ദേശീയപാത, വിഴിഞ്ഞം വികസനത്തിൽ സര്‍ക്കാറിന്‍റെ അവകാശവാദം എട്ടുകാലി മമ്മൂഞ്ഞിന്റേതു പോലെ -വി.ഡി. സതീശൻ
text_fieldsകോട്ടയം: ദേശീയപാതയുടെയും വിഴിഞ്ഞത്തിന്റെയും പേരില്‍ പ്രോഗ്രസ് കാര്‍ഡില്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്ന അവകാശവാദം എട്ടുകാലി മമ്മൂഞ്ഞിന്റേതു പോലെയാണെന്ന് പ്രതിപ്രക്ഷ നേതാവ് വി.ഡി. സതീശൻ. സ്വയം പുകഴ്ത്തല്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കി ജനങ്ങളെ കബളിപ്പിക്കാമെന്ന് കരുതേണ്ട. ഹൈവേ വീഴുന്നതു പോലെയാണ് സര്‍ക്കാറിന്റെ വ്യാജ അവകാശവാദങ്ങളും നിലം പൊത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും മുന്നണിയുടെ അടിത്തറ വിപുലപ്പെടുത്തുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്നും കോട്ടയം പ്രസ് ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ വി.ഡി. സതീശൻ പറഞ്ഞു.
“സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തില്‍ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ട് ഒരു പുകഴ്ത്തല്‍ റിപ്പോര്‍ട്ടാണെങ്കിലും എന്തൊക്കെ ചെയ്തില്ല എന്ന യാഥാര്‍ത്ഥ്യമാണ് പുറത്തുവന്നിരിക്കുന്നത്. ഹൈവെ തകരുന്നതിന് മുന്‍പ് റിപ്പോര്‍ട്ട് തയാറാക്കിയതിനാല്‍ ദേശീയപാത പണിതു എന്നതാണ് ഏറ്റവും വലിയ അവകാശവാദം. ഇതിനിടെ 'അ' മുതല്‍ 'ക്ഷ' വരെ കേന്ദ്ര സര്‍ക്കാരാണെന്നും സംസ്ഥാനത്തിന് ഒരു പങ്കുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നൂറോളം സ്ഥലത്താണ് ഇപ്പോള്‍ വിള്ളല്‍ വീണത്. ഒലിച്ചു പോകുന്ന മണ്ണില്‍ പണിത നിര്‍മ്മിതികള്‍ തകര്‍ന്നു വീഴുന്നതു പോലെ കാലിനടിയില്‍ നിന്നും മണ്ണ് ചോര്‍ന്ന് പൊയ്‌ക്കൊണ്ടിരിക്കുമ്പോഴും ഈ സര്‍ക്കാര്‍ കെട്ടിപ്പൊക്കിയ വ്യാജ അവകാശവാദങ്ങളും നിലപതിച്ചു കൊണ്ടിരിക്കുകയാണ്. ഹൈവെ വീഴുന്നതു പോലെയാണ് സര്‍ക്കാരിന്റെ അവകാശവാദങ്ങളും പൊളിഞ്ഞു വീഴുന്നത്.
അടുത്ത മഴയില്‍ ഇനിയും വിള്ളലുകളുണ്ടാകും. അശാസ്ത്രീയ നിര്‍മിതികളാണ് ദേശീയ പാതയിലുള്ളത്. സൂഷ്മമായി നിരീക്ഷിക്കുകയാണെന്നും എല്ലാ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പറഞ്ഞു കൊണ്ടിരുന്നത്. ഞങ്ങളുടേതാണ് റോഡെന്ന് അവകാശപ്പെട്ടിരുന്നവരെ ഈ വിള്ളല്‍ കണ്ടെത്തിയതിനു ശേഷം കാണാനില്ല. ഒരു അവകാശവാദവുമില്ല. വിള്ളലുള്ള സ്ഥലത്ത് പോയി റീല്‍സ് എടുത്താല്‍ കുറച്ചു കൂടി നന്നാകും.
