കൊയ്ത്തിന് ദിവസങ്ങൾ മാത്രം; നെല്ല് സംഭരണം വീണ്ടും വലയും
text_fieldsതൃശൂർ: നെല്ല് സംഭരണത്തിൽ ഇത്തവണ തുടക്കത്തിൽതന്നെ കല്ലുകടി. വില കിട്ടുന്നില്ലെന്ന പരാതിക്ക് പുറമെ സംഭരണം തന്നെ അവതാളത്തിലാവുന്ന അവസ്ഥയാണ്. 2023-24 രണ്ടാം വിള നെല്ല് സിവിൽ സപ്ലൈസ് കോർപറേഷൻ വഴി സംഭരിക്കുന്നതിന് കർഷകർക്ക് രജിസ്റ്റർ ചെയ്യാനുള്ള ഓൺലൈൻ സൈറ്റ് ഇതുവരെ തുറന്നുകൊടുത്തിട്ടില്ലെന്ന് കർഷകർ പറയുന്നു. ഇതുമൂലം ജനുവരി ആദ്യ വാരം മുതൽ കൊയ്ത്ത് നടത്തേണ്ട പടവുകളിലെ കർഷകർ ആശങ്കയിലാണ്. രജിസ്ട്രേഷന് നടപടി പൂര്‍ത്തിയായാല്‍ മാത്രമേ തുടര്‍നടപടികളുമായി സിവിൽ സൈപ്ലസ് കോർപറേഷന് മുന്നോട്ടുപോകാനാവൂ. വയല്‍ പരിശോധിച്ച് ശിപാര്‍ശ ചെയ്യേണ്ട കൃഷി ഉദ്യോഗസ്ഥര്‍ അപേക്ഷകള്‍ പാഡി ഓഫിസിലേക്ക് അയക്കും. അവിടെനിന്ന് കൊയ്ത്ത് തീയതിക്കകം പൂര്‍ത്തിയാക്കേണ്ട മറ്റു പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാനും കൊയ്ത്തിന് അഞ്ച് ദിവസം മുമ്പു തന്നെ നെല്ല് ഏറ്റെടുക്കേണ്ട മില്ല് അനുവദിച്ച് കര്‍ഷകരെ അറിയിക്കാനും സാധിക്കും. കൊയ്ത്ത് കഴിഞ്ഞ് നെല്ല് പാടത്ത് സൂക്ഷിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇത് സഹായിക്കും. അപേക്ഷ സമയത്തിന് കിട്ടിയാല്‍ മാത്രമേ കൃത്യസമയത്ത് മില്ല് അനുവദിക്കാനാകൂ എന്നാണ് സിവിൽ സൈപ്ലസ് അധികൃതർ പറയുന്നത്.
ജനുവരി മുതല്‍ കൊയ്ത്ത് പ്രതീക്ഷിക്കുന്ന കര്‍ഷകരാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. കര്‍ഷകന്റെ പേര്, മേല്‍വിലാസം, കൃഷി സ്ഥലത്തിന്റെ വിസ്തീര്‍ണം, സര്‍വേ നമ്പര്‍, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്ക് ശാഖയുടെ പേര്, ഐ.എഫ്.എസ്.സി കോഡ് തുടങ്ങിയ വിവരങ്ങളാണ് രജിസ്ട്രേഷന് ആവശ്യം. വൈകിപ്പിക്കരുതെന്നും ഉടൻ തന്നെ കർഷകർ രജിസ്റ്റർ ചെയ്യണമെന്നുമാണ് കർഷകർക്ക് സിവിൽ സൈപ്ലസ് കോർപറേഷന്റെ നിർദേശം. എന്നാൽ നിർദേശം വന്ന് ആഴ്ചകളായിട്ടും രജിസ്ട്രേഷനുള്ള സൈറ്റ് കർഷകർക്ക് തുറന്ന് നൽകിയിട്ടില്ല. കടംവാങ്ങി കൃഷിയിറക്കിയ കർഷകർ നിരാശയിലാണ്. രജിസ്ട്രേഷന് പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന പ്രിന്റൗട്ട്, അനുബന്ധ രേഖകള്‍ സഹിതം അതത് കൃഷിഭവനില്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം സമര്‍പ്പിക്കണം.
വിത്ത് വിതച്ച് 60 ദിവസത്തിനകം രജിസ്ട്രേഷന് നടപടി പൂര്‍ത്തിയാക്കണം. നെല്ല് സംഭരിക്കുന്ന തീയതി, സംഭരണകേന്ദ്രം എന്നിവ കര്‍ഷകരെ നേരിട്ട് അറിയിക്കും. സപ്ലൈകോക്ക് നെല്ല് നല്കുന്ന കര്ഷകന് പി.ആർ.എസ് ലഭിച്ചാലുടന്‍ രജിസ്റ്റര്‍ ചെയ്ത ബാങ്കില്‍ ഏൽപിച്ച് ലോണ്‍ നടപടി പൂര്‍ത്തിയാക്കി തുക കൈപ്പറ്റുകയാണ് നടപടിക്രമമെങ്കിലും തുക കൈയിൽ കിട്ടാൻ പിന്നെയും കാത്തിരിക്കണം.
ഇപ്പോൾ രജിസ്ട്രേഷൻ തന്നെ വൈകുകയാണ്. കേന്ദ്ര സർക്കാർ വർധിപ്പിച്ച താങ്ങുവില ഉൾപ്പെടെ ഒരു കിലോക്ക് 21.83 രൂപയും കേരളം വെട്ടിക്കുറച്ച ഇൻസെന്റീവ് 2.43 രൂപയും ഉൾപ്പടെ 8.80 രൂപയും ചേർത്ത് കിലോഗ്രാമിന് 30.63 രൂപ നൽകി നെല്ല് സംഭരണം ആരംഭിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ല കോൾ കർഷക സംഘം പ്രസിഡന്റ് കെ.കെ. കൊച്ചു മുഹമ്മദ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

