Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓപ്പറേഷൻ തൂഫാൻ, ദി...

ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ടക്കൊരുങ്ങി ആഭ്യന്തരവകുപ്പ്

text_fields
bookmark_border
ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ടക്കൊരുങ്ങി ആഭ്യന്തരവകുപ്പ്
cancel
camera_alt

മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: തലമുറകളെ തന്നെ ഇല്ലാതാക്കുന്ന ലഹരി മാഫിയയുടെ വേരറുക്കാനായി കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ട ‘ഓപ്പറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ട്’ൻ്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 02, ചെവ്വാഴ്ച്ച നടക്കും. ആഭ്യന്തരമന്ത്രിയായി ചുമതല ഏറ്റെടുത്ത ആദ്യ മണിക്കൂറുകളിൽ തന്നെ മന്ത്രി രമേശ് ചെന്നിത്തല പൊലീസ് ആസ്ഥാനത്തുവച്ച് ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ചിരുന്നു. യു.ഡി.എഫ് സർക്കാരിൻ്റെ ആദ്യ വലിയ പദ്ധതിയായ ഓപ്പറേഷൻ തൂഫാനിലൂടെ ലഹരിമാഫിയകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ വലിയൊരു ജനകീയ പ്രതിരോധം തീര്‍ക്കുക എന്നിവയാണ് കേരള പൊലീസ് ലക്ഷ്യമിടുന്നത്. ഇതിനായി സർക്കാരിൻ്റെ വിവിധ വകുപ്പുകളുടെ ഏകോപനം ആഭ്യന്തരവകുപ്പ് നിർവഹിക്കും.

സിന്തറ്റിക് ഡ്രഗ്‌സിന്റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാൻ ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ലഹരി മാഫിയകൾക്ക് നിയമത്തിന്റെ കർക്കശമായ മുന്നറിയിപ്പ് നൽകുന്നതിനൊപ്പം സാധാരണക്കാർക്ക് പൂർണ്ണ സുരക്ഷിതത്വബോധം ഉറപ്പാക്കാനും ഈ ദൗത്യം ലക്ഷ്യമിടുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാൻ ആധുനിക അന്വേഷണ രീതികളും ദക്ഷിണേന്ത്യയിലെ വിവിധ ആഭ്യന്തര വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കും. ലഹരി മരുന്ന് വ്യാപനം വേരോടെ അറുക്കാനും ഇവയുടെ ഉപയോഗത്തെക്കുറിച്ച് അതിവേഗം വിവരം ലഭ്യമാക്കാനും വേണ്ടി ഒരു ഡിജിറ്റൽ എനേബിൾഡ് സിസ്റ്റം സ്ഥാപിക്കും.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതമായി കൈമാറാൻ ആപ്പുകളും വാട്സാപ്പ് ചാറ്റ്‌ബോട്ടുകളും അടങ്ങുന്ന വിപുലമായ ഡിജിറ്റൽ സർവൈലൻസ് സംവിധാനം സജ്ജമാക്കും. ക്യാമ്പസുകളിലെയും റസിഡൻഷ്യൽ മേഖലകളിലെയും മലിനജല പരിശോധന വഴി ഹോട്ട്‌സ്പോട്ടുകൾ കണ്ടെത്തി ഡ്രോണുകളുടെ സഹായത്തോടെ സ്മാർട്ട് പട്രോളിംഗ് നടത്താനും പദ്ധതിയുണ്ട്. കൂടാതെ സ്കൂൾ തലത്തിൽ പ്രത്യേക കരിക്കുലം നടപ്പിലാക്കിയും ലഹരി മാഫിയയിൽ നിന്ന് സ്വത്തുക്കൾ കണ്ടുകെട്ടിയും ലഹരിക്കെതിരായ പോരാട്ടത്തെ ഒരു ജനകീയ മുന്നേറ്റമാക്കി മാറ്റാനാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്.

കുട്ടികളെ ലഹരിക്ക് ഇരയാക്കുന്ന സംഘങ്ങളെ വേരോടെ പിഴുതെറിയാൻ ആവശ്യമായ നടപടികൾ കേരള പൊലീസ് ഓപ്പറേഷൻ തൂഫാനിലൂടെ സ്വീകരിക്കും. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, വിൽക്കുന്നവർ, ഉറവിടങ്ങൾ, പ്രചാരകർ എല്ലാം കർശന നിരീക്ഷണത്തിലാക്കും. അന്തർസംസ്ഥാന ലഹരി മാഫിയക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരുമായി ഏകോപിതമായി പ്രവർത്തിക്കും. കെമിക്കൽ, സിന്തറ്റിക് നാർക്കോട്ടിക്‌സ്, ഹൈബ്രിഡ് ഗഞ്ച എന്നിവയുടെ ഒഴുക്ക് തടയാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. സ്കൂൾ പരിസരങ്ങളിലെ പുകയില വിൽപനക്കും ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ഡി.ജെ. പാർട്ടികൾ, കായലുകളിലെയും കടലിലെയും പാർട്ടികളിലെയും ലഹരി ഉപയോഗത്തിനും വിൽപനക്കുമെതിരെ കർശന നടപടി സ്വീകരിക്കും.

‘ഓപ്പറേഷന്‍ തൂഫാന്‍'ന് ജൂൺ 2ന്‌ ഔദ്യോഗിക തുടക്കമാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട്‌ മൂന്നിന്‌ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി. ഡി. സതീശന്‍ നിര്‍വ്വഹിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ. മുരളീധരന്‍, വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്‍, എക്‌സൈസ് മന്ത്രി എം. ലിജു, ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ, സംസ്ഥാന പൊലീസ്‌ മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaUDFKeralaOperation Toofan
News Summary - Operation Toofan, The Narco Hunt: Home Department gears up for South India's biggest drug hunt
Next Story