ഓപ്പറേഷൻ തൂഫാൻ: അഞ്ചുമാസങ്ങൾ പിന്നിടുമ്പോൾ അറസ്റ്റിലായത് പതിനയ്യായിരത്തിലേറെ പേർ
text_fieldsഐ.ജി. പുട്ട വിമലാദിത്യ
കൊച്ചി: ലഹരിമാഫിയക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പും കേരളം പോലീസും സംയുക്തമായി നടപ്പിലാക്കിയ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച് അഞ്ചുമാസങ്ങൾ പിന്നിടുമ്പോൾ കേരളത്തിലുടനീളം അറസ്റ്റിലായത് പതിനയ്യായിരത്തിലേറെ പേർ. 14,369 കേസുകളിൽ നിന്നാണ് 15,515 പേർ അറസ്റ്റിലായതെന്ന് ഓപ്പറേഷൻ തൂഫാൻ സംസ്ഥാന നോഡൽ ഓഫീസർ ഐ.ജി. പുട്ട വിമലാദിത്യ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പുതിയ കേസുകളിലായി അറസ്റ്റിലായ 1173 പേരെ റിമാൻഡ് ചെയ്തിട്ടുണ്ട്. ഇവരിൽ നിന്നും 28.659 കിലോഗ്രാം എം.ഡി.എം.എയും 1960.139 കിലോ കഞ്ചാവും 7261.352 ഗ്രാം ഹാഷിഷ് ഓയിലും 5.85 ഗ്രാം ഹാഷിഷും 778.309 ഗ്രാം ബ്രൗൺഷുഗറും 1226.678 ഗ്രാം മെത്താമഫെറ്റാമിനും 673.076 ഗ്രാം ഹെറോയിനും 2.871 ഗ്രാം എൽ.എസ്.ഡി. സ്റ്റാമ്പ്, 73 ഗ്രാം നിട്രോസഫം, 25.23 ഗ്രാം ഓപിയം, 606.81 ഗ്രാം ചരസ്, 3.650 ഗ്രാം കഞ്ചാവ് ഓയിൽ, 27.634 ഗ്രാം കൊക്കയ്ൻ, 10,341 കഞ്ചാവ് ചെടികൾ, 8682 ഗ്രാം കഞ്ചാവ് ബീഡികൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
വാണിജ്യ അളവിലുള്ള ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 193 കേസുകളും ഇടത്തരം അളവിലുള്ള ലഹരികടത്തിന്റെ 638 കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെറിയ അളവിലുള്ള ലഹരിമരുന്നുമായി ബന്ധപ്പെട്ട് 4651 കേസുകളിലും 27 എൻ.ഡി.പി.എസ്. ആക്ട് പ്രകാരം 8887 കേസുകളിലും കോപ്റ്റ പ്രകാരം 8048 കേസുകളിലും നടപടി സ്വീകരിച്ചു. ലഹരി ഉപയോഗിച്ച് ഗുണ്ടാപ്രവർത്തനം നടത്തിയിരുന്ന 137 പേർക്കെതിരെ കാപ്പാ പ്രകാരവും പി.ഐ.ടി. എൻ.ഡി.പി.എസ് പ്രകാരം 134 പേർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവരിൽ 25 പേരെ കരുതൽ തടങ്കലിലാക്കി. 2534 പേരുടെ വിവരങ്ങൾ ശേഖരിച്ച് പ്രൊഫൈൽ തയ്യാറാക്കി എൻ.ഡി.പി.എസ്. ആക്ടിലെ 34-ാം വകുപ്പ് പ്രകാരം 1584 കേസുകളിൽ മജിസ്‌ട്രേറ്റ് ബോണ്ടുകൾ വെച്ചിട്ടുണ്ടെന്ന് നോഡൽ ഓഫീസർ അറിയിച്ചു.
