പേരാമ്പ്രയിൽ വൻ മയക്കുമരുന്ന് വേട്ട: 51.432 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കോഴിക്കോട് : 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി പേരാമ്പ്രയിൽ നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. 51.432 ഗ്രാം എം.ഡി.എം.എയും എട്ടര ലക്ഷം രൂപയുമായി മൂന്ന് പേരെയാണ് ജില്ലാ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ടി. ഉത്തംദാസിന്‍റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം പിടികൂടിയത്.
കോഴിക്കോട് ചേരാപുരം സ്വദേശികളായ പുത്തൻപുരയിൽ മുഹമ്മദ് തസ്നീം (34), പിലാക്കൂൽ സിറാജ് (42), കർണാടക തച്ചക്കര സ്വദേശി മുഹമ്മദ് യാസീൻ (24) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ലഹരി എത്തിച്ച് വിൽപ്പന നടത്തുന്നതിനിടെ ഇന്നലെ രാത്രി വാല്യക്കോട് - മുളിയങ്ങൽ റോഡിൽ വെച്ചാണ് സംഘം പിടിയിലാവുന്നത്.
കോഴിക്കോട് റൂറൽ എസ്.പി.ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനത്തിന്റെ ഡാഷ്ബോർഡിൽ നിന്ന് 51.432 ഗ്രാം എം.ഡി.എം.എയും സീറ്റിനടിയിൽ കവറിൽ ഒളിപ്പിച്ച നിലയിൽ 8.5 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പ്രധാന ലഹരി മൊത്തവിതരണക്കാരാണ് പിടിയിലായവർ. കഴിഞ്ഞ ആറുമാസമായി ഡാൻസാഫ് സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇവർ. ചോദ്യം ചെയ്യലിൽ ലഹരി വിൽപ്പന നടത്തിയതിന്റെ വിശദവിവരങ്ങൾ പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
മുൻപ് വിദേശത്തായിരുന്ന തസ്നീം സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് പെട്ടെന്ന് പണമുണ്ടാക്കാനാണ് ലഹരി വിൽപ്പനയിലേക്ക് തിരിഞ്ഞത്. കോഴിക്കോട് ജില്ലയിലെ കുപ്രസിദ്ധ മയക്കുമരുന്ന് വിൽപ്പനക്കാരാണ് പിടിയിലായ തസ്നീമും സിറാജും. ആഡംബര കാറുകൾ വാടകക്കെടുത്തും യുവതികളെയും ചെറുപ്പക്കാരെയും ലഹരി ശൃംഖലയിൽ കണ്ണികളാക്കിയുമാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. മയക്ക് മരുന്ന് കടത്താനായി സ്ത്രീകളെ കരിയർമാരായി ഉപയോഗിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

