പ്രതിപക്ഷ നേതാവ് നാടിന്റെ പ്രതിപക്ഷമായി മാറരുത് -മുഖ്യമന്ത്രി
text_fieldsകേരള പൊലീസ് പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ: കേരളം വ്യവസായ സൗഹൃദമല്ലെന്ന് മന്ത്രി പദവിയിലുള്ള പ്രതിപക്ഷ നേതാവ് പരസ്യമായി പറയുകയാണെന്നും അദ്ദേഹം നാടിന്റെ വികസനത്തിന് എതിരായ പ്രതിപക്ഷമായി മാറാൻ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസംബ്ലിയിൽ ഭരണപക്ഷമുള്ളതിനാലാണ് പ്രതിപക്ഷമുണ്ടാകുന്നത്. ഭരണപക്ഷത്തിന്റെ മുന്നിലുള്ള പ്രതിപക്ഷ നേതാവ് നാടിനെ അംഗീകരിക്കാത്ത നിലയുണ്ടാവരുത്.
കാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ തയാറാവുന്ന പാർലമെന്റ് അംഗമായ കോൺഗ്രസ് നേതാവ് പരസ്യമായി കേരളത്തിന്റെ പുരോഗതി ഉയർത്തിക്കാട്ടി. നമ്മുടെ നാട് മെച്ചപ്പെട്ട അവസ്ഥയിലാകുമ്പോൾ സന്തോഷം രേഖപ്പെടുത്തിയ സ്വാഭാവിക പ്രക്രിയയാണ് ഇവിടെയുണ്ടായത്. പക്ഷേ, ഇവിടെ നടക്കുന്ന വികസനകാര്യങ്ങൾ മറച്ചുവെച്ച നിഷേധരൂപത്തിലുള്ള പ്രചാരണം അഴിച്ചുവിടാൻ താൽപര്യമുള്ളവർക്ക് ഇത് വലിയ വിഷമമുണ്ടാക്കി.
കേരളം വ്യവസായ സൗഹൃദമല്ലെന്ന് പ്രതിപക്ഷനേതാവ് പരസ്യമായി പറയുകയാണ്. വ്യവസായ സൗഹൃദമെന്നത് ഒരുദിവസം കൊണ്ട് ഉണ്ടായതല്ല. 2016ൽ എൽ.ഡി.എഫ് സർക്കാർ വരുമ്പോൾ 26ാം സ്ഥാനത്തുണ്ടായിരുന്ന സംസ്ഥാനം ഇപ്പോൾ ഒന്നാം സ്ഥാനത്തായി. ഇതിനായി വലിയ ഇടപെടലാണ് നടത്തിയത്.
ചില നിയമങ്ങളും തദ്ദേശ സ്വയം ഭരണം അടക്കമുള്ള വകുപ്പുകളിലെ ചട്ടങ്ങളും മാറ്റി. ഇതൊക്കെയാണ് കേരളത്തെ ഒന്നാമതാക്കിയത്. നിക്ഷേപ സൗഹൃദ സംസ്ഥാനമെന്നതിലെ ഒന്നാം സ്ഥാനം നമ്മൾ ശിപാർശ നടത്തി നേടിയതല്ല. കൃത്യമായ മാനദണ്ഡങ്ങൾ കേന്ദ്രസർക്കാർ പരിശോധിച്ചതാണ്. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 3.45 ലക്ഷത്തിലധികം സംരംഭങ്ങളും 29,000 കോടിയുടെ നിക്ഷേപവും 7.30 ലക്ഷം തൊഴിലവസരങ്ങളുമുണ്ടായി.
നാട് മെച്ചപ്പെടുത്താൻ ശ്രമം നടത്തുമ്പോൾ ഒന്നും ഇവിടെ നടക്കരുതെന്ന് ചിലർ പറയുന്നു. കാലത്തിനനുസരിച്ച് മാറാതെ എങ്ങനെയാണ് ഒരു നാട് മുന്നോട്ടുപോവുക. എൽ.ഡി.എഫിനോട് രാഷ്ട്രീയമായി വിരോധമാകാം. നാടിനോടും ജനങ്ങളോടുമാണ് ചിലരുടെ വിരോധമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് പെന്‍ഷനേഴ്സ് അസോ. സമ്മേളനം സമാപിച്ചു
കണ്ണൂര്‍: കേരള പൊലീസ് പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം സമാപിച്ചു. പരിശീലനകാലം സര്‍വിസായി പരിഗണിച്ച് അതിന്റെ ആനുകൂല്യം 2010ന് മുമ്പ് പെന്‍ഷനായവര്‍ക്കും നല്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ക്ഷാമാശ്വാസ കുടിശ്ശിക പ്രാബല്യം നഷ്ടമാകാതെ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂർ സാധുകല്യാണമണ്ഡപത്തിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, വി. ശിവദാസന്‍ എം.പി, ടി.ഐ. മധുസൂദനന് എം.എല്‍.എ, കണ്ണൂർ റേഞ്ച് ഡി.ഐ.ജി ജി.എച്ച്. യതീഷ് ചന്ദ്ര എന്നിവർ മുഖ്യാതിഥികളായി. ഞായറാഴ്ച രാവിലെ ജനപ്രതിനിധി സംഗമവും സെമിനാറും വനിത കമീഷന് ചെയര്പേഴ്സൻ പി. സതീദേവി ഉദ്ഘാടനം ചെയ്തു.
ഭാരവാഹികൾ: കെ.കെ. ജോസ് (പ്രസി.), സി.കെ. ഉത്തമന്, കെ.വി. കൃഷ്ണന്, എല്‍. സജന്‍ദാസ് (വൈസ് പ്രസി.), കെ. രാജന് (ജന. സെക്ര.), പി.സി. രാജന്, സണ്ണി ജോസഫ്, പി.വി. പുഷ്പന് (ജോ. സെക്ര.), എം.പി. ഏയ്ഞ്ചല്‍ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

