ഓണ്‍ലൈന്‍ ക്ലാസുണ്ട്, കാണാൻ വൈദ്യുതിയില്ല
text_fieldsകോളനികളില്‍ സാമൂഹിക പഠനമുറികള്‍
കൽപറ്റ: പ്രവേശനോത്സവത്തിെൻറ കളിചിരികളൊന്നുമില്ലാതെ പുതിയ അധ്യയനവർഷത്തിന് ജില്ലയിലും തുടക്കം. സ്കൂൾ തുറക്കാതെ ഓണ്‍ലൈന്‍ ക്ലാസുകളോടെയാണ് അധ്യയനം തുടങ്ങിയത്. കോവിഡ്-19 രോഗവ്യാപന പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് വിദ്യാര്‍ഥികളിലും അധ്യാപകരിലും ഒരുപോലെ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് ക്ലാസുകള്‍ ഓണ്‍ലൈനിലൂടെ ആരംഭിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പഠന സൗകര്യം ഏര്‍പ്പെടുത്തിയത്.
വിദ്യാര്‍ഥികള്‍ വീടുകളില്‍ ടി.വിക്കും ലാപ്ടോപ്പുകള്‍ക്കും മുന്നിലിരുന്ന് പുതിയ അധ്യയനവര്‍ഷത്തെ പഠന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ജൂണ്‍ ഏഴുവരെ പരീക്ഷണാടിസ്ഥാനത്തിലാണ് ക്ലാസുകള്‍ നടക്കുക. സാങ്കേതികപ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് അവ പരിഹരിക്കുന്നതിനാണ് പരീക്ഷണാര്‍ഥം ക്ലാസുകള്‍ തുടങ്ങിയത്. വീടുകളില്‍ ടെലിവിഷന്‍, സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്പ്, ഇൻറര്‍നെറ്റ് കണക്ഷന് തുടങ്ങിയ സംവിധാനങ്ങളില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് അവ ഒരുക്കിനല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രാവിലെ 8.30നാണ് ക്ലാസുകള്‍ തുടങ്ങിയത്. വിക്ടേഴ്സ് ചാനലിലൂടെ അര മണിക്കൂര്‍ വീതമുള്ള ക്ലാസുകളാണ് നല്‍കുന്നത്.
കോളനികളില്‍ സാമൂഹിക പഠനമുറികള്‍
ജില്ലയിലെ ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന ട്രൈബല്‍ വിദ്യാര്‍ഥികള്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പിെൻറ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠനസൗകര്യങ്ങള്‍ ഒരുക്കി. 28,000 വിദ്യാര്‍ഥികളാണ് ഈ വിഭാഗത്തില്‍ ജില്ലയിലുള്ളത്. ഓണിവയല്‍ ഫ്ലാറ്റില്‍ ഒരുക്കിയ പഠനമുറി ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല സന്ദര്‍ശിച്ചു. കോളനികളിലെ സാമൂഹിക പഠനമുറികളിലും കമ്യൂണിറ്റി ഹാളുകളിലും വിദ്യാര്‍ഥികള്‍ക്ക് ഇൻറര്‍നെറ്റ്, ഡിഷ് കണക്ഷനുകള്‍ തയാറാക്കി ക്ലാസ് സജ്ജമാക്കി. 23 പഠനമുറികളാണ് ജില്ലയില്‍ സജ്ജീകരിച്ചത്. എല്ലാ കേന്ദ്രങ്ങളിലും ട്രൈബല്‍ ഡിപ്പാർട്മെൻറ് നിയമിച്ച പരിശീലകെൻറ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. അസൗകര്യങ്ങളുള്ള ഇടങ്ങളില്‍ ആവശ്യമായ സാമഗ്രികള്‍ എത്തിക്കാന്‍ വാര്‍ഡ് മെംബര്‍മാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍, പ്രമോട്ടര്‍മാര്‍ എന്നിവരടങ്ങിയ കര്‍മസമിതി നേതൃത്വം വഹിക്കും. ജൂണ്‍ ഏഴിനു മുമ്പായി മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അടിസ്ഥാന സൗകര്യം ഒരുക്കാന്‍ പട്ടികവര്‍ഗ വികസന വകുപ്പ് പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.
