ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ്: 4463 റെക്കോര്‍ഡ് പരിശോധന
text_fieldsതിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകള്‍ നടത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 929 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികള്‍ സ്വീകരിച്ചു.
പരിശോധനയില്‍ 458 സ്ഥാപനങ്ങള്‍ ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിക്കുന്നതായി കണ്ടതിനാല്‍ അവര്‍ക്ക് ലൈസന്‍സ് എടുക്കുന്നതിനു വേണ്ടി നോട്ടീസ് നല്‍കി. കൂടാതെ ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നതിന് 756 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 112 സ്‌ക്വാഡുകളാണ് ലൈസന്‍സ് പരിശോധനക്ക് സജ്ജമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിലും ലൈസന്‍സ് പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം 612, കൊല്ലം 487, പത്തനംതിട്ട 251, ആലപ്പുഴ 414, കോട്ടയം 252, ഇടുക്കി 103, തൃശൂര്‍ 276, പാലക്കാട് 344, മലപ്പുറം 586, കോഴിക്കോട് 573, വയനാട് 150, കണ്ണൂര്‍ 281, കാസര്‍ഗോഡ് 134 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്. എറണാകുളം ഒഴുകിയുള്ള മറ്റു ജില്ലകളിലാണ് ഇന്ന് പരിശോധനകള്‍ നടത്തിയത്. എറണാകുളം ജില്ലയിലെ പരിശോധനകള്‍ ആഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിലായി നടത്തുന്നതായിരിക്കും.
ഭക്ഷണം വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുത്തു മാത്രമേ പ്രവര്‍ത്തനം നടത്താന്‍ പാടുള്ളൂ എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരവധി തവണ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതൊരു നിയമപ്രകാരമുള്ള ബാധ്യത ആയിരുന്നിട്ട് കൂടി ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നതിന് യാതൊരു നടപടികളും സ്വീകരിക്കാത്തത് കൊണ്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടിയിലേക്ക് നീങ്ങിയത്.
ഈ സ്ഥാപനങ്ങള്‍ ലൈസന്‍സ് നേടുകയോ നിയമപരമായി ലൈസന്‍സിന് പൂര്‍ണമായ അപേക്ഷ സമര്‍പ്പിച്ചു മാത്രമേ തുറന്നു കൊടുക്കാന്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂ. ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വളരെ വേഗതയില്‍ തീരുമാനമെടുക്കുന്നതിന് മന്ത്രി നിര്‍ദേശം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

