അഞ്ച് വർഷത്തിനിടെ നടന്നത് 175 അസി. പ്രഫസർ നിയമനം മാത്രം
text_fieldsതിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ അഞ്ച് വർഷ ഭരണത്തിൽ സംസ്ഥാനത്തെ സർക്കാർ കോളജുകളിൽ നടന്നത് ആകെ 175 അധ്യാപക നിയമനങ്ങൾ മാത്രം. പ്രതിവർഷം 400 അധ്യാപക നിയമനങ്ങൾ വരെ നടന്ന കോളജ് വിദ്യാഭ്യാസ വകുപ്പിലാണ് അഞ്ച് വർഷം കൊണ്ട് സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിയമനങ്ങൾ നടന്ന കണക്ക് പുറത്തുവരുന്നത്.
ഒന്നാം റാങ്കുള്ളയാൾക്ക് പോലും നിയമനം നൽകാനാകാതെ റാങ്ക് പട്ടികയുടെ കാലാവധി കഴിയുന്ന വാർത്തകൾക്കിടെയാണ് അഞ്ച് വർഷത്തിനിടെ നടത്തിയ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന്റെ കണക്ക് പുറത്തുവരുന്നത്.
2021 മേയ് മുതൽ ഡിസംബർ നടന്നത് കേവലം 21 നിയമനങ്ങൾ. 2022ൽ വെറും ഒമ്പത് നിയമനങ്ങൾ മാത്രം. ഇതാകട്ടെ കോളജ് വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഏറ്റവും കുറഞ്ഞ നിയമനമാണ്. 2023ൽ 85 ഉം 2024ൽ 13ഉം 2025ൽ 44ഉം നിയമനങ്ങളുമാണ് നടന്നത്. ഇതിന് പുറമെ മൂന്ന് നിയമനങ്ങൾ സർക്കാർ ഉത്തരവ് പ്രകാരവും നടത്തിയിട്ടുണ്ട്. സമീപകാല ചരിത്രത്തിൽ ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്നത് 2011ൽ ആണ്; 408.
കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ അഞ്ച് വർഷത്തിനിടെ 1200 അധ്യാപക നിയമനങ്ങളാണ് കോളജ് വിദ്യാഭ്യാസ വകുപ്പിൽ നടന്നത്. എന്നാൽ ഒന്നും രണ്ടും പിണറായി സർക്കാറുകളുടെ പത്ത് വർഷത്തിനിടെ 1152 അധ്യാപക നിയമനങ്ങളാണ് നടന്നത്. 2020 ഏപ്രിലിലും മേയിലുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ രണ്ട് ഉത്തരവുകളിലൂടെ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളജുകളിലെ അധ്യാപക തസ്തികകളുടെ എണ്ണം വെട്ടിക്കുറക്കുകയായിരുന്നു. അധ്യാപക തസ്തികക്ക് വേണ്ട വർക്ക് ലോഡ് ഉയർത്തിയും പി.ജി അധ്യാപനത്തിലുള്ള വെയ്റ്റേജ് ഒഴിവാക്കിയുമായിരുന്നു തസ്തികകൾ വെട്ടിക്കുറക്കൽ.
ഉത്തരവിറങ്ങിയതോടെ കോളജുകളിൽ നിലവിലുള്ള തസ്തികകൾ അധികമായി മാറി. ഇതോടെ വിരമിക്കുന്നവയിൽ പകരം നിയമനം നടക്കാതെ തസ്തികകൾ ഇല്ലാതായി മാറി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 372 അധ്യാപക തസ്തികകളാണ് സർക്കാർ കോളജുകളിൽ ഇല്ലാതായി മാറിയത്. ഇതാകട്ടെ നിലവിലുള്ള അസിസ്റ്റന്റ് പ്രഫസർ റാങ്ക് പട്ടികയിൽ നിന്നുള്ള നിയമനം പൂർണമായും സ്തംഭിപ്പിക്കുന്ന സ്ഥിതിയിലാക്കി. ഉയർന്ന മാർക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ്/ ജെ.ആർ.എഫ്, പി.എച്ച്.ഡി പോലുള്ള യോഗ്യതകൾ നേടിയവരുടെ റാങ്ക് പട്ടികകളാണ് ഒരാളെ പോലും നിയമിക്കാതെ കാലാവധി തീരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

