ഓൺലൈൻ ട്രേഡിങ്: വൈദികനിൽ നിന്ന് ഒന്നരക്കോടി തട്ടിയ രണ്ടുപേർ പിടിയിൽ
text_fieldsവൈദികനിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ മുഹമ്മദ് മിനാജും ഷംനാദും
കടുത്തുരുത്തി: ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് വൈദികനിൽ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കോഴിക്കോട് താമരശ്ശേരി പെരുമ്പള്ളി കുന്നത്തുവീട്ടിൽ മുഹമ്മദ് മിനാജ് (21), ചെറുപ്ലാട് ഷംനാദ് (32) എന്നിവരെയാണ് കടുത്തുരുത്തി എസ്.എച്ച്.ഒ റെനീഷ് ഇല്ലിക്കൽ അറസ്റ്റ് ചെയ്തത്. തട്ടിപ്പ് നടത്തിയ ഉത്തരേന്ത്യൻ സംഘത്തിൽപെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
2024 നവംബർ മുതൽ 2025 ജനുവരി 15 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. കോതനല്ലൂർ തൂവാനീസ പ്രാർഥനാലയത്തിലെ അസി. ഡയറക്ടർ ഫാ. ടിനേഷ് കുര്യൻ പിണർക്കയിലിനാണ് തുക നഷ്ടപ്പെട്ടത്. പ്രമുഖ കമ്പനിയുടെ പേരിലുള്ള ഓൺലൈൻ ട്രേഡിങ് മൊബൈൽ ആപ് ഉപയോഗിച്ചാണ് തട്ടിപ്പ് സംഘം വൈദികനെ കുടുക്കിയത്. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സഭയിലെ പരിചയക്കാരിൽനിന്നുമായി ഒന്നരക്കോടി സ്വരൂപിച്ച് വൈദികൻ ഇതിൽ നിക്ഷേപിക്കുകയായിരുന്നു. പിന്നീട് വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയതോടെ ഇദ്ദേഹം കോട്ടയം കടുത്തുരുത്തി പൊലീസിൽ പരാതി നൽകി.
ഉത്തരേന്ത്യൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. വൈദികനിൽ നിന്ന് വാങ്ങിയ തുക വിവിധ അക്കൗണ്ടുകളിലേക്ക് തട്ടിപ്പ് സംഘം മാറ്റിയിരുന്നു. കേരളത്തിലെ വിവിധ എ.ടി.എമ്മുകളിൽ നിന്ന് എട്ടു തവണയായി 1.40 ലക്ഷം പിൻവലിച്ചതായും കണ്ടെത്തി. ഈ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് താമരശ്ശേരി സ്വദേശികളുടെ വിലാസം ലഭിച്ചത്.
തുടർന്ന് എസ്.എച്ച്.ഒ റെനീഷ് ഇല്ലിക്കൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഇ.എ. അനീഷ്, സുമൻ പി. മണി, അജീഷ്, അജിത് എന്നിവരടങ്ങുന്ന സംഘം പ്രതികളെ കസ്റ്റഡിയിൽ എടുത്തു. ഉത്തരേന്ത്യയിലെ തട്ടിപ്പ് സംഘം ഇവരുടെ അക്കൗണ്ടിലേക്ക് തട്ടിയെടുത്ത പണം ഇട്ടുനൽകിയിരുന്നു. ഡിസംബർ 31 മുതൽ ജനുവരി 15 വരെ 17 ലക്ഷത്തിലധികം രൂപയുടെ ഇടപാടാണ് മിനാജിന്‍റെ അക്കൗണ്ട് വഴി നടന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

