ഐലാശ്ശേരിയിൽ ഉമ്മൻ ചാണ്ടി സ്മാരക അംഗൻവാടി തുറന്നു
text_fieldsഐലാശ്ശേരി അംഗൻവാടി കെട്ടിടം എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കാളികാവ്: ഗ്രാമപഞ്ചായത്ത് ഐലാശ്ശേരിയിൽ നിർമിച്ച ഹൈടെക് അംഗൻവാടി നാടിന് സമർപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാമധേയത്തിലുള്ള അംഗൻവാടി കെട്ടിടം എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂന്ന് ഘട്ടങ്ങളിലായി 25 ലക്ഷം രൂപ ചെലവിട്ടാണ് അംഗൻവാടി നിർമിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഷിജിമോൾ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. സുബൈദ, സ്ഥിരം സമിതി അധ്യക്ഷരായ എൻ. മൂസ, എ.പി. അബ്ദുൽ ഹാജി, പഞ്ചായത്ത് അംഗങ്ങളായ വി.പി.എ. നാസർ, പി.കെ. ലൈല, സി.ഡി.പി.ഒ പി. സുബൈദ, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.ടി. മൈമൂന, അംഗൻവാടി ജീവനക്കാരായ വി. മൈമൂന, കദീജ തുടങ്ങിയവർ സംസാരിച്ചു.
സ്ഥലം നൽകിയ ക്ലബ് പ്രവർത്തകർ വിട്ടുനിന്നു
കാളികാവ് : ഐലാശ്ശേരി അംഗൻവാടിക്ക് ഉമ്മൻ ചാണ്ടിയുടെ പേര് നൽകിയത് വിവാദമായി. ഗ്രാമപഞ്ചായത്ത് ഭരണസമിതി സി. പി.എം അംഗങ്ങളുടെ വിയോജനക്കുറിപ്പോടെയാണ് അംഗൻവാടിക്ക് ഉമ്മൻ ചാണ്ടിയുടെ പേര് നൽകിയത്. അകാലത്തിൽ നിര്യാതനായ പ്രദേശവാസിയായ പറവെട്ടി റഹ്മത്തിന്റെ പേര് നൽകണമെന്ന് ഐലാശ്ശേരി ടൗൺ എഫ്.സി ക്ലബ് പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു.
രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് സ്ഥലം വാങ്ങി നൽകിയ ക്ലബിന്റെ അഭിപ്രായം പരിഗണിക്കാഞ്ഞതിനാൽ ഉദ്ഘാടന ചടങ്ങിൽ നിന്ന് ക്ലബ് പ്രവർത്തകർ വിട്ടുനിന്നു. എന്നാൽ ഉമ്മൻ ചാണ്ടിയുടെ പേര് തീരുമാനിച്ച ശേഷമാണ് ഇങ്ങനെ ഒരു ആവശ്യം വന്നതെന്ന് വാർഡ് അംഗം നീലേങ്ങാടൻ മൂസ പറഞ്ഞു.