കോട്ടയം: യുഡിഎഫ് അധികാരത്തിൽ വന്നാൽ വാളയാർ കേസിൽ ഉറപ്പായും ശക്തമായ നടപടിയുണ്ടാകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വാളയാറിൽ ക്രൂരപീഡനത്തിന് ഇരയായി ദുരൂഹസാഹചര്യത്തിൽ രണ്ട് കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ നീതി നടപ്പിലാക്കേണ്ടവർ കുറ്റക്കാരാണെന്നും ഉമ്മൻചാണ്ടി ഫേസ്ബുകിലൂടെ പ്രതികരിച്ചു.
അന്വേഷണത്തിൽ ഗുരുതരവീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ യാതൊരു നടപടിയും എടുക്കാതെ സ്ഥാനക്കയറ്റം നൽകി അവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഒന്നുമറിയാത്ത രണ്ടു കുട്ടികൾ കെട്ടുറപ്പില്ലാത്ത വീട്ടിൽ താമസിക്കേണ്ട ഗതികേട് ഉണ്ടാവുകയും അതിക്രൂരമായ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യം അതീവ ഗുരുതരമാണ്. അതിനേക്കാൾ ഞെട്ടിക്കുന്നതാണ് പ്രതികളെ രക്ഷിക്കാൻ നടക്കുന്ന സംഭവങ്ങളെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.