സര്‍ക്കാരിന്റെ അടുത്ത അവകാശവാദം വിഴിഞ്ഞം പദ്ധതിയിലാണ്. 4,000 പേജുകളുള്ള പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട് ഉണ്ടാക്കിയതും അത് കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് അംഗീകരിപ്പിച്ചതും ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണ്. അംഗീകാരം കിട്ടി 24 മണിക്കൂറിനകം ആഗോള ടെന്‍ഡര്‍ വിളിച്ചു. 646 കോടി ചെലവഴിച്ച് പദ്ധതിക്ക് വേണ്ടിയുള്ള 90 ശതമാനം സ്ഥലവും ഏറ്റെടുത്തു നല്‍കി. ആയിരം ദിവസത്തിനകം നിര്‍മാണം തീര്‍ക്കാനുള്ള കൗണ്ട് ഡൗണും ആരംഭിച്ച് പണിയും തുടങ്ങി. 2019-ല്‍ തീരേണ്ട പണി 2025 വരെ വൈകിപ്പിച്ചു എന്നതു മാത്രമാണ് പിണറായി സര്‍ക്കാറിന്റെ ക്രെഡിറ്റ്.
ദേശീയപാതയുടെയും വിഴിഞ്ഞത്തിന്റെയും പേരില്‍ പ്രോഗ്രസ് കാര്‍ഡില്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്ന അവകാശവാദം എട്ടുകാലി മമ്മൂഞ്ഞിന്റേതാണ്. ഇപ്പോള്‍ ഹൈവെ ഇട്ടിട്ട് ഓടി. ഇനിയും വീഴും എന്നതു കൊണ്ടാണ് ഇട്ടിട്ട് ഓടിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പണിത പാലാരിവട്ടം പാലത്തിന്റെ ടാറിങ് പൂര്‍ത്തിയാക്കിയത് പിണറായി സര്‍ക്കാരാണ്. ആ പാലം തകര്‍ന്നു വീണില്ല. എന്നാല്‍ അപാകതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ എന്തൊക്കെ പ്രചരണങ്ങളാണ് നടത്തിയത്. മന്ത്രിയെ വരെ വിജിലന്‍സ് കേസില്‍പ്പെടുത്തി. ഇപ്പോള്‍ നൂറിലധികം സ്ഥലത്ത് വിള്ളല്‍ വീണിട്ടും കേന്ദ്ര സര്‍ക്കാരിനെയോ എന്‍.എച്ച്.എ.ഐയെയോ പറ്റി സംസ്ഥാന സര്‍ക്കാരിനില്ല.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നല്ല വിജയമുണ്ടാകും. എല്ലാ തെരഞ്ഞെടുപ്പുകളിലും സര്‍ക്കാറിനെയും പ്രതിപക്ഷത്തെയും ജനം വിലയിരുത്തും. കഴിഞ്ഞ തവണ കൊവിഡ് വന്നത് കൊണ്ടാണ് പരാജയമുണ്ടായത്. എങ്കിലും 40 ശതമാനം തദ്ദേശ സ്ഥാപനങ്ങളും ഭരിക്കുന്നത് യു.ഡി.എഫാണ്. അത് ഇത്തവണ 60 ശതമാനത്തിനും മുകളിലാക്കും. യു.ഡി.എഫിന്റെ അടിത്തറ വിപുലപ്പെടുത്തും. വിസ്മയം ഉണ്ടാക്കുന്ന പ്രഖ്യാപനങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും” -വി.ഡി. സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിക്ക് ജന്മദിനാശംസ നേര്‍ന്ന് പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് പ്രതിപക്ഷ നേതാവ് ജന്മദിനാശംസകള്‍ നേര്‍ന്നു. ആയുസും ആരോഗ്യവും ഉണ്ടാകട്ടേയെന്ന് ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