വിവിധ കേസുകലിലെ പ്രതികളിൽ നിന്നും 186 വാഹനങ്ങളും 801 മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയും 148 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. ലഹരികടത്തിലൂടെ സമ്പാദിച്ച അനധികൃത സ്വത്തുക്കൾ കണ്ടെത്തി നിയമപ്രകാരമുള്ള സ്വത്ത് മരവിപ്പിക്കലിനുള്ള നടപടികളും സ്വീകരിക്കുന്നതായും അദ്ദേഹം അറിയിച്ചു. ലഹരികേസുകളിൽ ഉൾപ്പെട്ട് വിദേശത്തേക്ക് കടന്ന നാല് പേർക്കെതിരെ റെഡ് കോർണർ നോട്ടീസും ഒരാളിനെതിരെ ബ്ലൂകോർണർ നോട്ടീസും പത്തുപേർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
ലഹരിവില്പനയും ഉപയോഗവും സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും ലഭിച്ച 8125 മൊബൈൽ ഇൻഫർമേഷനും 5668 വാട്‌സ് ആപ്പ് മെസേജായും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. തൂഫാൻ തദ്ദേശം 2.0യുടെ ഭാഗമായി ലഹരിവിരുദ്ധ ജാഗ്രത ശക്തമാക്കൽ, ആവശ്യകത കുറക്കൽ, ലഹരി ഉപയോഗിക്കാൻ സാധ്യതയുള്ളവരെയും ഉപയോഗിക്കുന്നവരെയും കണ്ടെത്തുക, കൗൺസിലിങ്, ചികിത്സ, പുനഃരധിവാസം എന്നിവ നടപ്പാക്കി വരുന്നുണ്ട്.
ലഹരിമരുന്ന് ഉപയോഗം, വിൽപ്പന എന്നിവയിൽ വിദ്യാർഥികൾ കൂടുതലായി ഉൾപ്പെടുന്ന സാഹചര്യത്തിൽ സർക്കാർ സ്‌കൂളുകളിൽ നിരീക്ഷണത്തിനായി കാമറ സ്ഥാപിച്ച് പൊലീസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന തൂഫാൻ ഐസ് പദ്ധതിയും ഉടൻ നടപ്പാക്കും. ലഹരി ഉപയോഗിക്കുന്നവരെ തിരിച്ചറിഞ്ഞ് സഹായം നൽകുന്നതിനായി തൂഫാൻ കെയർ, തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി തൂഫാൻ തദ്ദേശം 2.0, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മാർഗനിർദേശം നൽകുന്നതിനുമായുള്ള തൂഫാൻ മെന്റേഴ്‌സ് എന്നീ പദ്ധതികളും തൂഫാന്റെ ഭാഗമായി നടക്കുന്നുണ്ട്. നിയമനടപടികൾക്കൊപ്പം പ്രതിരോധം, ചികിത്സ, പുനഃരധിവാസം, സാമൂഹിക പുനഃസയോജനം എന്നിവക്കും തുല്യപ്രാധാന്യമാണ് നൽകുന്നത്. കൂടാതെ, അന്തർ സംസ്ഥാന ലഹരികടത്ത് ശൃംഘലകൾ കണ്ടെത്താനും ലഹരി വിതരണിത്തിലുള്ളവർക്കുമെതിരെ പൊലീസ് നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
ഫോറൻസിക് ലാബുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളും ശക്തമാക്കിയതോടൊപ്പം കോടതികളിലെ പെൻഡിങ് കേസുകളിൽ വിചാരണ വേഗത്തിലാക്കാനുള്ള കാര്യങ്ങളും നടക്കുന്നുണ്ടെന്ന് ഓപ്പറേഷൻ തൂഫാൻ ചുമതലയുള്ള നോഡൽ ഓഫിസർ വ്യക്തമാക്കി. ലഹരിഉപയോഗത്തിൽ നിന്നും മുക്തരാവുന്നവരെ ഓപ്പറേഷൻ തൂഫാന്റെ ബോധവത്ക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിനും നടപടി സ്വീകരിക്കും. കൂടാതെ, ലഹരി ഉപയോഗിക്കുന്നവരെ വിവിധ കേസുകളിൽ ഉൾപ്പെടെ അറസ്റ്റാലാവുകയോ കസ്റ്റഡിയിൽ എടുക്കേണ്ടതായോ ഉള്ള സാഹചര്യമുണ്ടായാൽ അവരോട് എങ്ങനെ പെരുമറണമെന്ന് പോലീസിന് പ്രത്യേകം പരിശീലനം നൽകിയിട്ടുണ്ട്. കൂടാതെ, ലഹരി ഉപയോഗിക്കുന്നവരുടെ പുനഃരധിവാസവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

