കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആഘോഷങ്ങളില്ലാതെ 78ാം പിറന്നാൾ. ജന്മദിനത്തിൽ പതിവുപോലെ രാവിലെ പുതുപ്പള്ളിയിലെ പള്ളിയിൽ പ്രാർഥിച്ചു. തുടർന്ന് വീട്ടിലെ ആൾക്കൂട്ടത്തിന് നടുവിൽ എത്തി പരാതികൾ സ്വീകരിച്ചു. പ്രവർത്തകർക്ക് പറയാനുള്ളതുകേട്ടു.
മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ബെറ്റിയുടെ മകൾ ജിസ്മി തെൻറ 10ാം പിറന്നാൾ ഉമ്മൻ ചാണ്ടിക്കൊപ്പം ആഘോഷിക്കാൻ എത്തിയിരുന്നു. തുടർന്ന് ജിസ്മിക്കൊപ്പം കേക്ക് മുറിച്ചു. സംഘടന തെരഞ്ഞെടുപ്പ് പാർട്ടിക്ക് ഉണർവ് നൽകുമെന്ന്, കാണാനെത്തിയ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. തുടർന്ന് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്തു. നിരവധി പേർ ആശംസകളുമായി എത്തിയിരുന്നു.
മന്ത്രി ആൻറണി രാജു ഫോണിൽ വിളിച്ച് ആശംസ അറിയിച്ചു. കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, പി.സി. വിഷ്ണുനാഥ്, ടി. സിദ്ദീഖ് തുടങ്ങിയവർ ഫേസ്ബുക്കിൽ ആശംസ കുറിച്ചു. നിയമസഭ സാമാജികത്വത്തിെൻറ സുവർണജൂബിലി ആഘോഷങ്ങൾക്കിടെയാണ് ഇത്തവണത്തെ പിറന്നാൾ. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷി ദിനംകൂടി ആയതിനാൽ 1984 മുതൽ ഉമ്മൻ ചാണ്ടി പിറന്നാൾ ആഘോഷിക്കാറില്ല. 1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടിയുടെ ജനനം.