ലക്ഷദ്വീപ് എസ്.ഐ.ആർ: വെട്ടിമാറ്റിയത് 48 പേരെ; കൂട്ടിച്ചേർത്തത് 1270 വോട്ടർമാരെ
text_fieldsന്യൂഡൽഹി: കേരളത്തോടൊപ്പം എസ്.ഐ.ആർ പ്രക്രിയക്ക് തുടക്കമിട്ട ലക്ഷദ്വീപിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2025 ഡിസമ്പർ 16ന് പ്രസിദ്ധീകരിച്ച എസ്.ഐ.ആർ കരട് പട്ടികയിലുണ്ടായിരുന്ന 56,384 വോട്ടർമാരിൽനിന്ന് വെട്ടിമാറ്റിയത് കേവലം 48 പേരെ. ഇതിൽ ഫോം- 7 പ്രകാരം 47 പേരെ നീക്കം ചെയ്തപ്പോൾ ഫോം 6, ഫോം 6എ എന്നിവ ഉപയോഗിച്ച് 1270 പുതിയ വോട്ടർമാരെ പുതുതായി കൂട്ടിച്ചേർത്തുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
ശനിയാഴ്ച പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ആകെയുള്ള 57,607 വോട്ടർമാരിൽ 29,222 പേർ പുരുഷന്മാരും 28,385 പേർ സ്ത്രീകളുമാണ്. മൂന്നാം ലിംഗക്കാരില്ല. ശനിയാഴ്ച മുതൽ എല്ലാ പോളിങ് ബൂത്തുകളിലും ഇ.ആർ.ഒ, എ.ഇ.ആർ.ഒ, സി.ഇ.ഒ ഓഫീസുകളിലും വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തും.
പുതുതായി വോട്ടിന് അപേക്ഷിച്ചവരിൽ എപിക് കാർഡ് ലഭിക്കാത്തവർക്കും വിലാസം മാറ്റിയവർക്കുമുള്ള എപിക് കാർഡുകൾ ബി.എൽ.ഒമാർ വഴി വിതരണം ചെയ്യും. വോട്ടർപട്ടികയിൽ ഇനിയും പേർ വരാത്തവക്ക് വീണ്ടും പേർ ചേർക്കാൻ ഈ വർഷം മൂന്ന് അവസരം കൂടിയുണ്ടാകും. ഏപ്രിൽ ഒന്നിനും ജൂലൈ ഒന്നിനും ഒക്ടോബർ ഒന്നിനും 18 വയസ് പൂർത്തിയായത് കണക്കാക്കി ഇതിനായുള്ള തീവ്ര പരിഷ്‍കരണത്തിൽ ഫോം 6 ഉപയോഗിച്ച് അപേക്ഷ നൽകാം.
നിലവിലുള്ള എസ്.ഐ.ആർ സംബന്ധിച്ച ആദ്യ അപ്പീൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കും രണ്ടാം അപ്പീൽ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർക്കും നൽകണം. 1960-ലെ ഇലക്ടറൽ രജിസ്ട്രേഷൻ ചട്ടം 27 പ്രകാരമാണ് അപ്പീൽ നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

