പയ്യാവൂർ സമരത്തിലും തന്ത്രം മെനഞ്ഞയാൾ
text_fieldsശ്രീകണ്ഠപുരം: എന്നും മലയോര മണ്ണിനോട് ആത്മബന്ധം പുലർത്തിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. മുൻ മന്ത്രിയും ദീർഘകാലം ഇരിക്കൂർ എം.എൽ.എയുമായിരുന്ന കെ.സി. ജോസഫിന്റെ എല്ലാമായിരുന്നു ഉമ്മൻ ചാണ്ടി. കെ.സി, ഒ.സി എന്നീ പ്രയോഗം തന്നെ കോട്ടയത്തും സംസ്ഥാന രാഷ്ട്രീയത്തിലും ശ്രദ്ധിക്കപ്പെട്ടതിന് പിന്നിലും ഇവർ തമ്മിലുള്ള ആത്മബന്ധമായിരുന്നു. തെരഞ്ഞെടുപ്പുവേളയിൽ യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായിട്ടും ഇരിക്കൂറിൽ കെ.സിയുള്ളപ്പോൾ ഉമ്മൻ ചാണ്ടി ഓടിയെത്തിയെന്നത് ശ്രദ്ധേയം.
പയ്യാവൂര്‍ പഞ്ചായത്തുമായി ബന്ധപ്പെട്ട സമരത്തെ സംസ്ഥാന രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയില്‍ പ്രതിഷ്ഠിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നത് ഇദ്ദേഹമായിരുന്നു. കോൺഗ്രസിൽ ഗ്രൂപ്പുകളും തമ്മിലടിയും കൊടികുത്തി വാഴുമ്പോഴായിരുന്നു പയ്യാവൂർ സമരം. സമരവേളയിൽ തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ച് ഉമ്മന്‍ചാണ്ടി കണ്ണൂരില്‍തന്നെ ഉണ്ടായിരുന്നു. ഒടുവില്‍ പയ്യാവൂര്‍ സമരത്തെ അതിവേഗം ബഹുദൂരം വിജയത്തിലെത്തിക്കാനും അദ്ദേഹത്തിനായി.

