ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്തയാൾ പിടിയിൽ; സി.ഐ.ടി.യു പ്രവർത്തകനെന്ന് കോൺഗ്രസ്, ബന്ധമില്ലെന്ന് ഡി.വൈ.എഫ്.ഐ
text_fieldsപാറശ്ശാല: പൊന്‍വിള ജങ്ഷനിലെ ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകർത്ത സംഭവത്തിൽ സി.ഐ.ടി.യു പ്രവര്‍ത്തകന്‍ അറസ്റ്റിലായി. സി.പി.എം പൊൻവിള ബ്രാഞ്ച് കമ്മിറ്റി അംഗവും സി.ഐ.ടി.യു പൊന്‍വിള യൂനിറ്റ് പ്രസിഡന്‍റുമായ കമ്പ്രക്കാട് വീട്ടില്‍ ഷൈജു(33)വാണ് പിടിയിലായത്.
സി.ഐ.ടി.യു ഓട്ടോ തൊഴിലാളി യൂനിയന്‍ നേതാവും ഓട്ടോ തൊഴിലാളിയുമായ ഇയാൾ ആഗസ്റ്റ് 15ന് കോൺഗ്രസ് സ്ഥാപിച്ച സ്തൂപം പിറ്റേന്ന് രാത്രി ഏഴോടെ കല്ലുകൊണ്ട് ഇടിച്ചു തകർത്തിരുന്നു. പ്രദേശത്ത് ഏറെ നേരം ഭീഷണി മുഴക്കിയ ഇയാൾ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചതോടെ സ്ഥലംവിട്ടു.
ഇയാള്‍ മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച വെയ്റ്റിങ് ഷെഡ് തകര്‍ത്ത കേസിലെ പ്രതിയാണ്. സംഭവവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി.
ജീവിച്ചിരുന്നതിനേക്കാള്‍ മരിച്ച ഉമ്മന്‍ ചാണ്ടിയെ സി.പി.എമ്മിന് ഭയമാണെന്ന് കെ. മുരളീധരന്‍ എം.പി പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാറശ്ശാല മുന്‍ എം.എല്‍.എ എ.ടി. ജോര്‍ജ് അധ്യക്ഷത വഹിച്ചു.
എന്നാല്‍, സംഭവവുമായി സി.പി.എമ്മിന് പങ്കില്ലെന്ന് സി.പി.എം പാറശ്ശാല ഏരിയ സെക്രട്ടറി അജയന്‍ അറിയിച്ചു. പിടിയിലായ ഷൈജുവിന്റെ കുടുംബം കോണ്‍ഗ്രസുകാരാണ്. ഓട്ടോ ഡ്രൈവറായതിനാല്‍ സി.ഐ.ടി.യുവില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതാണ്. ഇയാളെ സി.ഐ.ടി.യു യൂനിയനില്‍നിന്ന് നീക്കിയെന്നും അദ്ദേഹം പറഞ്ഞു.