Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൻകിടകപ്പലുകളുടെ...

വൻകിടകപ്പലുകളുടെ പ്രവർത്തനം മത്സ്യബന്ധന മേഖലയെ തകർക്കും -കേരള മത്സ്യത്തൊഴിലാളി ഐക്യവേദി

text_fields
bookmark_border
വൻകിടകപ്പലുകളുടെ പ്രവർത്തനം മത്സ്യബന്ധന മേഖലയെ തകർക്കും -കേരള മത്സ്യത്തൊഴിലാളി ഐക്യവേദി
cancel

വൻകിടകപ്പലുകളുടെ പ്രവർത്തനം മത്സ്യബന്ധന മേഖലയെ തകർക്കുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്‍റ് ചാൾസ് ജോർജ്. വൻകിട കപ്പലുകളെ മേഖലയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത് തീരദേശ നിവാസികളുടെ ഉപജീവന അവകാശത്തെയാണ് ഹനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പിലെ തണുത്ത ജലാശയങ്ങളിൽ പ്രയോഗിച്ച് പരാജയപ്പെട്ട യാനങ്ങളെയാണ് പുത്തൻ ആഴക്കടൽ മത്സ്യബന്ധന നയത്തിന്റെ പേരിൽ കൊണ്ടുവരുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. മത്സ്യത്തൊഴിലാളികൾ എതിർത്ത് പരാജയപ്പെടുത്തിയ നടപടികൾ വീണ്ടും കൊണ്ടുവരാനുള്ള നിക്കത്തെ കേരളം ഒറ്റക്കെട്ടായി ചെറുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചാൾസ് ജോർജിന്‍റെ കുറിപ്പ്

രണ്ട് ദശ ലക്ഷത്തോളം ചതുരശ്ര കിലോമീറ്റർ വരുന്ന ഇന്ത്യയുടെ പരമാധികാരം ഉള്ള കടലിൽ നിന്നും കൂടുതൽ മത്സ്യങ്ങളെ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. 25 മീറ്ററിന് മുകളിൽ വലുപ്പമുള്ള യാനങ്ങൾ സഹകരണ പ്രസ്ഥാനങ്ങൾക്കോ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കോ നൽകാനുള്ള നീക്കമാണ് നടക്കുന്നത്. ഇവർ ആകട്ടെ മേഖലക്ക് വെളിയിലുള്ളവരുമാണ് .ഇതുമായി ബന്ധപ്പെട്ടു ഒക്ടോബർ 13ന് നീതി ആയോഗ് അതിന്‍റെ നയ പ്രഖ്യാപനം നടത്തുകയുണ്ടായി. അതിന്‍റെ അടിസ്ഥാനത്തിൽ ഒക്ടോബർ 27ന് മുംബൈയിലെ മഡ്ഗാവിൽ കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ രണ്ട് കപ്പലുകൾക്ക് പ്രവർത്തനാനുമതി നൽകുകയുണ്ടായി. അടിയന്തരമായി 14 കപ്പലുകൾ കൂടി അവർക്ക് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ഒക്ടോബർ 31ന് കൊച്ചിയിലെ സി.എം.എഫ്.ആർ.ഐയിൽ നടന്ന യോഗത്തിൽ കേരളത്തിലും കപ്പലുകൾ അനുവദിക്കുമെന്ന് കേന്ദ്ര മത്സ്യമേഖലാ സഹ മന്ത്രി ജോർജ്കുര്യനും പ്രഖ്യാപിച്ചിട്ടുണ്ട്.

2.02 ദശലക്ഷംചതുര കിലോമീറ്റർ വരുന്ന ഇന്ത്യയുടെ പൂർണാർത്ഥിക മേഖലയിൽ നിന്നും (EEZ )പിടിച്ചെടുക്കാവുന്ന മത്സ്യങ്ങൾ 44 . 9 5 ലക്ഷം ടൺ ആണെന്ന് 2010ൽ ഇന്ത്യയുടെ റീവാലിഡേഷൻ കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. 2018-ൽഅത് 53 ലക്ഷം ടണ്ണായും നിജ പെടുത്തിയിട്ടുണ്ട്. 2023 -24 ൽ 60 ,523 കോടി രൂപയുടെ വിദേശ നാണ്യവും നാം നേടിയിട്ടുണ്ട്. കപ്പലുകൾക്ക് പുറമേ തുറമുഖങ്ങളും സംസ്കരണ ശീതീകരണ കേന്ദ്രങ്ങളും വികസിപ്പിക്കാനും കേന്ദ്രസർക്കാറിന് പദ്ധതിയുണ്ട്.

