രണ്ട് ദിവസത്തിനകം 50 ടൺ സവാള എത്തിക്കും -മന്ത്രി സുനിൽ കുമാർ
text_fieldsതിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസത്തിനകം 50 ടൺ സവാള നാഫെഡിൽ നിന്ന് എത്തിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ. അടുത്തയാഴ്ചക്കുള്ളിൽ 50 ടൺ കൂടി സവാള എത്തുമെന്ന് കരുതുന്നു. വിപണി വിലയുടെ പകുതിയായ 50 രൂപക്ക് ഒരു കിലോ സവാള വിതരണം ചെയ്യാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹോർട്ടികോർപ്പും സപ്ലൈകോയും സമാന രീതിയിൽ സവാള എത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഹോർട്ടികോർപ്പിന്‍റെ ചില്ലറ വിൽപന കേന്ദ്രങ്ങൾ വഴി വിപണി വിലയിലും കുറച്ചാണ് സാധനം നൽകുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് സവാള, ഉള്ളി ഉൾപ്പടെ പച്ചക്കറികളുടെ വില കുതിക്കുകയാണ്. 40 രൂപയായിരുന്ന സവാളക്ക് മൊത്തവിതരണ കേന്ദ്രത്തില്‍ 80 രൂപയാണ് ഇപ്പോള്‍ വില. ഇത് ചെറുകിട വ്യാപാരികളിലേക്ക് എത്തുമ്പോള്‍ 90ന് മുകളില്‍ ആകും.
കേരളത്തിലേക്ക് പച്ചക്കറി ഇറക്കുമതി ചെയ്യുന്ന സംസ്ഥാനങ്ങളിള്‍ മഴ മൂലം വിളവെടുപ്പ് മുടങ്ങിയതാണ് വില ഉയരാന്‍ കാരണം. മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് സവാള കൂടുതലായി എത്തുന്നത്. ഉള്ളി എത്തുന്നത് തമിഴ്‌നാട് നിന്നുമാണ്.