ഓൺലൈൻ തട്ടിപ്പിലൂടെ ആലപ്പുഴ സ്വദേശിയുടെ 25.5 ലക്ഷം കൈക്കലാക്കി, 10.86 ലക്ഷം തിരിച്ചുപിടിച്ച് സൈബർ ക്രൈം പൊലീസ്
text_fieldsആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാമെന്ന പേരിൽ ആലപ്പുഴ കണ്ടല്ലൂർ സ്വദേശിയിൽനിന്ന് പ്രതികൾ തട്ടിയ 25.5 ലക്ഷം രൂപയിൽ 10.86 ലക്ഷം ഉടനടി തിരികെപ്പിടിച്ച് ആലപ്പുഴ സൈബർ ക്രൈം പൊലീസ്. കഴിഞ്ഞ ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം.
സമൂഹമാധ്യമത്തിലൂടെ സ്വകാര്യ ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി വ്യാജ ഷെയർ ട്രേഡിങ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ഇതിൽ പരാതിക്കാരനെകൊണ്ട് അക്കൗണ്ട് ക്രിയേറ്റ് ചെയ്യിപ്പിക്കുകയും തുടർന്ന് ഈ വ്യാജആപ്പിലൂടെ പ്രതികൾ നിർദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരൻ പണമയച്ചുകൊടുക്കുകയുമായിരുന്നു. രണ്ടുമാസത്തിനിടയിൽ ഇത്തരത്തിൽ 25.5 ലക്ഷം രൂപയാണ് അയച്ചുകൊടുത്തത്. ഈ പണം വ്യാജആപ്പിലെ പരാതിക്കാരന്റെ അക്കൗണ്ടിൽ കാണിക്കാതെ വന്നപ്പോൾ പരാതിക്കാരൻ ഇതേക്കുറിച്ച് അന്വേഷിക്കുകയും ഇനിയും 28 ലക്ഷം രൂപകൂടി അയച്ചുതന്നാൽ മുഴുവൻ പണവും ഇരട്ടിയായി തിരികെ നൽകാമെന്ന് തട്ടിപ്പുകാർ അറിയിക്കുകയും ചെയ്തതോടെയാണ് ഇത് തട്ടിപ്പാണെന്ന് മനസ്സിലായത്.
തുടർന്ന് നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 19ന് ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫിസർ ഏലിയാസ് പി. ജോർജിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. തുടർന്ന് ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ അസി. സബ് ഇൻസ്‌പെക്ടർ എം. അജയകുമാറിന്റെ നേതൃത്വത്തിൽ പരാതിക്കാരന്റെ പണം ട്രാൻസ്ഫർ ചെയ്ത ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി മരവിപ്പിച്ചു. ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രഞ്ജിത് കൃഷ്ണൻ പുറപ്പെടുവിച്ച ഉത്തരവിലൂടെ പരാതിക്കാരന്റെ പണം തിരികെ നൽകുകയുമായിരുന്നു.
10.86 ലക്ഷം രൂപയാണ് ഇപ്പോൾ പരാതിക്കാരന് തിരികെകിട്ടിയത്. കൂടുതൽ തുക വിവിധ ബാങ്ക് അക്കൗണ്ടുകളിൽ കണ്ടെത്തി മരവിപ്പിച്ചതും ഇത് തിരികെ കിട്ടാനുള്ള കോടതി നടപടികൾ പുരോഗമിക്കുകയുമാണ്. കേസിലെ പ്രതികളെക്കുറിച്ച് സമൂഹമാധ്യമ അക്കൗണ്ടുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുകയാണെന്നും തമിഴ്നാട് തിരുനെൽവേലി സ്വദേശിയും മലപ്പുറം കൊണ്ടോട്ടി സ്വദേശിയുമായ രണ്ട് പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും ആലപ്പുഴ സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ അറിയിച്ചു.
കഴിഞ്ഞ ഒരുവർഷത്തിനിടെ വിവിധ കേസുകളിലെ പരാതിക്കാർക്കായി ആകെ മുക്കാൽ കോടിയിൽപരം രൂപ ആലപ്പുഴ സൈബർ ക്രൈം പൊലീസ് തിരികെപ്പിടിച്ച് കൊടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