ഇന്ത്യയിലെ മത്സ്യബന്ധന മേഖലയുടെ ഒരു സവിശേഷത അത് പ്രധാനമായും ചെറുകിട മേഖലയിലും ആയി പ്രവർത്തിക്കുന്നു എന്നതാണ്. ഇന്ത്യയിലെ എല്ലാ യാനങ്ങളും 24 മീറ്ററിൽ താഴെയുള്ളതും ചെറുകിടയും, ഉപജീവന കേന്ദ്രീകൃതവുമായ തൊഴിൽ സാന്ദ്രമായമേഖലയാണെന്ന സവിശേഷതയുണ്ട്. 3,14,767യാനങ്ങളാണ് ഇന്ത്യയുടെ കടലിൽ പ്രവർത്തിക്കുന്നതെന്ന് കേന്ദ്രസർക്കാർ വെളിപ്പെടുത്തിയിട്ടുണ്ട്. സുസ്ഥിര മത്സ്യബന്ധനത്തിന് 93 ,287 യാനങ്ങൾ മതിയെന്നിരിക്കെ അതിന്‍റെ മൂന്നര ഇരട്ടിയോളം യാനങ്ങളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ യാനങ്ങൾ തീര കടലിലും പുറം കടലിലും ആയി പ്രവർത്തിക്കുന്നത് ഇന്ത്യയിലാണ്.

യാനങ്ങളുടെ ആധിക്യം മൂലം മൽസ്യോൽപാദനത്തിൽ ഗണ്യമായ ഇടിവ് സംഭവിക്കുകയും മത്സ്യത്തൊഴിലാളികൾ പടിപടിയായി മേഖല വിട്ടുപോവുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്. 200 നോട്ടിക്കൽ മൈലിന് പുറത്തുള്ള ആഴക്കടലിൽ ആകട്ടെ ഇപ്പോൾ പ്രവർത്തിക്കുന്ന തുത്തൂർ, നാഗപട്ടണം, തൂത്തുക്കുടി മത്സ്യത്തൊഴിലാളികളുടെ ആയിരത്തോളം യാനങ്ങളുടെ പ്രവർത്തനം മൂലം പല മത്സ്യ ഇനങ്ങളും സുസ്ഥിരതയുടെ അതിർത്തിയിലാണ് മത്സ്യബന്ധനം നടത്തുന്നത് എന്ന് ഇന്ത്യൻ ഓഷ്യൻ ട്യൂണ കമ്മീഷനും (10T C) വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വൻകിട കപ്പലുകളെ മേഖലയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത്.

ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം വരെ വാട്ടുകളുള്ള വൈദ്യുതി വിളക്കുകൾ ഉപയോഗിക്കുന്ന ഈ യാനങ്ങൾ തീരക്കടലിൽ നിന്നടക്കം മത്സ്യങ്ങളെ ആകർഷിക്കുകയും ചുരുങ്ങിയ സമയം കൊണ്ട് വൻതോതിൽ മത്സ്യങ്ങളെ പിടിച്ചെടുക്കുകയും ചെയ്യും. തീരദേശ നിവാസികളുടെ ഉപജീവന അവകാശമാണ് ഇത് നിഹനിക്കുക. സഹകരണ സംഘങ്ങളുടെ പേരിൽ മൂലധന സാന്ദ്രമായ വൻകിടയാനങ്ങൾ വരുന്നത് മേഖലയിൽ മൊത്തത്തിൽ പ്രതിസന്ധി ഗ്രസ്ഥമാക്കും. ആഴക്കടൽ കളക്ടര്‍ യാനങ്ങളിലേക്കും മത്സ്യം കടത്താം എന്നതും, വിദേശത്തുറമുഖങ്ങളിലേക്കും ഈ കപ്പലുകൾ അടുപ്പിക്കാം എന്നതും മേഖലയിലെ വൻകിട സംരംഭങ്ങളുടെ സാന്നിധ്യത്തെയാണ് ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിലെ കടലിൽ 37642 യാനങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നു എന്നതാണ് കണക്ക്. ആഴക്കടൽ മത്സ്യബന്ധനത്തിന് എന്ന പേരിൽ കേരളത്തിന് മുൻപ് അനുവദിച്ച പത്ത് യാനങ്ങളും ഇപ്പോൾ പ്രവർത്തനക്ഷമല്ല, കഴിഞ്ഞമാസം ഇതുമായി ബന്ധപ്പെട്ട് ലീഗ് എം.എൽ.എമാർ കേരളത്തിലെ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് വൻകിട കപ്പലുകളെ മേഖലയിൽ കൊണ്ടുവരുന്നത് നാം അംഗീകരിക്കുന്നില്ല എന്നൊരു നിലപാടാണ് സംസ്ഥാന ഫിഷറി മന്ത്രി സ്വീകരിച്ചത്. കേരളത്തിലെ തൊഴിലും മേഖലയും സംരക്ഷിക്കുന്നതിന് ഇപ്പോൾ കേന്ദ്ര പ്രഖ്യാപിച്ച നടപടികൾ ഒട്ടും പ്രായോഗികമല്ല.

യൂറോപ്പിലെ തണുത്ത ജലാശയങ്ങളിൽ പ്രയോഗിച്ച് പരാജയപ്പെട്ട യാനങ്ങളെയാണ് ഇന്ത്യയിലേക്ക് പുത്തൻ ആഴക്കടൽ മത്സ്യബന്ധന നയത്തിന്റെ പേരിൽ കൊണ്ടുവരുന്നത്. ഇന്ത്യയിൽ 1977 ൽചാർട്ടേഡ് വെസൽസിന്‍റെയും, 1982 ൽ ജോയിൻറ് വെഞ്ചേഴ്സിന്‍റെയും, 1991 ൽ പുത്തൻ ആഴക്കടൽ മത്സ്യബന്ധന നയത്തിന്റെ പേരിലും, 2014 ൽ മീനാകുമാരി റിപ്പോർട്ടിന്റെ പേരിലും വൻകിടയാനങ്ങൾ കൊണ്ടുവരാനുള്ള നീക്കങ്ങളും നടപടികളും നടന്നതാണ്. കേവലം നാല് ശതമാനം മാത്രം മത്സ്യം ഉള്ള ആഴക്കടൽ മേഖലയിൽ മത്സ്യബന്ധനം നടത്തുക സാമ്പത്തികമായി ലാഭകരമല്ലാത്തതിനാൽ വൻകിട കുത്തക കമ്പനികൾ ഒക്കെയും ഇതിന്‍റെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു.

യൂറോപ്പിൽ ആകട്ടെ ഐക്യരാഷ്ട്ര സംഘടനയുടെ ഐ.യു.സി.എൻ റിപ്പോർട്ട് പ്രകാരം 1616 മത്സ്യ ഇനങ്ങൾ അപകടകരമായ അവസ്ഥയിലാണ് 989 ഇനങ്ങൾ ഇതിനകം പ്രതിസന്ധിയെ നേരിടുകയാണ്. 627ഇനങ്ങൾ പൂർണ്ണ വിനാശത്തിന്‍റെ വക്കിലുമാണ്. മുൻപ് ധാരാളമായി ധാരാളമായി ലഭിച്ചിരുന്ന അറ്റ്ലാൻറിക് ഹാലിബട്, ബ്ലൂഫിൻ ട്യൂണ, യൂറോപ്പ്യൻ ഈൽ ,ബലുവേഗ സ്റ്റർജിയൻ, നസാവു ഗ്രൂപ്പർ, വിൻ്റർ സ്കേറ്റ്, റെഡ് ഹാൻഡ് ഫിഷ്, ഓറഞ്ച് റഫി, പാറ്റഗോണിയൻ ടൂത്ത് ഫിഷ്, തുടങ്ങിയ മത്സ്യങ്ങൾ ഒക്കെ തകർച്ചയിലാണ്. പല രാജ്യങ്ങളും ഈ മത്സ്യങ്ങളെ പിടിക്കുന്നതിന് വിലക്കോ, നിയന്ത്രണമോ ഏർപ്പെടുത്തിയിട്ടുണ്ട്. ലോക വ്യാപാര സംഘടനയുടെ ദോഹ സമ്മേളനവുമായി ബന്ധപ്പെട്ട് 2022 ജനീവയിൽ ചേർന്ന പന്ത്രണ്ടാം മന്ത്രിതല സമ്മേളനവും, 2024ന്അബുദാബിയിൽ ചേർന്ന പതിമൂന്നാം സമ്മേളനവും ഈ വിഷയം ഗൗരവമായി ചർച്ച ചെയ്തു.

