ഓപറേഷൻ തൂഫാന് ഇന്ന് രണ്ട് മാസം: അറസ്റ്റിലായത് 8908 പേർ
text_fieldsരമേശ് ചെന്നിത്തല
തിരുവനന്തപുരം: ലഹരിമാഫിയയുടെ വേരറുക്കാന്‍ സംസ്ഥാന സർക്കാർ ആരംഭിച്ച ‘ഓപറേഷൻ തൂഫാൻ’ ഇന്ന് രണ്ടുമാസം പിന്നിടുന്നു. ഓപറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ ലഹരിപരിശോധനയിൽ രണ്ട് മാസത്തിനിടെ 8908 പേർ പിടിയിലായി. 8278 കേസുകളും രജിസ്റ്റർ ചെയ്തു.
ശനിയാഴ്ച 20 കേസുകളിലായി 25 പേരെകൂടി അറസ്റ്റ് ചെയ്തു. ഇതുവരെ 6691.126 ഗ്രാം എം.ഡി.എം.എ.യും 784.244 കിലോ കഞ്ചാവും 296.657 ഗ്രാം ഹെറോയിനും 4698.749 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ലഹരി വിൽപനയെക്കുറിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ് (9995966666) മുഖേനയും പൊലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
ജൂൺ രണ്ടിന് തിരുവനന്തപുരം കോട്ടൺ ഹിൽ സ്‌കൂളിൽ വെച്ചാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. എം.ഡി.എം.എ പോലെയുള്ള സിന്തറ്റിക് ലഹരിമരുന്നുകളുടെ വ്യാപനം തടയുക, സ്കൂൾ-കോളജ് പരിസരങ്ങളിലെ ലഹരി വിൽപന ഇല്ലാതാക്കുക തുടങ്ങി ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. പൊലീസ്, എക്സൈസ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകൾ സംയുക്തമായാണ് പ്രവർത്തനം. ജയിലുകൾ കേന്ദ്രീകരിച്ചും അന്തർസംസ്ഥാന ലഹരി സംഘങ്ങൾക്കെതിരെയുമായുള്ള ശക്തമായ റെയ്ഡുകളും പരിശോധനകളും ഇതിന്റെ ഭാഗമായി നടന്നു വരുന്നു.
അതിനിടെ, ലഹരിമാഫിയയുടെ വേരറുക്കാന്‍ ആരംഭിച്ച ഓപറേഷന്‍ തൂഫാന്‍ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ്. മയക്കുമരുന്നിന് അടിപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ‘തൂഫാന്‍ കെയര്‍’ ആരംഭിക്കും. സംസ്ഥാനത്തെ പ്രധാന ആശുപത്രികളുമായി സഹകരിച്ചാകും പദ്ധതി നടപ്പാക്കുക.
നിലവില്‍ 60ലേറെ പേരെ ഇത്തരത്തില്‍ പൊലീസ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തുടര്‍ന്നും ഇത്തരം ആളുകളെ കണ്ടെത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷമിടുന്നത്. ഇതിന്റെ ഭാഗമായി ഐ.എം.എ ഭാരവാഹികളുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പുറമേ സ്‌കൂളുകളില്‍ കുട്ടികളുടെ പെരുമാറ്റം നിരീക്ഷിക്കാനും പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി സൈക്കോളജിസ്റ്റുകൾ സ്‌കൂളുകളില്‍ ക്ലാസുകൾ സംഘടിപ്പിക്കും.
ലഹരിക്കേസുകളില്‍ പിടിക്കപ്പെടുന്നവരെ പിഴ ചുമത്തിയോ ജയിലിലടച്ചോ മയക്കുമരുന്നിൽ നിന്ന് നാടിനെ മുക്തമാക്കാനാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

