തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിന് തടവുശിക്ഷ; എം.എൽ.എ സ്ഥാനം പോകും
text_fieldsതിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തടവുശിക്ഷ. മൂന്ന് വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. ഇതോടെ ആന്റണി രാജുവിന് എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടി വരും. ഒന്നാം പ്രതിക്കും മൂന്ന് വർഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. അപ്പീൽ നൽകുന്നതിന് വേണ്ടി ആന്റണി രാജുവിന് ജാമ്യം അനുവദിച്ചു. നിലവിലെ സാഹചര്യത്തിൽ ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും കഴിയില്ല. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി റൂബി ഇസ്മാഈൽ ആണ് ശിക്ഷ വിധിച്ചത്.
കേസിൽ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. കോടതി ജീവനക്കാരനായ ജോസ് ആണ് ഒന്നാം പ്രതി. പ്രതികൾക്കെതിരെ പൊതുസേവകന്‍റെ നിയമലംഘനം, ഐ.പി.സി 409 -സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, വ്യാജരേഖ ചമക്കൽ, ഐ.പി.സി 34- പൊതുവായ ഉദ്ദേശ്യത്തോടെ കുറ്റകൃത്യം ചെയ്യൽ എന്നീ ആറു വകുപ്പുകളിൽ കുറ്റം തെളിഞ്ഞെന്ന് കോടതി ചൂണ്ടിക്കാട്ടി.
1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ആസ്‌ട്രേലിയൻ പൗരനെ ശിക്ഷയിൽനിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണ് കേസ്.അഭിഭാഷകനായ ആന്റണി രാജു കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിനൽകിയതിനെ തുടർന്ന് പ്രതി ശിക്ഷയിൽ നിന്ന് രക്ഷപെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