ഈ വർഷം ഫ്രാൻസിലെ നീസിൽ ചേർന്ന സമ്മേളനത്തിൽ മത്സ്യ മേഖലയുടെ തകർച്ചയെ സംബന്ധിച്ച് ഗൗരവപൂർണമായി ചർച്ച നടന്നു. മൊത്തം പിടിക്കാവുന്ന മത്സ്യങ്ങളെ ഓരോ രാജ്യവും നിശ്ചയിച്ചിട്ടുണ്ട്. ഓരോ യാനവും പിടിക്കാവുന്ന മത്സ്യങ്ങളും അവർ ക്രമീകരിച്ചു കൊണ്ടിരിക്കുകയാണ്. മേഖലക്കുള്ള സബ്സിഡികളെയും നിയന്ത്രിക്കാനും അവർ തീരുമാനിച്ചിട്ടുണ്ട്. സബ്സിഡികൾ അമിത മത്സ്യബന്ധനത്തിലേക്ക് നയിക്കും എന്നതിനാൽ അവ നിർത്തിവെക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഇതിനകം 111രാജ്യങ്ങൾ ഒപ്പുവെച്ചു കഴിഞ്ഞു. ഇനി ആറ് രാജ്യങ്ങൾ കൂടി ഒപ്പുവെക്കുന്നതോടെ കരാർ പ്രാബല്യത്തിലാവും. നമ്മുടെ മേഖല ചെറുകിടയും പരമ്പരാഗതവും ആണെന്നതും ഈ മേഖലയിലെ സബ്സിഡികൾ മാത്രമാണെന്നും പറഞ്ഞുകൊണ്ട് ഇന്ത്യ സർക്കാർ ഇപ്പോഴും ഒപ്പുവെച്ചിട്ടുമില്ല .മേഖല സുസ്ഥിരതയുടെ പ്രശ്നങ്ങളും നേരിടുന്നുണ്ട്.

അതുകൊണ്ട് മേഖലക്ക് മൂലധന സാന്ദ്രമായ വ്യവസായങ്ങളോ കപ്പലുകളോ ഇനിയങ്ങോട്ട് ആവശ്യമില്ല എന്ന ഒരു സമവായത്തിലേക്ക് യൂറോപ്പ് എത്തിയിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ വൻകിട കപ്പലുകളെയും കൊണ്ടുവരുന്നത്.

1997ൽ പി. മുരാരി മുന്നോട്ടുവെച്ചനിർദ്ദേശം മേഖലയെ പൂർണമായും സഹകരണവൽക്കരിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്യുക എന്നതായിരുന്നു. അതിനെകാലാനുസൃതമാക്കുക എന്നതിന് പകരം സഹകരണ മേഖലയുടെ മറവിൽ ഈ മേഖലയെ പൂർണമായും കുത്തകൾക്ക് അടിയറവെക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇന്ത്യയിലെ മത്സ്യത്തൊഴിലാളികൾ എതിർത്ത് പരാജയപ്പെടുത്തിയ നടപടികൾ വീണ്ടും കൊണ്ടുവരാനുള്ള ഈ നിക്കത്തെ കേരളം ഒറ്റക്കെട്ടായി ചെറുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്ന സംയുക്തയോഗവും ഇതിനെതിരായ പ്രക്ഷോഭങ്ങൾക്ക് പദ്ധതിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ShipsFishing SectorFishermensKerala News
News Summary - operation of large ships will destroy the fishing sector
Next Story