മായവും വ്യാജനും ഒഴിയുന്നില്ല; ചികിത്സ ഫലിക്കാതെ മരുന്ന് വിപണി
text_fieldsകൊച്ചി: പരിശോധനയും നിരോധനവുമടക്കം കർശന നടപടി തുടരുമ്പോഴും ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിൽപന കുറയുന്നില്ല. പ്രമുഖ കമ്പനികളുടേതെന്ന അവകാശവാദവുമായി വ്യാജ മരുന്നുകളടക്കം വിപണിയിലെത്തുന്നു. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) ഏറ്റവും ഒടുവിൽ നടത്തിയ പരിശോധനയിൽ 48 മരുന്ന് ബാച്ചുകളാണ് ഗുണനിലവാരമില്ലാത്തവയായി കണ്ടെത്തിയത്. ഇവയിൽ ഒരെണ്ണം വ്യാജമാണെന്നും സ്ഥിരീകരിച്ചു.
പ്രമുഖ കമ്പനികളുടെ പേരിലുള്ള വ്യാജ മരുന്നുകൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തവിധമാണ് വിപണിയിൽ എത്തിക്കുന്നത്. സർക്കാർ നടപടികൾ ശക്തമാക്കിയതിനെ തുടർന്ന് ഇടക്കാലത്ത് കച്ചവടം ഗണ്യമായി കുറഞ്ഞെങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സജീവമായതോടെ വീണ്ടും വിപണി കീഴടക്കുകയാണ്. ഡൽഹി, ഹരിയാന, ഗാസിയാബാദ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വ്യാജ മരുന്നുകളുടെ ഉൽപാദനം. റൊസുവാസ്റ്റാറ്റിൻ, വൈറ്റമിൻ ഡി3 ഗുളികകൾ (ഉൽപാദകർ: സിനോകെം ഫാർമസ്യൂട്ടിക്കൽസ്), പ്രെഡിനോസോളൻ (യൂനിക്യുവർ ഇന്ത്യ), പാരസെറ്റമോൾ 650 (ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്സ്), അസിക്ലോവിർ (നെസ്റ്റർ ഫാർമസ്യൂട്ടിക്കൽസ്), പാന്റോപ്രസോൾ (ആൽക്കെം ഫാർമസ്യൂട്ടിക്കൽസ്), മാക്സ്ഫ്ലക്സ് (മാക്സ്ഹീൽ ഫാർമസ്യൂട്ടിക്കൽസ്) എന്നിവ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയവയിൽപെടുന്നു. ഡിവൈൻ ലാബോറട്ടറീസിന്റെ പേരിലുള്ള ഫ്ലാഗോറിൻ എന്ന മരുന്നാണ് വ്യാജനാണെന്ന് തെളിഞ്ഞത്. ചില സൗന്ദര്യവർധക വസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. ഓൺലൈനിന് പുറമെ വൻ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്ന ചില മെഡിക്കൽ ഷോപ്പുകൾ വഴിയും ഇവ കൂടുതലായി വിൽക്കുന്നു.
സി.ഡി.എസ്.സി.ഒ 1273 സാമ്പിളിൽ നടത്തിയ പരിശോധനയിലാണ് 48 എണ്ണം ഗുണനിലവാരമില്ലാത്തവയാണെന്ന് തെളിഞ്ഞത്. കൊൽക്കത്ത, മുംബൈ, ചണ്ഡീഗഡ്, ഗുവാഹത്തി, ഹൈദരാബാദ് എന്നിവിടങ്ങളിലെ അത്യാധുനിക ലാബുകളിലായിരുന്നു പരിശോധന. കഴിഞ്ഞ മേയിൽ സി.ഡി.എസ്.സി.ഒ നടത്തിയ പരിശോധനയിൽ 27 മരുന്നുകൾ ഗുണനിലവാരമില്ലാത്തതാണെന്നും ഒരെണ്ണം വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ലബോറട്ടറികളിൽ ഈ വർഷം ഇതുവരെ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ 86 മരുന്ന് ബാച്ചുകളുടെ വിൽപനയും വിതരണവും കേരളത്തിൽ നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം 226 മരുന്ന് ബാച്ചുകളാണ് ഗുണനിലവാരമില്ലാത്തതായി സംസ്ഥാനത്ത് കണ്ടെത്തിയത്. നിലവാരമില്ലാത്ത മരുന്നുകളുടെ വിപണം തടയാൻ കൂടുതൽ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നും ഇത്തരം പ്രവർത്തനങ്ങളിൽ മരുന്ന് വ്യാപാരികളുടെയും ഫാർമസിസ്റ്റുകളുടെയും സേവനംകൂടി ഉറപ്പാക്കണമെന്നും ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എൻ. മോഹൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

