ഓൺലൈൻ ലോട്ടറി: വീട്ടമ്മയുടെ 1.12 കോടി തട്ടിയ നാലു പേർ റാഞ്ചിയിൽ അറസ്റ്റിൽ
text_fieldsവീട്ടമ്മയെ കബളിപ്പിച്ച് 1.12 കോടി രൂപ തട്ടിയ കേസിൽ പിടിയിലായവരിൽനിന്ന് കണ്ടെത്തിയ മൊബൈൽ ഫോണുകൾ, ബാങ്ക് പാസ്ബുക്കുകൾ, െക്രഡിറ്റ് കാർഡുകൾ, കറൻസി എന്നിവ
തിരുവനന്തപുരം: എറണാകുളം സ്വദേശിനി വീട്ടമ്മയിൽനിന്ന് ഓൺലൈൻ ലോട്ടറിയുടെ പേരിൽ 1.12 കോടി രൂപ തട്ടിയ നാലുപേരെ സംസ്ഥാന ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം റാഞ്ചിയിൽനിന്ന് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശികളായ ജ്യോതിഷ് കുമാർ, മോഹൻകുമാർ, അജിത് കുമാർ, റാഞ്ചി സ്വദേശിയായ നീരജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 28 മൊബൈൽ ഫോണുകൾ, 85 എ.ടി.എം കാർഡുകൾ, എട്ട് സിം കാർഡുകൾ, ലാപ്ടോപ്, വിവിധ ബാങ്കുകളുടെ ചെക്കുകളും പാസ് ബുക്കുകളും എന്നിവ കൂടാതെ 1.25 ലക്ഷം രൂപയും കണ്ടെടുത്തു. പ്രതികളെ റാഞ്ചി കോടതിയിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കി എറണാകുളം കോടതിയിൽ എത്തിക്കും.
സ്നാപ്ഡീൽ ഉപഭോക്താക്കൾക്കായി എന്ന പേരിൽ നടത്തിയ നറുക്കെടുപ്പിൽ ഒന്നരക്കോടി രൂപ സമ്മാനം ലഭിച്ചതായി വീട്ടമ്മയെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സമ്മാനത്തുക ലഭിക്കുന്നതിനായി സർവിസ് ചാർജ് എന്നപേരിൽ പലപ്പോഴായി പ്രതികൾ വീട്ടമ്മയിൽനിന്ന് ഒരുകോടി 12 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലൂടെ തട്ടിയെടുക്കുകയായിരുന്നു. ഇങ്ങനെ ലഭിക്കുന്ന പണം ഉടൻ തന്നെ മറ്റ് അക്കൗണ്ടുകളിലൂടെ എ.ടി.എം കാർഡ് വഴി പിൻവലിക്കുകയും ക്രിപ്റ്റോകറൻസി ആക്കി മാറ്റുകയും ചെയ്തു.
പ്രതികൾ ഇന്ത്യയിൽ ഉടനീളം തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇൻറർനെറ്റ് ബാങ്കിങ്ങിന്‍റെ പാസ്വേഡ് കൈക്കലാക്കുന്ന പ്രതികൾ യഥാർഥ അക്കൗണ്ട് ഉടമകളുടെ ഫോൺ നമ്പറുകൾക്ക് പകരം സ്വന്തം ഫോൺ നമ്പർ, അക്കൗണ്ടിൽ ബന്ധിപ്പിക്കുന്നു. അതിനാൽ അക്കൗണ്ട് ഉടമ തട്ടിപ്പ് അറിയുന്നില്ല. ഇങ്ങനെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനും വിലയേറിയ ഫോണുകളും വാഹനങ്ങളും വാങ്ങുന്നതിനുമാണ് ചെലവഴിച്ചത്.
ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്‍റെ എറണാകുളം യൂനിറ്റ് ആയിരത്തോളം ഫോൺ നമ്പറുകളും അഞ്ഞൂറോളം മൊബൈൽ ഫോൺ രേഖകളും 250 ഓളം ബാങ്ക് അക്കൗണ്ട് രേഖകളും പരിശോധിച്ചാണ് പ്രതികൾ റാഞ്ചിയിൽ ഉണ്ടെന്ന് മനസ്സിലാക്കിയത്. റാഞ്ചിയിലെ ഉൾപ്രദേശത്തെ ഒളിത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്.
എസ്.പി എം.ജെ. സോജൻ, ഡിവൈ.എസ്.പി വി. റോയ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എറണാകുളം യൂനിറ്റിലെ ഡിറ്റക്ടിവ് ഇൻസ്പെക്ടർ സൈജു കെ. പോൾ, ഡിറ്റക്ടിവ് സബ് ഇൻസ്പെക്ടർമാരായ ടി.ഡി. മനോജ്കുമാർ, ജിജോമോൻ തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ യു. സൗരഭ്, കൊച്ചി സൈബർ ൈക്രം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി. അജിത്, ആർ. അരുൺ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

