പ്രേമചന്ദ്രനെ പ്രതിരോധിച്ച് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ നിയമസഭയിൽ പ്രതിരോധിച്ച് പ്രതിപക്ഷം. നിതിൻ ഗഡ്കരിക്ക് മുഖ്യമന്ത്രി ആതിഥ്യമരുളിയതും ‘എമ്മിന്’ ഭൂമി അനുവദിച്ചതും ഉന്നയിച്ചായിരുന്നു പ്രതിരോധം. പ്രേമചന്ദ്രനെ ചൂണ്ടി ബജറ്റ് ചർച്ചയിൽ ഭരണപക്ഷം വ്യാപകമായി പ്രതിപക്ഷത്തെ കടന്നാക്രമിച്ചിരുന്നു.
ചർച്ചക്കൊടുവിലാണ് പ്രതിപക്ഷനേതാവ് മറുപടി നൽകിയത്. എന്‍.കെ. പ്രേമചന്ദ്രന്‍ പ്രധാനമന്ത്രി വിളിച്ച വിരുന്നിന് പോയതോടെ യു.ഡി.എഫും സംഘ്പരിവാറും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലാണ് ചിലര്‍ പറയുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് വിളിച്ചാല്‍ താനും പോകാറുണ്ടെന്നും സതീശൻ പറഞ്ഞു. ആര്‍.എസ്.എസ് മേധാവിയുടെ മാനസപുത്രനും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്ക്കരിക്കും കുടുംബത്തിനും മുഖ്യമന്ത്രി പിണറായി വിജയന്‍ വിരുന്ന് ഒരുക്കിയില്ലേ.
‘എം’ എന്നയാളുടെ മധ്യസ്ഥതയില്‍ മാസ്‌കറ്റ് ഹോട്ടലില്‍ ആര്‍.എസ്.എസ് നേതാക്കളും മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ച എന്തിന് വേണ്ടിയാണെന്ന് ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ എമ്മിന് നാലേക്കര്‍ പതിച്ചുകൊടുക്കുകയും ചെയ്തു. അതേക്കുറിച്ച് ആര്‍ക്കും അറിയില്ല. ഇനി പ്രേമചന്ദ്രനെതിരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കി നാല് വിരലുകളും സ്വന്തം നെഞ്ചത്തേക്കാണെന്ന് ഓര്‍ക്കണമെന്നും സതീശൻ പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രി പ്രതിപക്ഷനേതാവിനെ കൂടിക്കാഴ്ചക്ക് ക്ഷണിക്കുന്നത് പോലെ ഇതിനെ കാണാനാവില്ലെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു. എൻ.ഡി.എയിലുള്ള എം.പിമാരെയും ഇന്ത്യ മുന്നണിയിൽ ചേരാത്ത പ്രതിപക്ഷ എം.പിമാരെയും വിളിച്ച കൂട്ടത്തിലാണ് പ്രേമചന്ദ്രനെയും ക്ഷണിച്ചത്. ആ രാഷ്ട്രീയം തിരിച്ചറിയാൻ എം.പിക്ക് കഴിഞ്ഞില്ല. ഇതൊരു മുന്നറിയിപ്പാണ്. ശ്രദ്ധിച്ചാൽ യു.ഡി.എഫിന് കൊള്ളാമെന്നും ബാലഗോപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

