കേരളത്തില്‍ അഴിമതിയും സ്വജന പക്ഷപാതവും മാത്രമാണ് നടക്കുന്നത് -രാജീവ് ചന്ദ്രശേഖർ
text_fieldsആലപ്പുഴ: കേരളത്തില്‍ അഴിമതിയും സ്വജന പക്ഷപാതവും മാത്രമാണ് നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ആലപ്പുഴ നോര്‍ത്ത് ജില്ലാ തല വികസിത കേരളം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒന്‍പതു വര്‍ഷമായി സകലരംഗത്തു വികസന മുരടിപ്പാണ്. ആകെയുള്ള വികസനം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഹൈവേ വികസനം മാത്രമാണ്. അഴിമതിയുടെ കാര്യത്തിലും കോണ്‍ഗ്രസും സി.പി.എമ്മും മത്സരമാണ്. കോണ്‍ഗ്രസിലെ രാജവംശത്തിലെ മകന്‍ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രണ്ടായിരം കോടി രൂപയുടെ അഴിമതി ആരോപണമാണ് നേരിടുന്നത്. ഇവിടെ കമ്മ്യൂണിസ്റ്റ് രാജകുടുംബത്തിലെ മകളും എസ്.എഫ്.ഐഒയുടെ അന്വേഷണം നേരിടുകയാണ്.
മൂന്നര കോടി മലയാളികളുടെ വികസനവും ക്ഷേമവുമാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിക്കും എ.ന്‍ഡി.എക്കും മാത്രമെ സുസ്ഥിര വികസനം സാദ്ധ്യമാക്കാന്‍ കഴിയുകയുള്ളു. വികസിത കേരളം എന്ന് ബി.ജെ.പി പറയുന്നതിന്റെ അടിസ്ഥാനം കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിന്റെ പതിനൊന്നു വര്‍ഷത്തെ ഭരണനേട്ടങ്ങളാണ്. മോദി സര്‍ക്കാര്‍ യാഥാർഥ്യമാക്കിയ വികിസിത ഭാരതം, കേരളത്തിലും നടപ്പാകണമെങ്കില്‍ ബി.ജെ.പിയും എൻ.ഡി.എയും അധികാരത്തില്‍ വരണം.
എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വേണ്ടി എന്നതാണ് ബി.ജെ.പിയുടെ നയം. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വീടുകള്‍ കയറിയിറങ്ങി ബി.ജെ.പി പ്രവര്‍ത്തകര്‍ യാഥാര്‍ത്ഥ്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. വാക്കു പറഞ്ഞാല്‍ നടപ്പാക്കുന്ന പാര്‍ട്ടി ബിജെപി മാത്രമാണെന്ന് വസ്തുതകള്‍ നിരത്തി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശോഭാ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ്, എന്‍. ഹരി, വെളിയാകുളം പരമേശ്വരന്‍, എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

