മദ്യം ബുക്ക് ചെയ്യാനുള്ള ആപ്പിന് പേരായി; ‘ബെവ് ക്യു’
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് മദ്യ വിതരണത്തിന് ഓൺലൈൻ ബുക്കിങ്ങിനുള്ള ആപ്പിന് ബെവ് ക്യു(Bev Q) എന്ന് പേരിട്ടു. കൊച്ചി ആസ്ഥാനമായ സ്ഥാപനമാണ് ആപ്ലിക്കേഷന് പിന്നിൽ. ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ അപ്ഡേറ്റ് ചെയ്യുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂർത്തിയാവുന്നതോടെ ആവശ്യക്കാർക്ക് ഡൗൺലോഡ് ചെയ്തെടുക്കാനാവും. ആപിന് ഇതുവരെ ഗൂഗിളിൻെറ അനുമതി ലഭിച്ചിട്ടില്ല. അനുമതി ലഭിക്കുന്നത് വൈകുന്നതിനാൽ മദ്യ വിതരണം ഇനിയും വൈകിയേക്കും.
ജി.പി.എസ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് ആപ് പ്രവർത്തിക്കുക. ആപ്പ് വഴി ബുക്ക് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് മദ്യം വാങ്ങാനുള്ള ടോക്കൺ ലഭിക്കും. ടോക്കണിൽ രേഖപ്പെടുത്തിയിട്ടുള്ള സമയമനുസരിച്ച് ഉപഭോക്താക്കളുടെ ഏറ്റവും അടുത്തുള്ള ബീവറേജ് കോർപറേഷൻ ഔട്ട്ലറ്റുകൾ, കൺസ്യൂമർഫെഡ്, ബിയർ ആൻഡ് വൈൻ പാർലറുകൾ എന്നിവ വഴി മൂന്നു ലിറ്റർ മദ്യം വരെ ലഭിക്കും.
ബാറുകളിൽ ഇരുന്ന് മദ്യപിക്കാൻ അനുവാദമില്ല. ബാറുകളിലെ കൗണ്ടറുകളിൽ നിന്ന് ബീവറേജ് ഔട്ട്ലറ്റുകളിലെ വിലക്ക് മദ്യം വാങ്ങാം. മദ്യ വാങ്ങാനെത്തുന്നവർ സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
