Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓപറേഷൻ തൂഫാൻ: ജില്ല-സബ്ഡിവിഷൻ തലങ്ങളിൽ പ്രത്യേകദൗത്യ സംഘങ്ങൾ വരുന്നു

text_fields
bookmark_border
Operation Toofan
cancel
camera_alt

‘ഓപറേഷൻ തൂഫാൻ’ പദ്ധതിയുടെ അന്തർസംസ്ഥാന ഏകോപന യോഗശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കൊപ്പം വരുന്ന തമിഴ്നാട് ഡി.ജി.പി മഹേഷ് കുമാർ അഗർവാൾ, പുതുച്ചേരി ഡി.ജി.പി ശാലിനി സിങ്, കർണാടക എ.ഡി.ജി.പി ആർ. ഹിതേന്ദ്ര, ആഭ്യന്തര വകുപ്പ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ, കേരള ഡി.ജി.പി റവാഡ ചന്ദ്രശേഖർ തുടങ്ങിയവർ        വൈ.ആർ. വിപിൻ‌ദാസ്

തിരുവനന്തപുരം: ലഹരിക്കെതിരായ പൊലീസിന്‍റെ ‘ഓപറേഷൻ തൂഫാനുമായി’ ബന്ധപ്പെട്ട് ജില്ല-സബ്ഡിവിഷൻ തലങ്ങളിൽ പ്രത്യേകദൗത്യ സംഘങ്ങൾ രൂപവത്കരിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ജില്ലതലത്തിൽ നർക്കോട്ടിക് ഡിവൈ.എസ്.പിമാർക്കായിരിക്കും ചുമതല. കൂടുതൽ ഉദ്യോഗസ്ഥരെ ദൗത്യസംഘത്തിൽ നിയോഗിക്കും.

ലഹരി ഉൽപന്നങ്ങളുടെ ഒഴുക്ക് തടയാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഏകോപനത്തിനായി എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെ നോഡൽ ഓഫിസർമാരായി നിയമിക്കും. സംസ്ഥാനങ്ങളുടെ ഇന്‍റലിജൻസ് റിപ്പോർട്ടുകളും മറ്റ് വിവരങ്ങളും ഇവർ പരസ്പരം പങ്കുവെക്കും. മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ തീരുമാനം. ഓപറേഷൻ തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കിയെന്ന് യോഗതീരുമാനം വിശദീകരിക്കവേ മന്ത്രി പറഞ്ഞു.

കേരളത്തിലേക്കുള്ള ലഹരികടത്തിൽ കുറവുവന്നെന്ന് കേന്ദ്ര ഏജൻസികൾ അറിയിച്ചതായി മന്ത്രി അറിയിച്ചു. ബോട്ട്, വിമാനം, ബസ് മാർഗങ്ങളിലൂടെ ലഹരിവസ്തുക്കൾ സംസ്ഥാനത്ത് എത്തുന്നത് തടയുകയാണ് തൂഫാന്‍റെ അടുത്ത ഘട്ടം. ഇതിന് ഇന്‍റലിജൻസ് ബ്യൂറോ അടക്കം കേന്ദ്ര എജൻസികളുടെ സഹായത്തോടെ പുതിയ അന്വേഷണരീതി കൊണ്ടുവരും. പത്ത് എൻ.ഡി.പി.എസ് കോടതികൾകൂടി ആരംഭിക്കും. തിരുവനന്തപുരത്തും എറണാകുളത്തും രണ്ട് കോടതികൾ തുടങ്ങാൻ നടപടിയായെന്നും മന്ത്രി കൂട്ടിച്ചേർത്തു. പെരുമ്പാവൂരിൽ ലഹരിവിൽപനക്കാരെന്ന് മുദ്രകുത്തി മൂന്ന് യുവാക്കളുടെ തലമൊട്ടയടിച്ച സംഭവം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. ജനം നിയമം കൈയിലെടുക്കരുത്. അത് തൂഫാന് എതിരാകുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി, തെലുങ്കാന സംസ്ഥാനങ്ങളിലെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. നോർത്ത് സോൺ ഐ.ജി.യും ഓപറേഷൻ തൂഫാൻ നോഡൽ ഓഫിസറുമായ പുട്ട വിമലാദിത്യ പദ്ധതി വിശദീകരിച്ചു. തമിഴ്നാട് ഡി.ജി.പി മഹേഷ് കുമാർ അഗർവാൾ, പുതുച്ചേരി ഡി.ജി.പി ശാലിനി സിങ്, കർണാടക എ.ഡി.ജി.പി ആർ. ഹിതേന്ദ്ര, കേരള-ലക്ഷദ്വീപ് കസ്റ്റംസ് പ്രിവന്റീവ് കമീഷണർ ഡോ. ടി. ടിജു, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ആർ. സുധാകർ, സ്പെഷൽ ഇന്റലിജൻസ് ബ്രാഞ്ച് ജോയിന്റ് ഡയറക്ടർ ഡോൺ കെ. ജോസ്, റവന്യൂ ഇന്‍ററലിജൻസ് അഡീഷനൽ ഡയറക്ടർ ജനറൽ കെ. പദ്മാവതി, തെലങ്കാന ആന്‍റി നാർക്കോട്ടിക് ബ്യൂറോ എസ്.പി പി.വി. പദ്മജ, ആന്ധ്രാപ്രദേശ് എലൈറ്റ് ആന്റി നാർക്കോട്ടിക് ഗ്രൂപ്പ് ഓഫ് ലോ എൻഫോഴ്‌സ്‌മെന്റ് എസ്.പി കെ.എം. മഹേശ്വര രാജു, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഡിവിഷണൽ സെക്യൂരിറ്റി കമീഷണർ മുഹമ്മദ് ഹനീഫ് തുടങ്ങിയവർ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Operation Toofan: Special mission teams in district and sub-division levels
Next Story