ആശമാരുടെ വേതനം: 40 സേവനങ്ങൾക്ക് ലഭിക്കുന്നത് 13,200 രൂപ
text_fieldsതിരുവനന്തപുരം: മിനിമം വേതനത്തിന് വേണ്ടി രണ്ട് മാസമായി സെക്രട്ടേറിയറ്റ് നടയിൽ പോരാടുന്ന ആശമാർ തുച്ഛവേതനത്തിൽ ദേശീയ ആരോഗ്യ ദൗത്യത്തിനായി (എൻ.എച്ച്.എം) ചെയ്യുന്നത് 40 സേവനങ്ങൾ. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരസ്പരം പഴിചാരി കൈയൊഴിയുമ്പോഴും മിനിമം വേതനം എന്ന ആവശ്യം അംഗീകരിക്കുന്നില്ല. എല്ലാ സേവനങ്ങളും ചെയ്യുന്ന ആശക്ക് പ്രതിമാസം 13,200 രൂപയാണ് ലഭിക്കുന്നതെന്ന് എൻ.എച്ച്.എം സംസ്ഥാന യൂനിറ്റ്, കാക്കനാട് സ്വദേശി രാജു വാഴക്കാലയെ വിവരാവകാശ നിയമപ്രകാരം അറിയിച്ചു. സംസ്ഥാനത്ത് മിനിമം വേതനം 700 രൂപയായിരിക്കെയാണ് ആശമാർക്ക് പ്രതിദിനം 440 രൂപ ലഭിക്കുന്നത്.
2023-24 സാമ്പത്തിക വർഷത്തെ 358.61 കോടി രൂപയുടെ കേന്ദ്രസഹായം കുടിശ്ശികയാണെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. കേന്ദ്ര സഹായം സംബന്ധിച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും സുരേഷ്ഗോപിയും നടത്തിയ പ്രതികരണം ആശയക്കുഴപ്പം ഉണ്ടായിരുന്നു.
സംസ്ഥാനത്ത് 26,125 ആശമാരാണുള്ളത്. സംസ്ഥാന സർക്കാർ ഒരാൾക്ക് ഏഴായിരം രൂപയാണ് പ്രതിമാസം ഓണറേറിയം നൽകുന്നത്. ഇതിനുപുറമെ ചെയ്യുന്ന സേവനങ്ങൾക്കനുസരിച്ച് വിവിധ ആരോഗ്യ പദ്ധതികളിൽനിന്ന് ലഭിക്കുന്ന 3000 രൂപ വരെ ഇൻസെന്റീവ് സംസ്ഥാന വിഹിതത്തിൽനിന്ന് നൽകുന്നു. യഥാക്രമം 60:40 എന്ന അനുപാതത്തിലാണ് ഇൻസെന്റീവ്.
‘സമരം തീരാത്തതിന് കാരണം സമരക്കാർ’
തിരുവനന്തപുരം: ആശമാരുടെ സമരം ഒത്തുതീർപ്പാകാത്തതിന് കാരണം, സമരം തീരണമെന്ന് സമരക്കാർക്കുകൂടി തോന്നാത്തതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 99 ശതമാനം ആശമാരും സമരത്തിലില്ല.
സമരം ആരോഗ്യ മേഖലയെ ഒരുതരത്തിലും ബാധിക്കുന്നുമില്ല. ചെറിയ വിഭാഗമാണെങ്കിലും അവരോട് ചര്‍ച്ച നടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അഞ്ച് തവണ സര്‍ക്കാര്‍ ചര്‍ച്ച നടത്തി. ഉന്നയിച്ച ആവശ്യങ്ങളില്‍ നടപ്പാക്കാന്‍ പറ്റുന്നത് പലതും സര്‍ക്കാര്‍ നടപ്പാക്കി. സര്‍ക്കാറിന്റെ സാമ്പത്തികസ്ഥിതി അവരെ അറിയിച്ചു. അനുകൂല സാഹചര്യമുണ്ടായാല്‍ ഓണറേറിയം വര്‍ധിപ്പിക്കുമെന്നും അറിയിച്ചു.
ഏറ്റവും കൂടുതല്‍ തുക നല്കുന്ന സംസ്ഥാന സര്ക്കാറിനെതിരായാണോ ഇതുവരെ ഇന്‍സെന്റീവ് ഉയര്‍ത്താത്ത കേന്ദ്രത്തിനെതിരെയാണോ സമരം ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

