ലൈസൻസില്ലാതെ ഓൺലൈൻ ടാക്സികൾ അനുവദിക്കരുത് -ടാക്സി ഡ്രൈവർമാർ
text_fieldsതൃശൂർ: സംസ്ഥാനത്ത് ലൈസൻസില്ലാത്ത ഓൺലൈൻ ടാക്സികൾ അനുവദിക്കരുതെന്നും കൃത്യമായ വ്യവസ്ഥകൾ നടപ്പാക്കണമെന്നും കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (കെ.ടി.ഡി.ഒ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മൂന്നാറിൽ ഓൺലൈൻ ടാക്സിയെ ട്രിപ് എടുക്കുന്നതിൽനിന്ന് തടഞ്ഞ വിഷയത്തിൽ മൂന്നു ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണം. ലൈസൻസ് സസ്പെൻഡ് ചെയ്തത് പിൻവലിക്കാൻ നിയമപോരാട്ടം ആരംഭിക്കുമെന്നും കെ.ടി.ഡി.ഒ പറഞ്ഞു.
ഡ്രൈവർമാരെ സസ്പെൻഡ് ചെയ്യാൻ നിർദേശിച്ച ഗതാഗതമന്ത്രിതന്നെയാണ് കേരളത്തിൽ ഓൺലൈൻ ടാക്സികൾക്ക് ലൈസൻസ് നൽകിയിട്ടില്ലെന്നും പറഞ്ഞത്. ഓൺലൈൻ ടാക്സി വിഷയത്തിൽ ഗതാഗതമന്ത്രിക്കും ട്രാൻസ്പോർട്ട് കമീഷണർക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. അതേസമയം, തങ്ങൾ ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് എതിരല്ലെന്നും ജീവിക്കാനാണ് അവർ ഈ പണിയെടുക്കുന്നതെന്ന ബോധ്യമുണ്ടെന്നും വ്യക്തമാക്കി. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ആഗ്രിഗെയ്റ്റർ പോളിസി കേരളത്തിലും നടപ്പാക്കിയിരുന്നെങ്കിൽ ഇത്തരം വിഷയങ്ങളുണ്ടാകില്ലെന്നും അവർ പറഞ്ഞു.
ടാക്സിനിരക്ക് സർക്കാർ തീരുമാനിച്ച് അഗ്രഗേറ്റർ പോളിസി കേരളത്തിലും നടപ്പാക്കുകയാണ് പരിഹാരം. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഭാഗമായി നടപ്പാക്കാൻ ലക്ഷ്യമിട്ട സാരഥി ഓൺലൈൻ പ്ലാറ്റ്ഫോം എത്രയും വേഗം പ്രാവർത്തികമാക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എ.പി. ബാഹുലേയൻ, ട്രഷറർ കെ.വി. സജീഷ്, രക്ഷാധികാരി ഇബ്രാഹിം ചിറ്റപ്പുറം, തൃശൂർ ജില്ല പ്രസിഡന്റ് ജോയ് പുത്തൻപീടിക, ജില്ല സെക്രട്ടറി േപ്രംചന്ദ് തിരൂർ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
ബുധനാഴ്ച ഉച്ചയോടെയാണ് വിദേശ വിനോദ സഞ്ചാരികളുമായി എത്തിയ ഓൺലൈൻ ടാക്സി മൂന്നാറിൽ ഒരുസംഘം ടാക്സി ഡ്രൈവർമാർ തടഞ്ഞത്. പഴയ മൂന്നാറിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ചിരുന്ന ഇസ്രായേൽ സ്വദേശികളായ സ്ത്രീകളെയാണ് തടഞ്ഞത്. രണ്ടുദിവസം മുമ്പ് മൂന്നാറിലെത്തിയ സഞ്ചാരികൾ പ്രദേശത്തെ ടാക്സിയിലാണ് വിവിധ സ്ഥലങ്ങൾ സന്ദർശിച്ചത്. എന്നാൽ, കൊച്ചിയിലേക്ക് മടങ്ങുന്നതിനായി ഓൺലൈൻ ടാക്സി ബുക്ക് ചെയ്തിരുന്നു. ഇവർ മടങ്ങാൻ ശ്രമിക്കുന്നതിനിടെ ടാക്സി ഡ്രൈവർമാർ തടയുകയായിരുന്നു. മൂന്നാറിൽ ഓൺലൈൻ ടാക്സി അനുവദിക്കില്ലെന്ന് ഡ്രൈവർമാർ പറഞ്ഞതോടെ സഞ്ചാരികൾ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സഞ്ചാരികളെ ഓൺലൈൻ ടാക്സിയിൽതന്നെ മടങ്ങാൻ അനുവദിക്കുകയായിരുന്നു.
ഒക്ടോബർ 30ന് മൂന്നാറിൽനിന്ന് ഓൺലൈൻ ടാക്സിയിൽ മടങ്ങാൻ ശ്രമിച്ച മുംബൈ സ്വദേശിനി ജാൻവിയെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്തത് വലിയ വിവാദമായിരുന്നു. ഇതേതുടർന്ന് മൂന്ന് ഡ്രൈവർമാരെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

