പ്രതിപക്ഷ ഉപനേതൃപദവി: ഉഭയകക്ഷി ചർച്ച പൊളിഞ്ഞു; ചർച്ച പരസ്യമാക്കിയതിൽ സി.പി.എമ്മിന് അതൃപ്തി
text_fieldsപ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് എം.എൻ സ്മാരകത്തിൽ ചർച്ച നടത്തി മടങ്ങുന്ന എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനെ യാത്രയാക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം -പി.ബി. ബിജു
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി സംബന്ധിച്ച് സി.പി.എം - സി.പി.ഐ ഉഭയകക്ഷി ചർച്ച പൊളിഞ്ഞു. പദവി വേണമെന്ന നിലപാടിൽ സി.പി.ഐ ഉറച്ചുനിന്നതോടെ ഇരുകക്ഷികളും തമ്മിൽ ധാരണയിലെത്താനായില്ല. തുടർചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാമെന്ന നിലപാടിലാണ് അവസാനം ഇരുപാർട്ടികളുമെത്തിയത്.
ചൊവ്വാഴ്ച ഉച്ച രണ്ടോടെയാണ് ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ സി.പി.ഐ ആസ്ഥാനമായ എം.എൻ. സ്മാരകത്തിലെത്തിയത്. സംസ്ഥാന എക്സിക്യൂട്ടിവ് നടക്കുന്നതിനാൽ സി.പി.ഐയുടെ പ്രധാനപ്പെട്ട നേതാക്കളെല്ലാം എം.എൻ. സ്മാരകത്തിലുണ്ടായിരുന്നു. പ്രതിപക്ഷ ഉപനേതൃസ്ഥാനം സി.പി.എമ്മിന് അവകാശപ്പെട്ടതാണെന്നും സി.പി.ഐ പറഞ്ഞുകൊണ്ടിരിക്കുകയേയുള്ളൂവെന്നുമുള്ള നിലപാടിൽനിന്ന് ഒരടി സി.പി.എം പിന്നോട്ട് പോയെങ്കിലും വിട്ടുവീഴ്ചക്ക് തയാറാല്ലെന്ന നിലപാടാണ് സി.പി.ഐ സ്വീകരിച്ചത്. സംസ്ഥാന എക്സിക്യൂട്ടിവിലടക്കമുണ്ടായ കടുത്ത നിലപാടിന്റെ പ്രതിഫലനമാണ് ഉഭയകക്ഷി ചർച്ചയിലും സി.പി.ഐ ആവർത്തിച്ചത്. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും മുൻകാല കീഴ്വഴക്കങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു സി.പി.എമ്മിന്റെ അവകാശവാദം.
അതേസമയം, ഉഭയകക്ഷി ചർച്ച സി.പി.ഐ പരസ്യപ്പെടുത്തിയതിൽ കടുത്ത അമർഷത്തിലാണ് സി.പി.എം. ചൊവ്വാഴ്ച ചർച്ച നടക്കാനിരിക്കെ, ഇക്കാര്യം മുന്നണി കൺവീനർ മാധ്യമങ്ങളോട് പരസ്യമായി നിഷേധിക്കുന്ന സമീപനം വരെയുണ്ടായി. മുന്നണിയിൽ ആഭ്യന്തരമായി നടക്കേണ്ട ചർച്ച സി.പി.ഐ പരസ്യപ്പെടുത്തിയത് ശരിയായില്ലെന്നാണ് സി.പി.എം നിലപാട്. പുറത്തൊരു സംവാദ വിഷയമാക്കേണ്ട കാര്യമല്ല ഇതെന്നും ചർച്ചയിലൂടെ പരിഹരിക്കേണ്ടതാണെന്നുമുള്ള ടി.പി. രാമകൃഷ്ണന്റെ പ്രതികരണത്തിൽ ഈ അതൃപ്തി നിഴലിക്കുന്നു.
എം.എൻ സ്മാരകത്തിലെത്തി ചർച്ച നടത്തിയാലും പദവി കൈവിട്ടുള്ള ഒത്തുതീർപ്പിന് സി.പി.ഐ ഒരുക്കമല്ലെന്ന നിലയിൽ സെക്രട്ടറി ബിനോയ് വിശ്വം ഞായറാഴ്ച നടത്തിയ പരസ്യ പ്രതികരണം സി.പി.എമ്മിനെ ശരിക്കും പൊള്ളിച്ചിരുന്നു. ഇതും അമർഷത്തിന് കാരണമായി. തുടർചർച്ചകളിലൂടെ വിഷയം അനുകൂല പരിഹാരത്തിൽ എത്തിക്കാനാണ് സി.പി.എം ശ്രമം. പ്രതിപക്ഷ ഉപനേതൃപദവിയിലേക്ക് കെ.എൻ. ബാലഗോപാലിനെയാണ് സി.പി.എം ഉദ്ദേശിക്കുന്നത്. മറുഭാഗത്ത് കെ. രാജനെയും.
കൂടിയാലോചനകളിലൂടെ പരിഹരിക്കും -ടി.പി
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി കാര്യത്തിൽ സി.പി.ഐയും സി.പിഎമ്മും നിലപാട് വ്യക്തമാക്കിയെന്നും പ്രശ്നം രണ്ടു പാർട്ടികളും പരസ്പരം സംസാരിച്ച് കൂടിയാലോചനയിലൂടെ പരിഹരിക്കുമെന്നും മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ. തീരുമാനമുണ്ടായോ ഇല്ലയോ എന്നത് പറയാനായിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള ഭിന്നതയോ മറ്റു പ്രശ്നങ്ങളോ മുന്നണിയിലില്ല. നല്ല കരുത്തോടെതന്നെ മുന്നണി മുന്നോട്ടു പോകും. അക്കാര്യത്തിൽ ഒരു ഉത്കണ്ഠയും ആർക്കും വേണ്ട. ചർച്ചചെയ്യുന്ന കാര്യങ്ങൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പറയുക തങ്ങളുടെ രീതിയല്ല. അതുകൊണ്ട് പറയേണ്ട സമയത്ത് പറയേണ്ട കാര്യങ്ങളെല്ലാം പറയുമെന്നും ടി.പി വ്യക്തമാക്കി.
സി.പി.എമ്മിനും സി.പി.ഐക്കും ഒരേ രാഷ്ട്രീയം -ബിനോയ്
തിരുവനന്തപുരം: സി.പി.ഐക്കും സി.പി.എമ്മിനും ഒരേ രാഷ്ട്രീയമാണ്. അത് എൽ.ഡി.എഫ് രാഷ്ട്രീയമാണ്. ഈ രാഷ്ട്രീയം ശക്തിപ്പെടുത്തി മുന്നോട്ടു പോകാൻ പറ്റുമെന്ന ബോധ്യം സി.പി.ഐക്കും സി.പി.എമ്മിനുമുണ്ട്. ഇതടക്കം എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

