തലസ്ഥാനത്ത് വീണ്ടും ഒാൺലൈൻ ബാങ്കിങ് തട്ടിപ്പ്; രണ്ട് അക്കൗണ്ടിൽ നിന്ന് കവർന്നത് 1.62 ലക്ഷം
text_fieldsതിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഒാൺലൈൻ ബാങ്കിങ് തട്ടിപ്പ്. വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് 1,32,927 രൂപയും ഡോക്ടറുടെ അക്കൗണ്ടിൽനിന്ന് 30,000 രൂപയുമടക്കം 1.62 ലക്ഷം രൂപയാണ് കവർന്നത്. ഒ.ടി.പി (വൺ ടൈം പാസ്േവഡ്) പോലും മൊബൈലിൽ ലഭിക്കാതെയാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം പള്ളിച്ചല്‍ പാരൂര്‍ക്കുഴി ദീപുനിവാസില്‍ ശോഭനകുമാരിക്കാണ് 1,32,927 രൂപ നഷ്ടമായത്. 60 തവണയായാണ് അക്കൗണ്ടിൽനിന്ന് അജ്ഞാതൻ പണം പിൻവലിച്ചിരിക്കുന്നത്. എസ്.ബി.െഎ ബാലരാമപുരം ശാഖയിലാണ് ഇവരുടെ അക്കൗണ്ട്. താൻ ഇതുവരെ എ.ടി.എം കാർഡ് ഉപയോഗിച്ചിട്ടില്ലെന്ന് ശോഭനകുമാരി പറയുന്നു. ഇൗ മാസം 19 മുതലാണ് പണം നഷ്ടമായിത്തുടങ്ങിയത്. 200 മുതല്‍ 2000 രൂപ വരെയായി ഓണ്‍ലൈന്‍ ഷോപ്പിങ് എന്ന പേരിലാണ് നഷ്ടപ്പെട്ടിരിക്കുന്നത്. മറ്റു രഹസ്യനമ്പറുകളോ കോഡുകളോ വന്നിട്ടില്ല. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങിയെന്നാണ് ബാങ്ക് രേഖകളില്‍ കാണുന്നത്.മകളുടെ വിവാഹാവശ്യത്തിനായി കരുതിയ തുകയാണ് നഷ്ടപ്പെട്ടതെന്നും ശോഭനകുമാരി പറയുന്നു.
തലസ്ഥാനത്തെ സ്വകാര്യആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. വീണക്കാണ് 30,000 രൂപ നഷ്ടമായത്. ഈ മാസം 13 നാണ് അഞ്ചുതവണയായി പണം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചിരിക്കുന്നത്. മാത്രമല്ല, ആപ്പിള്‍ ഐ ട്യൂണ്‍സ്, ഗൂഗിള്‍ യങ് ജോയ് തുടങ്ങിയ സൈറ്റുകളില്‍ പണമിടപാട് നടത്തിയെന്ന സന്ദേശവും ഇവർക്ക് ലഭിച്ചു. ആദ്യം 67 രൂപയുടെ ഇടപാടും പിന്നാലെ 7900 രൂപയുടെ മൂന്ന് ഇടപാടുകളും 3900 രൂപയുടെ ഒരു ഇടപാടും നടന്നതായാണ് സന്ദേശത്തിലുള്ളത്.
മ്യൂസിക് ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കുന്ന സൈറ്റാണ് ആപ്പിൾ ഐ ട്യൂൺസ്. പണമിടപാട് നടന്നതായുള്ള സന്ദേശം ലഭിച്ച സമയത്ത് ഓപറേഷൻ തിയറ്ററിലായിരുന്നു ഡോ. വീണ. ഞായറാഴ്ചയായിരുന്നതിനാൽ ബാങ്കിൽ എത്തി കാർഡ് ബ്ലോക്ക് ചെയ്യാൻ കഴിഞ്ഞില്ല. തുടർന്ന്, തിങ്കളാഴ്ച കാർഡ് ബ്ലോക്ക് ചെയ്യുകയും ബാങ്ക് അധികൃതർക്കും സൈബർ സെല്ലിനും പരാതി നൽകുകയും ചെയ്തു.
ഷോപ്പിങ് െസെറ്റുകളിലും മറ്റും സേവ് ചെയ്തിട്ടുള്ള കാർഡുകളുടെ വിവരങ്ങൾ വിദേശത്തുനിന്ന് സാങ്കേതികവിദ്യയുടെ സഹായത്തോടെ ചോർത്താൻ സാധിക്കും. അങ്ങനെയാകും തട്ടിപ്പ് നടത്തിയിട്ടുണ്ടാകുകയെന്നാണ് പ്രാഥമിക നിഗമനം.
സംസ്ഥാനത്തിന് പുറത്തുനിന്നാണ് പണം തട്ടിയെടുത്തതെന്നാണ് നിലവിലെ വിലയിരുത്തൽ. മുമ്പും സമാനമായ സംഭവം തിരുവനന്തപുരത്ത് നടന്നിരുന്നു. ബാലരാമപുരം തെക്കേക്കുളം സ്വദേശിയുടെ ഏഴായിരത്തോളം രൂപ ഇതേ രീതിയില്‍ അടുത്തിടെ നഷ്ടപ്പെട്ടതായി പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
