്. വ്യാപാര, സേവന, വ്യവസായ രംഗത്തുള്ള സംഘടിതവും അസംഘടിതവും ആയ മേഖലകൾ തൊഴിലില്ലാതെ കഷ്ടപ്പെടുകയാണ്. ഇവരുടെ ഒക്കെ ദുരിതത്തിന്റെ കണ്ണുനീർ ദിവസവും കാണുന്ന ഭരണാധികാരികൾക്ക് എങ്ങനെ ഇത്തരം തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നു എന്നത് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലക്ഷക്കണക്കിന് ആൾക്കാർ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്ന ഇക്കാലത്ത് എ.പി.എല്ലും, ബി.പി.എല്ലുമൊക്കെ സാങ്കേതികത്വം മാത്രമാണ്. ജനങ്ങൾ ആത്മഹത്യ മുനമ്പിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്‍റെ നടപടി ദുരിതമനുഭവിക്കുന്നവന്‍റെ മുതുകിൽ പിന്നെയും ഭാരം കെട്ടിവയ്ക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

