'തെരഞ്ഞെടുപ്പ് കാലത്ത് നാടൊട്ടുക്കും നടന്ന് നൽകിയ വാഗ്ദാനങ്ങളുടെ പച്ചയായ ലംഘനം'; ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ മരണത്തിൽ പ്രതിപക്ഷ നേതാവ്
text_fieldsതിരുവനന്തപുരം: മലപ്പുറം കിഴിശ്ശേരിയില്‍ കൊണ്ടോട്ടി സബ് ആര്‍.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും അഴിമതിയിലും മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഒരു സാധാരണ തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം തടഞ്ഞുവെച്ച് മരണത്തിലേക്ക് തള്ളിവിടുകയാണ് ഉദ്യോഗസ്ഥർ ചെയ്തിരിക്കുന്നത്.
ഏജന്റുമാർ മുഖേനയല്ലാതെ നേരിട്ട് ആർ.ടി ഓഫീസിനെ സമീപിച്ചു എന്നതും കൈക്കൂലി നൽകാൻ തയ്യാറായില്ല എന്നതുമാണ് ഷൗക്കത്തലി ചെയ്ത തെറ്റ്. മുൻപ് ഇതേ അവസ്ഥയിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്ന വാഹനത്തിന്, നിസ്സാരമായ ബോഡി വർക്കിന്റെയും മോഡിഫിക്കേഷന്റെയും പേരുപറഞ്ഞ് പത്തു മാസത്തോളമാണ് സർട്ടിഫിക്കറ്റ് നിഷേധിച്ചത്. വാഹനം നിരത്തിലിറക്കാൻ കഴിയാതെ വന്നതോടെ ബാങ്ക് വായ്പാ അടവുകൾ മുടങ്ങുകയും അദ്ദേഹത്തിന്റെ സിബിൽ സ്കോർ തകരുകയുമുണ്ടായി. ജീവിക്കാൻ മറ്റു വഴികളില്ലാതെ ഉപജീവനമാർഗ്ഗം പൂർണ്ണമായും അടഞ്ഞപ്പോഴാണ് ആ ചെറുപ്പക്കാരന് സ്വന്തം ജീവൻ ഉപേക്ഷിക്കേണ്ടി വന്നത്.
വാഹന മോഡിഫിക്കേഷൻ നിയമങ്ങളിലും ബോഡി വർക്കുകളിലുമുള്ള അപ്രായോഗികമായ വ്യവസ്ഥകൾ ഒഴിവാക്കി ഇളവുകൾ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചവർ, അധികാരത്തിലെത്തിയപ്പോൾ ആ വാഗ്ദാനങ്ങളെല്ലാം കാറ്റിൽപ്പറത്തി. അനുവദനീയമായ മോഡിഫിക്കേഷനുകളിൽപ്പോലും മോട്ടോർ വാഹന വകുപ്പിന്റെ അനാവശ്യ വേട്ടയാടലുകളാണ് ഇപ്പോൾ നടക്കുന്നത്. ഏജന്റ് മാഫിയകൾക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും സർവ്വ സ്വാതന്ത്ര്യവും നൽകി സാധാരണക്കാരായ തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന നയമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്.
കേവലം ഒരന്വേഷണ പ്രഹസനം കൊണ്ട് ഈ വിഷയത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവനും ജീവനോപാധിക്കും ഭീഷണിയാകുന്ന ഈ ജനദ്രോഹ സമീപനം സർക്കാർ തിരുത്തിയേ തീരൂ. ഷൗക്കത്തലിയുടെ മരണത്തിന് ഉത്തരവാദികളായ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും, അനാഥമായ ആ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായവും അർഹമായ നഷ്ടപരിഹാരവും ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

