പിണറായിക്കെതിരായ എതിർപ്പ്: പ്രകടമായത് തിരിച്ചടികളിലെ അമർഷം
text_fieldsതിരുവനന്തപുരം: പാർട്ടിയുടെ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ബലികൊടുത്ത് മുഖ്യമന്ത്രിയുണ്ടാക്കുന്ന ഏകപക്ഷീയ ഒത്തുതീർപ്പുകളിലെ രാഷ്ട്രീയ തിരിച്ചടികളെ ചൊല്ലിയുള്ള അമർഷങ്ങളാണ് സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിൽ അദ്ദേഹത്തിനെതിരായ കടുത്ത എതിർപ്പായി ഉയർന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സംഘ്പരിവാർ അജണ്ടകൾ അടിച്ചേൽപിക്കൽ, ആർ.എസ്.എസ് തിട്ടൂരങ്ങളുള്ള ദേശീയ വിദ്യാഭ്യാസ നയം അംഗീകരിപ്പിക്കൽ, തൊഴിൽ നിയമങ്ങളാകെ അട്ടിമറിക്കുന്ന ലേബർ കോഡുകൾ തുടങ്ങിയവക്കെതിരെയാണ് അടുത്ത കാലത്തായി സി.പി.എമ്മും ഇടതു പാർട്ടികളാകെയും ജനകീയ കാമ്പയിനുകളും പ്രക്ഷോഭങ്ങളും ഏറ്റെടുത്തത്.
ഒരു വർഷത്തിലേറെയായി എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും എ.ഐ.എസ്.എഫും എ.ഐ.വൈ.എഫുമെല്ലാം ഗവർണറിലൂടെ വിദ്യാഭ്യാസ രംഗത്ത് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനെതിരെ സമരം തുടരുകയുമാണ്. വാർത്തസമ്മേളനങ്ങളിലും പൊതുയോഗങ്ങളിലും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും ഇക്കാര്യങ്ങളിൽ അതിശക്തമായ നിലപാട് ആവർത്തിക്കുകയുമാണ്. ഇതിനിടെയാണ് പിണറായി വിജയന്റെ ഓരോന്നിലുമുള്ള ഒത്തുതീർപ്പുകൾ രാഷ്ട്രീയ തിരിച്ചടികളായി മാറുന്നതും പാർട്ടി അംഗങ്ങൾ പോലും കമ്മിറ്റികളിൽ ചോദ്യം ചെയ്യുന്നതും. രാഷ്ട്രീയ നിലപാടുള്ള വിഷയങ്ങളടക്കം പാർട്ടിയിലും മുന്നണിയിലും മന്ത്രിസഭയിലും ചർച്ചചെയ്യാതെ മുഖ്യമന്ത്രി പൊടുന്നനെ കരണംമറിയുന്നതോടെ അതുവരെ എതിർത്തതിനെ ഇരുട്ടി നേരം വെളുക്കുമ്പോൾ ന്യായീകരിക്കേണ്ട ബാധ്യതയിലാണ് പാർട്ടി.
സി.പി.എം -ബി.ജെ.പി ഡീലെന്ന പ്രതിപക്ഷ ആരോപണത്തെയടക്കം പ്രതിരോധിക്കാനാവാത്ത ദുർബലാവസ്ഥക്കിടെയാണ് പി.എം ശ്രീയിലെ ഒപ്പുവെക്കലിൽ മുന്നണി വിടേണ്ട സാഹചര്യമുണ്ടായാലും പിന്നോട്ടില്ലെന്ന നിലപാട് സി.പി.ഐ സ്വീകരിച്ചത്. മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തിയിട്ടും അന്ന് സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വം ഒരടി പിന്നോട്ടുപോവാത്തതോടെ, നേരത്തെ എതിർത്ത പദ്ധതിയെ ന്യായീകരിക്കുകയും പിന്നീട് തള്ളുകയുമായിരുന്നു പാർട്ടി. ഇത് ന്യൂനപക്ഷ വിഭാഗങ്ങളിലടക്കം നിലപാടില്ലാത്ത പാർട്ടിയെന്ന പഴിയാണ് സി.പി.എമ്മിന് സമ്മാനിച്ചത്. ഇതിന്റെ അലയൊലി തെരഞ്ഞെടുപ്പിലുമുണ്ടായി. പിന്നാലെയാണ് ഇതുവരെ എതിർത്ത ഡോ. സിസ തോമസിനെ വി.സിയായി അംഗീകരിച്ച് ഗവർണറുമായി മുഖ്യമന്ത്രി സമവായമുണ്ടാക്കിയത്. പാർട്ടിയിൽ ആലോചിക്കാതെയാണ് മുഖ്യമന്ത്രി ഗവർണർക്ക് മുന്നിൽ പോയി കീഴടങ്ങിയത് എന്നതാണ് ശ്രദ്ധേയം. സമവായ ഫോർമുല എന്തായിരുന്നു എന്ന ചോദ്യത്തിന് മുഖ്യമന്ത്രി വാർത്തസമ്മേളനം നടത്തുമ്പോൾ ചോദിച്ചോളൂ എന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു മാധ്യമങ്ങളോട് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

