ഉമ്മൻചാണ്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ, ആരോഗ്യമന്ത്രി സന്ദർശിച്ചു
text_fieldsതിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. ഇതിനിടെ, നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ സന്ദർശിച്ചു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. മന്ത്രി വീണാ ജോർജ് ഡോക്ടർമാരുമായി സംസാരിച്ചു. മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിൽ തുടർ ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടർ മഞ്ജു തമ്പി പറഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖമാണെന്നും മരുന്നുകൾ നൽകുന്നുണ്ടെന്നും ഇന്നലത്തേക്കാൾ ഭേദം ഉണ്ടെന്നും ഡോക്ടർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ആരോഗ്യമന്ത്രി ഇന്ന് ആശുപത്രിയിൽ നേരിട്ടെത്തി ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളുമായും ഡോക്ടർമാരുമായും സംസാരിച്ചത്. ന്യൂമോണിയയെ തുടർന്നു ഇന്നലെ വൈകിട്ടാണ് ഉമ്മൻ ചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.രാത്രി മുഖ്യമന്ത്രി ബന്ധുക്കളെ ഫോണിൽ വിളിച്ചിരുന്നു. ചികിത്സ നിഷേധിക്കുന്നു എന്ന് കാണിച്ചു ഉമ്മൻ ചാണ്ടിയുടെ സഹോദരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് വിവാദമായിരുന്നു. നിംസ് ആശുപത്രിയിലെ ചികിത്സക്ക് ശേഷം ഉമ്മൻ ചാണ്ടിയെ വീണ്ടും ബംഗുളൂവിലേക്ക് തുടർ ചികിത്സക്ക് കൊണ്ട് പോകാനാണ് നീക്കം.

