ഓണ്‍ലൈൻ തട്ടിപ്പ്: ഝാര്‍ഖണ്ഡ് സ്വദേശിയായ മുഖ്യപ്രതി അറസ്റ്റില്‍
text_fieldsഅജിത് കുമാര്‍ മണ്ഡൽ
ഇരിങ്ങാലക്കുട: ഓണ്‍ലൈനിലൂടെ ആളുകളെ വഞ്ചിച്ച് വന്‍തുക തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനിയെ തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പൊലീസ് സംഘം ഝാര്‍ഖണ്ഡില്‍നിന്ന് അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡ് സ്വദേശി അജിത് കുമാര്‍ മണ്ഡലാണ് (22) പിടിയിലായത്. കേരളം കേന്ദ്രീകരിച്ച് നടന്ന കോടിക്കണക്കിന് രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. 2021 ഒക്ടോബര്‍ എട്ടിന് ഇരിങ്ങാലക്കുട സ്വദേശിയുടെ 40,000 രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. എസ്.ബി.ഐ അക്കൗണ്ട് േബ്ലാക്ക് ആയെന്നും കെ.വൈ.സി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും പറഞ്ഞ് ഇതിനുള്ള ലിങ്ക് എന്ന വ്യാജേന മൊബൈലിലേക്ക് എസ്.എം.എസ് അയച്ചാണ് തട്ടിപ്പിന്റ തുടക്കം. വ്യാജ സന്ദേശമാണെന്ന് അറിയാതെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ബാങ്കിന്റേതെന്ന് തോന്നിപ്പിക്കുന്ന വെബ്സൈറ്റില്‍ ബാങ്ക് വിവരങ്ങളും ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും നൽകി. തുടര്‍ന്ന് മൊബൈൽ ഫോണുകളിലേക്ക് വന്ന ഒ.ടി.പികളോടും പ്രതികരിച്ചതോടെയാണ് പണം നഷ്ടപ്പെട്ടത്. തുടർന്ന് തൃശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേക്ക് പരാതി നല്‍കുകയായിരുന്നു.
പ്രതി അജിത്കുമാർ ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നതിനായി വിവിധ വിലാസങ്ങളിലുള്ള 50ല്‍പരം സിംകാര്‍ഡുകളും 25ഓളം മൊബൈല്‍ ഫോണുകളും ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു. ഒരു കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണും സിം നമ്പറും പിന്നീട് ഉപയോഗിക്കാറില്ല. സിം നമ്പറുകളെല്ലാം വ്യാജ വിലാസത്തിലുള്ളതായിരുന്നു. മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, മണിവാലറ്റുകള്‍, ഇ കോമേഴ്സ് അക്കൗണ്ടുകള്‍ തുടങ്ങിയവയും തട്ടിപ്പിനായി അയച്ച ലിങ്കിന്റെ ഡൊമൈന്‍ വിവരങ്ങളും ശേഖരിച്ച് ഒരുവര്‍ഷത്തോളം നിരീക്ഷിച്ച ശേഷമാണ് പ്രതിയെ തിരിച്ചറിയത്. പൊലീസിനെ കണ്ട് അടുത്തുള്ള കാട്ടിലേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ അതിസാഹസികമായാണ് അറസ്റ്റ് ചെയ്തത്. പ്രതി തട്ടിപ്പിനായി ഉപയോഗിച്ച വിവിധ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ പരിശോധിച്ച് തട്ടിപ്പിനിരയായവരുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങുകയാണ് പൊലീസ്. കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകും.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു തോമസ്, ജില്ല ക്രൈം റെക്കോഡ് ബ്യൂറോ ഡിവൈ.എസ്.പി പി.സി. ഹരിദാസ്, ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബി.കെ. സുനില്‍ കൃഷ്ണന്, സബ് ഇന്‍സ്പെക്ടര്‍ വി. ഗോപികുമാര്‍, ജില്ല ക്രൈം ബ്രാഞ്ച് അസി. സബ് ഇന്‍സ്പെക്ടര്‍ പി.പി. ജയകൃഷ്ണന്, സി.പി.ഒമാരായ എച്ച്.ബി. നെഷ്റു, കെ.ജി. അജിത്ത്കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

