ഓൺലൈനിൽ ട്രെയിൻ ടിക്കറ്റെടുത്ത വീട്ടമ്മയുടെ 17,000 രൂപ തട്ടിപ്പുകാർ അടിച്ചുമാറ്റി; സൈബർ പൊലീസ് ഇടപെട്ട് തിരികെ വാങ്ങി
text_fieldsആലുവ: ഓൺലൈനായി എടുത്ത ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച വീട്ടമ്മയുടെ 17,000 രൂപ തട്ടിപ്പുകാർ അടിച്ചുമാറ്റി. റൂറൽ ജില്ല സൈബർ പൊലീസ് ഇടപെട്ടതോടെ നഷ്ടമായ പണം തിരികെയെടുത്ത് നൽകി.
കാലടി സ്വദേശിയായ വീട്ടമ്മ ഓൺലൈൻ വഴി 790 രൂപ നൽകിയാണ് ബംഗളുരുവിലേക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ, ബുക്ക് ചെയ്ത തീയതിക്ക് യാത്ര ചെയ്യാൻ സാധിക്കാത്തതുകൊണ്ട് ടിക്കറ്റ് റദ്ദാക്കി. പണം തിരികെ അക്കൗണ്ടിൽ വരാത്തതിനാൽ ഗൂഗ്ളിൽ കസ്‌റ്റമർ കെയർ നമ്പർ തെരഞ്ഞു. ആദ്യം കിട്ടിയ നമ്പറിൽ വിളിച്ചു. ഓൺലൈൻ തട്ടിപ്പ് സംഘത്തിൻറെ നമ്പറായിരുന്നു അത്. സ്ത്രീയാണ് മറുതലക്കൽ ഫോണെടുത്തത്. മാന്യമായി സംസാരിച്ച അവർ പണം തിരികെ ലഭിക്കാൻ എ.ടി.എം കാർഡിൻറെ ഇരുവശവും സ്ക്കാൻ ചെയ്ത് അയക്കാൻ പറഞ്ഞു. വീട്ടമ്മ ഉടൻ തന്നെ അയക്കുകയും ചെയ്തു.
അധികം വൈകാതെ വീട്ടമ്മയുടെ അക്കൗണ്ടിലുണ്ടായ പതിനേഴായിരത്തോളം രൂപ രണ്ടു പ്രാവശ്യമായി തട്ടിപ്പു സംഘം അവരുടെ അക്കൗണ്ടിലേക്ക് മാറ്റി. തുടർന്ന് വീട്ടമ്മ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് പരാതി നൽകി. എസ്.പിയുടെ നിർദേശത്തെ തുടർന്ന് സൈബർ പൊലീസ് സ്‌റ്റേഷനിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി.
തട്ടിപ്പ് സംഘം രണ്ട് ഒൺലൈൻ വാലറ്റുകളിലേക്കാണ് പണം ട്രാൻസ്ഫർ ചെയ്തതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഉടനെ ഇടപാട് മരവിപ്പിക്കുകയും കമ്പനികളുമായി ബന്ധപ്പെട്ട് പണം തിരികെ ലഭിക്കാനുളള നടപടി സ്വീകരിക്കുകയുമായിരുന്നു.
അന്വേഷണ സംഘത്തിൽ എസ്.എച്ച്.ഒ എം.ബി. ലത്തീഫ്, ഐനീഷ്സാബു, ജെറി കുര്യാക്കോസ്, വികാസ് മണി എന്നിവരാണ് ഉണ്ടായിരുന്നത്. എ.ടി.എം കാർഡിലെ വിവരങ്ങൾ പങ്കുവക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് എസ്.പി കാർത്തിക്ക് പറഞ്ഞു.