ഓപറേഷന് തൂഫാന്: ഒരു മാസത്തിനിടെ പിടിച്ചത് 30 കോടിയുടെ ലഹരിവസ്തുക്കള്‍
text_fieldsതിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വളരുന്ന ലഹരിമാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ രണ്ടുമുതൽ കേരള പൊലീസ് നടപ്പാക്കിയ ‘ഓപറേഷന് തൂഫാന്: ദി നാര്‍കോ ഹണ്ട്’ പദ്ധതി ഒരു മാസം പിന്നിടുമ്പോള്‍ പിടികൂടിയത് 30 കോടിയുടെ നിരോധിത ലഹരിവസ്തുക്കൾ. സംസ്ഥാനമൊട്ടാകെ പൊലീസ് നടത്തിയ പരിശോധനകളില്‍ 5353 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 5736 പേരെ അറസ്റ്റ് ചെയ്തു.
3706.743 ഗ്രാം എം.ഡി.എം.എ, 392.100 കിലോ കഞ്ചാവ്, 3776.039 ഗ്രാം ഹാഷിഷ് ഓയില്‍, 4.85 ഗ്രാം ഹാഷിഷ്, 657.219 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 12.6709 ഗ്രാം മെത്താഫെറ്റാമിന്‍, 31.23 ഗ്രാം ഹെറോയിന്‍, 428 കഞ്ചാവ് ചെടികള്‍, 11 എൽ.എസ്.ഡി സ്റ്റാമ്പുകള്‍, 56 ഗ്രാം നൈട്രോസെപാം, 25.23 ഗ്രാം ഓപിയം, 1.6 ഗ്രാം ചരസ്സ്, 3294 കഞ്ചാവ് ബീഡികള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
ലഹരിവ്യാപനത്തിനെതിരെ കര്‍ശന നിയമനടപടി കൈക്കൊള്ളുന്നതിനൊപ്പം ബോധവത്കരണ പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടന്നുവരുന്നു. 6005 ബോധവത്കരണ ക്ലാസുകളും 279 കൗണ്‍സിലിങ്ങുകളും പൊലീസ് സംഘടിപ്പിച്ചു. 15 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. സ്കൂള്‍, കോളജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ 5100 ബോധവത്കരണ പരിപാടികൾ നടത്തി.
ലഹരിക്ക് അടിമപ്പെട്ടവരെ കൗണ്‍സിലിങ്ങിലൂടെയും പുനരധിവാസത്തിലൂടെയും സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരിക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. ഈ ‘കൊടുങ്കാറ്റ്’ വരും മാസങ്ങളിലും ശക്തമായി തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി രവാഡ ചന്ദ്രശേഖര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