ഓണ്‍ലൈന്‍ ക്ലാസുണ്ട്, കാണാൻ വൈദ്യുതിയില്ല
വെള്ളമുണ്ട: ഓണ്‍ലൈന്‍ പഠനത്തിലൂടെ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായെങ്കിലും ഗ്രാമപ്രദേശങ്ങളിൽ കുട്ടികൾക്ക് പങ്കെടുക്കാനായില്ല. തുടക്കദിവസംതന്നെ രാവിലെ മുതൽ പല സ്ഥലങ്ങളിലും വൈദ്യുതി പണിമുടക്കിയതോടെയാണ് ക്ലാസ് കേൾക്കാൻ ടി.വിക്കു മുന്നിലെത്തിയ വിദ്യാർഥികൾ നിരാശരായി എഴുന്നേറ്റു പോകേണ്ടിവന്നത്. വെള്ളമുണ്ട കെ.എസ്.ഇ.ബിക്കു കീഴിൽ നിരവധി സ്ഥലങ്ങളിൽ വൈദ്യുതിയില്ലായിരുന്നു. വൈത്തിരി സുഗന്ധഗിരി മേഖലയിൽ രണ്ടു ദിവസമായി വൈദ്യുതിയില്ല.
വൈദ്യുതിയുള്ള സ്ഥലങ്ങളിലാകട്ടെ വൈദ്യുതി ഇടക്കിടെ വന്നും പോയുമിരുന്നതിനാൽ ക്ലാസ് പകുതി മാത്രമാണ് പലരും കേട്ടത്. ടി.വിയോ ഓണ്‍ലൈന്‍ സംവിധാനമോ ഇല്ലാത്തിടങ്ങളിൽ പി.ടി.എയുടെയും കുടുംബശ്രീയുടെയും സഹായത്തോടെ മറ്റു സംവിധാനമൊരുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും ഉണ്ടായില്ല. ഇതോടെ വനാശ്രിത ഗ്രാമങ്ങളിലെ ആദിവാസികളടക്കം ഓൺലൈൻ ക്ലാസ് നടക്കുന്നത് അറിഞ്ഞിട്ടില്ല. ക്ലാസ് കേൾക്കാത്തവരെ അധ്യാപകർ വിളിച്ചതുമില്ലെന്ന് നാട്ടുകാർ പറയുന്നു. ക്ലാസ്മുറിയിലേതുപോലെ കുട്ടികള്‍ക്ക് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാകുമോയെന്ന ആശങ്ക രക്ഷിതാക്കള്‍ക്കുണ്ട്. മലയോര മേഖലകളിൽ മഴ കനക്കുന്നതോടെ നാട് ഇരുട്ടിലാവുന്നത് പതിവാണ്. ഇതോടെ ടി.വി ഉള്ളവർക്കും ക്ലാസ് ഉപകാരപ്രദമല്ലാതാവും.
അടിസ്ഥാന സൗകര്യങ്ങളില്ലാതെ കോളനികൾ
പുൽപള്ളി: മേഖലയിലെ ഒറ്റപ്പെട്ടുകിടക്കുന്ന ആദിവാസി കോളനികളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് പറ്റാത്ത അവസ്ഥ. പല കോളനികളിലും പഠിക്കാൻ ആവശ്യമായ ടെലിവിഷൻ സൗകര്യംപോലുമില്ല. സംസ്ഥാന സർക്കാറിെൻറ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സ് വഴിയാണ് ക്ലാസുകൾ സംേപ്രഷണം ചെയ്യുന്നത്. എന്നാൽ, മിക്കയിടത്തും കോളനികളിൽ ഈ ചാനൽ ലഭ്യമല്ല. കേബ്ൾ കണക്ഷനുകളിലൂടെയും ഒന്നോ രണ്ടോ ഡിഷ് ടി.വികളിലൂടെയും മാത്രമാണ് ഈ ചാനൽ ലഭിക്കുന്നത്.
വിദ്യാഭ്യാസ ചാനൽ ലഭിക്കാത്തതിനാൽ കഴിഞ്ഞ ദിവസം കുട്ടികൾക്ക് പഠനത്തിൽ പങ്കാളികളാകാൻ കഴിഞ്ഞിട്ടില്ല. ഉൾപ്രദേശങ്ങളിലുള്ള കുട്ടികളെല്ലാം ഇത്തരത്തിലുള്ള പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്. മൊബൈൽ ഫോൺ ഉപയോഗിച്ച് പഠനം സാധ്യമാണെങ്കിലും നെറ്റ്വർക്ക് തകരാറുകൾ കാരണം പലയിടത്തും ഇതിനും കുട്ടികൾക്ക് കഴിയുന്നില്ല. പുൽപള്ളി മേഖലയിൽ ചേകാടി, ചേന്ദ്രാത്ത്, കൊളവള്ളി, മരക്കടവ് പുൽപള്ളിക്കടുത്ത കൊട്ടമുരട്ട് കോളനി തുടങ്ങിയ കോളനികളിലെ കുട്ടികൾക്കെല്ലാം ഓൺലൈൻ പഠനം സാധ്യമാകാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
