തൃശൂർ: ഉള്ളിയുടെ വില 120 രൂപ വരെയെത്തിയതിന് പിന്നാലെ ഒാണം പടിവാതിക്കൽ എത്തി നിൽക്കെ വിപണിയിൽ സവാള വില കുതിക്കുന്നു. കിലോക്ക് 15 രൂപയിൽ നിന്ന് സവാള വില ഇപ്പോൾ 36 രൂപയിലെത്തി. വൈകാതെ ഇത് 50 രൂപയിലേക്ക് എത്തുമെന്നാണ് സൂചന. രാജ്യത്ത് കർണാടക തുടങ്ങി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കുറവ് സവാള കൃഷിയെ ബാധിച്ചപ്പോൾ ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ മറ്റ് ചില സംസ്ഥാനങ്ങളിൽ മഴയിൽ വ്യാപകമായുണ്ടായ കൃഷി നാശവുമാണ് ഉള്ളിക്ക് പിന്നാലെ ചെറിയ ഇടവേളക്ക് ശേഷം സവാള വിലയും ഉയരാൻ ഇടയാക്കിയത്. അവസരം മുതലാക്കാൻ രാജ്യത്തെ പ്രധാന വിപണികളിൽ വ്യാപാരികൾ സവാള പൂഴ്ത്തിവെക്കുന്നതായും സംശയിക്കുന്നുണ്ട്. ഏപ്രിൽ മാസത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കേണ്ട വിളവെടുപ്പിനെ മഴയും കാറ്റും സാരമായി ബാധിച്ചതു മൂലം 60 ലക്ഷം ടൺ ഉൽപാദനം പ്രതീക്ഷിച്ചത് 30-35 ലക്ഷമായാണ് കുറഞ്ഞത്. അടുത്ത വിളവെടുപ്പ് സെപ്റ്റംബറിലാണ് നടക്കേണ്ടത്. ഇൗ സമയം മഴക്കുറവ് കൃഷിയെ ബാധിക്കുമോ എന്നും ആശങ്കയുണ്ട്.
മഹാരാഷ്്ട്ര നാസിക്കിലെ ലാസൺഗാവ് ആണ് രാജ്യത്തെ ഏറ്റവും വലിയ സവാള വിപണി. ഇവിടേക്ക് സവാളവരവ് അടുത്ത ദിവസങ്ങളിൽ 70 ശതമാനം കുറവ് അനുഭവപ്പെട്ടു. 300 ശതമാനം വിലവർധന രേഖപ്പെടുത്തുകയും ചെയ്തു. കേരളത്തിലേക്ക് പ്രധാനമായും ആന്ധ്രയിൽ നിന്നാണ് സവാള വരുന്നത്്. പ്രതിദിനം 200 ലോഡ് വന്നിരുന്നത് ഇപ്പോൾ 20-30 ലോഡ് വെരയായി കുറഞ്ഞിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇത് വിപണിയിൽ പ്രതിഫലിക്കും. കിലോക്ക് 120 രൂപ വരെ ഉയർന്ന ഉള്ളിവില ഇപ്പോൾ 80 വരെയായി കുറഞ്ഞു. മുമ്പ് സവാള വില വർധിച്ചപ്പോൾ സർക്കാർ ഇസ്രായേലിൽ നിന്ന് സവാള ഇറക്കുമതി ചെയ്താണ് പ്രതിസന്ധിയെ നേരിട്ടത്. 45 രൂപക്ക് 1000 ടൺ സവാള ഇറക്കുമതി ചെയ്യാനാണ് 2015 സെപ്റ്റംബറിൽ അനുമതി നൽകിയത്. വയലറ്റ് നിറത്തിൽ കാഴ്ചയിൽ ആകർഷകമായ ഇസ്രായേൽ സവാളക്ക് പക്ഷേ ഇന്ത്യൻ സവാളയുമായി താരതമ്യം ചെയ്യുേമ്പാൾ ഗുണിനിലവാരം തീരെ കുറവാണ്.