ഭരണഘടനാപരമായ ജോലി തടസ്സപ്പെടുത്തരുതെന്ന് ഗവർണർ
text_fieldsഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു
തിരുവനന്തപുരം: 'ഭരണഘടനാപരമായ എെൻറ ജോലിയാണ് ഞാൻ ചെയ്യുന്നത്, ദയവ് ചെയ്ത് അതിനെ തടസ്സപ്പെടുത്തരുത്' നയപ്രഖ്യാപനപ്രസംഗത്തിനിടെ സർക്കാറിെൻറയും സ്പീക്കറുെടയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ ബഹളമുണ്ടാക്കിയപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാെൻറ ആദ്യപ്രതികരണം.
ഗവർണറുടെ നടപടികളെ തടസ്സപ്പെടുത്താതെയുള്ള പ്രവർത്തനങ്ങൾ അംഗങ്ങളിൽ നിന്നുണ്ടാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഇത് കേട്ടിട്ടും പ്രതിപക്ഷാംഗങ്ങൾ ബഹളം തുടർന്നു. പ്രസംഗം തുടർന്ന ഗവർണർ വീണ്ടും പ്രതിപക്ഷാംഗങ്ങളുടെ നടപടികളെ വിമർശിച്ചു.
പിന്നീട് യുവ എം.എൽ.എമാരുടെ പ്രതിഷേധം സ്പീക്കറുടെ ഡയസിന് അരികിലേക്ക് നീങ്ങിയപ്പോൾ അത് ഗവർണറെ ശരിക്കും ചൊടിപ്പിച്ചു. 'നിങ്ങൾ നിരവധി മുദ്രാവാക്യങ്ങൾ വിളിച്ചുകഴിഞ്ഞു, ദയവ് ചെയ്ത് എെൻറ പ്രസംഗത്തെ തടസ്സപ്പെടുത്തരുത്' -ഗവർണർ ആവർത്തിച്ചു. അതോടെയാണ് യു.ഡി.എഫ് അംഗങ്ങൾ 10 മിനിറ്റ് നേരം പ്രസംഗം കേട്ട ശേഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്.
കേരളീയശൈലിയിലുള്ള വസ്ത്രമായ വെള്ളഷർട്ടും കോടിമുണ്ടും ഷാളുമണിഞ്ഞാണ് ഗവർണറെത്തിയത്. രണ്ട് മണിക്കൂറും 10 മിനിറ്റും നീണ്ട തെൻറ പ്രസംഗത്തിനൊടുവിൽ മാത്രമാണ് അദ്ദേഹം വെള്ളം കുടിച്ചതെന്നതും ശ്രദ്ധേയം. വെള്ളം കൊണ്ടുവന്നുതന്നയാളോട് നന്ദി പ്രകടിപ്പിച്ചപ്പോൾ പ്രസംഗം അവസാനിച്ചെന്ന് കരുതി ദേശീയഗാനം ആലപിക്കാൻ പൊലീസ് ബാൻഡ്സംഘം ചാടിയെഴുന്നേറ്റതും ഗൗരവാന്തരീക്ഷത്തിൽ രസകരമായ കാഴ്ചയായി.