
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തട്ടിപ്പെന്ന് പ്രതിപക്ഷം; കരിനിയമം പിൻവലിക്കും വരെ പ്രതിഷേധം
text_fieldsതിരുവനന്തപുരം: വിവാദമായ പൊലീസ് നിയമ ഭേദഗതി പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചെങ്കിലും പ്രതിഷേധവുമായി മുന്നോട്ടുപോകാൻ പ്രതിപക്ഷം. കരിനിയമം പിൻവലിക്കും വരെ പ്രതിഷേധം തുടരും. ഇതിെൻറ ഭാഗമായി സംസ്ഥാനത്തെ എല്ലാ വർഡുകളിലും നവംബർ 25ന് പ്രതിഷേധ ധർണ നടത്തുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ അറിയിച്ചു.
പൊലീസ് നിയമത്തിൽ വരുത്തിയ ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളെ വിഡ്ഡികളാക്കുന്നതും നിയമവിരുദ്ധവുമാണ്. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതോടെ അത് നിയമമായി കഴിഞ്ഞു. അത് നടപ്പാക്കില്ലെന്ന് പറയുന്നത് നിയമലംഘനമാണ്.
ഓർഡിനൻസ് പൂർണമായും പിൻവലിക്കണമെന്നാണ് യു.ഡി.എഫിെൻറ ആവശ്യം. ഭേദഗതി പിൻവലിക്കാനുള്ള തീരുമാനം എടുക്കേണ്ടത് മന്ത്രിസഭയാണ്. തുടർന്ന് ഗവർണർ ഒപ്പിട്ടാൽ മാത്രമാണ് ഇത് പിൻവലിക്കാനാവൂ.
എല്ലാവരുടെയും അഭിപ്രായം കേട്ട് നിയമസഭയിൽ ചർച്ചചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളെ വിഡ്ഡികളാക്കുന്നതിന് തുല്യമാണ്. തൽക്കാലം മുഖംരക്ഷിക്കാനാണ് ഇങ്ങനെ പറയുന്നത്. കാബിനറ്റ് ചേർന്ന് നിയമം പിൻവലിക്കും വരെ കരിനിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും.
മുഖ്യമന്ത്രി നിയമോപദേശം തേടാതെയാണ് പ്രഖ്യാപനം നടത്തിയതെന്ന് സംശയമുണ്ടെന്നും എം.എം. ഹസ്സൻ പറഞ്ഞു. നിയമഭേദഗതി പിൻവലിച്ച മുഖ്യമന്ത്രിയുടെ നിലപാട് തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.