ഹൈടെക് ഓണ്‍ലൈന്‍ തട്ടിപ്പ്: രണ്ട് കാമറൂണ്‍ സ്വദേശികൾ അറസ്റ്റിൽ
text_fieldsമഞ്ചേരി: ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്ന കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജിയന് സ്വദേശികളായ അകുംബെ ബോമ ഞ്ചിവ (28), ലാങ്ജി കിലിയന്‍ കെങ് (27) എന്നിവരെ മഞ്ചേരി പൊലീസ് ഹൈദരാബാദില്‍നിന്ന് അറസ്റ്റ് ചെയ്തു. മഞ്ചേരിയിലെ മരുന്ന് മൊത്തവിതരണ കേന്ദ്രത്തിലേക്ക് ആവശ്യമായ വിലപിടിപ്പുള്ള മരുന്ന് വെബ്സൈറ്റില്‍ അന്വേഷിച്ചതിനെ തുടര്‍ന്ന് ബന്ധപ്പെട്ട പ്രതികള്‍ ഇതുവഴി പരാതിക്കാരനില്‍നിന്ന് ഒന്നേകാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു. സംഭവം സംബന്ധിച്ച് മഞ്ചേരി പൊലീസിൽ പരാതി നൽകിയിരുന്നു.
മഞ്ചേരിയിലെ സ്ഥാപനമുടമ പണമടച്ച ബാങ്ക് അക്കൗണ്ട് രാജസ്ഥാനിലെ സ്ഥാപനത്തിേൻറതായിരുന്നു. സാങ്കേതിക പരിജ്ഞാനമുള്ള പ്രതികളെ തിരിച്ചറിയുക ശ്രമകരമായിരുന്നു. ഒന്നാംപ്രതി ഹൈദരാബാദില്‍നിന്നും രണ്ടാംപ്രതി കാമറൂണില്നിന്നുമാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. പൊലീസ് സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ പ്രതികള്‍ രക്ഷപ്പെടാനും തെളിവ് നശിപ്പിക്കാനും സാധ്യതയുള്ളതിനാല്‍ പ്രദേശവാസികളുടെ സഹായത്തോടെ രഹസ്യ നിരീക്ഷണം നടത്തിയാണ് വാസസ്ഥലം തിരിച്ചറിഞ്ഞത്.
പ്രതികളില്‍നിന്നും ഒേട്ടറെ മൊബൈല്‍ ഫോൺ, സിം കാര്‍ഡ്, റൂട്ടർ, ലാപ്ടോപ് തുടങ്ങിയവ കണ്ടെടുത്തു. ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലുള്ളവരും ജർമനി, റഷ്യ തുടങ്ങിയ രാജ്യക്കാരും തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. പൊലീസ് സൈബര്‍ ഫോറന്‍സിക് ടീം അംഗം എൻ.എം. അബ്ദുല്ല ബാബു, എസ്.ഐ.ടി അംഗങ്ങളായ കെ.പി. അബ്ദുല്‍ അസീസ്, എ. ശശികുമാര്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ല പൊലീസ് മേധാവി പ്രതീഷ് കുമാറിെൻറ നിർദേശപ്രകാരം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിൽ, സി.ഐ എൻ.ബി. ഷൈജു, എസ്.ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു കേസന്വേഷണം.
ബിസിനസ് സാമ്രാജ്യംതന്നെ തീർക്കാം; കുരുട്ടുബുദ്ധി മാത്രം മതി
മഞ്ചേരി: ഒരാൾ അങ്ങ് കാമറൂണിൽ. സുഹൃത്ത് ഹൈദരാബാദിലും. പണി മോഷണവും തട്ടിപ്പും. വേഷം കമ്പനി ഉടമകൾ. വ്യാജ വെബ്സൈറ്റ് തയാറാക്കി ഉൽപന്നങ്ങള് വിൽക്കുന്ന മൾട്ടിനാഷനൽ കമ്പനി ഉടമകളെന്ന് ധരിപ്പിച്ച് മുഖാമുഖം കാണാതെ ഒാൺലൈൻ കച്ചവടത്തിന് ചൂണ്ടയെറിഞ്ഞ് ഇരകളെ വീഴ്ത്തുന്നതാണ് വിനോദം. കൈയിൽ വരുന്നതാകെട്ട ലക്ഷങ്ങളും. വെബ്സൈറ്റിൽ പരസ്യം കണ്ട് ആരെങ്കിലും സെര്‍ച്ച് ചെയ്താല്‍ ഉടനടി ഇവര്‍ക്ക് മെസേജ് ലഭിക്കും. പിന്നെ, ഇ-മെയില്‍ വഴിയോ വിര്‍ച്വല്‍ നമ്പറുകള്‍ വഴിയോ ഇരകളെ ബന്ധപ്പെടുന്നതാണ് രീതി.
ഇര ഉൽപന്നം വാങ്ങാന്‍ തയാറെന്ന് കണ്ടാല്‍ വിശ്വാസത്തിനായി വ്യാജ കമ്പനി ലൈസന്‍സും ഇതരരേഖകളും അയച്ചുകൊടുക്കും. പിന്നീട് ഉൽപന്ന വിലയുടെ നിശ്ചിത ശതമാനം അഡ്വാന്‍സായി ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാന്‍ ആവശ്യപ്പെടും. പണം കിട്ടിയാല്‍ ഉൽപന്നം കൊറിയര്‍ ചെയ്തിട്ടുണ്ടെന്ന് അറിയിക്കും. തെളിവിന് കണ്‍സൈന്‍മെൻറ് നമ്പറും അറിയിക്കും. കൊറിയർ കമ്പനി വഴി അയച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചാൽ അതും പട്ടികയിൽ കാണും.
വിവിധ കൊറിയര്‍ കമ്പനികളുടേതെന്ന വ്യാജേന തയാറാക്കിയ വെബ്സൈറ്റുകളില്‍ ഈ കണ്‍സൈന്‍മെൻറ് നമ്പര്‍ ട്രാക്ക് ചെയ്യാനാകുമെന്നതിനാല്‍ ഇരക്ക് കൂടുതല്‍ വിശ്വാസം തോന്നും. ദിവസങ്ങള്‍ക്ക് ശേഷം കൊറിയര്‍ കമ്പനിയില്‍ നിന്നെന്ന മട്ടില്‍ നിങ്ങള്‍ക്കുള്ള കൊറിയര്‍ പാക്കിങ് മോശമാണെന്നും അതിന് ഇന്‍ഷുറന്‍സായി നിശ്ചിത തുക അടക്കണമെന്നും പണം റീഫണ്ട് ചെയ്യുമെന്നും കാണിച്ച് ഇരക്ക് മെസേജ് ലഭിക്കും ഇതും വിശ്വസിക്കുന്ന ഇര വീണ്ടും പണം അടക്കുകയും ഭീമമായ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്യുന്നു. പിന്നീട് വിവരങ്ങളൊന്നും ലഭിക്കാതാവുന്നതോടെ ഉറപ്പിക്കാം, ഏതോ വിരുതർ വിദഗ്ധമായി പറ്റിച്ചെന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
