ആ പ്രകടനത്തിൽ ചാണ്ടി സാറ് ഫ്ലാറ്റ്; തന്റെ കുഞ്ഞുആരാധകന്റെ വീഡിയോ പങ്കുവച്ച് ഉമ്മൻ ചാണ്ടി
text_fieldsമുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. തന്നെ അനുകരിക്കുന്ന കുട്ടി ആരാധകന്റെ വീഡിയോയാണ് ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ പങ്കുവച്ചത്. അമ്മയുടെ കയ്യിലിരിക്കുന്ന രണ്ടോ രണ്ടരയോ വയസ് പ്രായമുള്ള കുട്ടിയെയാണ് വീഡിയോയിൽ കാണുന്നത്. ഉമ്മൻ ചാണ്ടിയെ കാണിക്കാൻ പറയുേമ്പാൾ മുഖംകൊണ്ട് അനുകരിക്കുകയാണ് കുട്ടി. പലതവണ ഇത് കുട്ടി ആവർത്തിക്കുന്നുമുണ്ട്.
ഇത് കണ്ടുനിൽക്കുന്ന ഉമ്മൻ ചാണ്ടിയുടെയും ഭാര്യ മറിയാമ്മയുടേയും വീഡിയോയും എഡിറ്റുചെയ്ത് ചേർത്തിട്ടുണ്ട്. 'പൊതുപ്രവർത്തകനെന്ന നിലയിൽ ഒത്തിരിപ്പേർ എന്നെ അനുകരിക്കാറുണ്ട്, വിമർശനാത്മകമായി അവതരിപ്പിക്കാറുമുണ്ട്. അതെല്ലാം ആസ്വദിച്ചതിനേക്കാൾ എത്രയോ മടങ്ങാണ് ഈ നിഷ്കളങ്കമായ പ്രകടനം'-എന്ന കുറിപ്പോടെയാണ് ഉമ്മൻ ചാണ്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്ന് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോക്ക് ആയിരക്കണക്കിന് ലൈക്കുകളും നൂറുകണക്കിന് കമന്റുകളും ലഭിച്ചിട്ടുണ്ട്.

