‘ഒരു ഫോൺകോൾ... മൂന്ന് ജീവനുകൾ... മറക്കാനാകാത്ത ഒരു രാത്രി’
text_fieldsകോഴിക്കോട്: ‘കോഹിനൂര്‍ ലോറി ബേയ്‌ക്ക് സമീപം ഒരു ഇന്നോവ അപകടത്തില്‍പെട്ടിട്ടുണ്ട്. ഉള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു. ഇവിടെ ആരുമില്ല. ശക്തമായ മഴയാണ്. എന്ത് ചെയ്യണമെന്നറിയില്ല’ -സുഹൃത്തിന്റെ ഈ വിളികേട്ടാണ് ചേളാരിയിലെ നൗഫൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. അവിടെയെത്തിയപ്പോള്‍ കണ്ടത് ഹൃദയം പിളര്‍ക്കുന്ന കാഴ്ചയായിരുന്നു.
തകര്‍ന്ന ഇന്നോവ കാറിനുള്ളില്‍ കുടുങ്ങിയ മൂന്നുപേര്‍. പിന്നെ എത്രയും വേഗം ഇവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുക മാത്രമായിരുന്നു ലക്ഷ്യം. നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് ഏറെനേരത്തെ ശ്രമഫലമായി പുറത്തെടുത്ത മൂന്നുപേരുടെയും പാതിജീവൻ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. അധികംവൈകാതെ അറിഞ്ഞു, ‘മൂന്നുപേരും മരണപ്പെട്ടു’.
വ്യാഴാഴ്ച അർധരാത്രി ദേശീയപാത 66ൽ കാലിക്കറ്റ് സർവകലാശാലക്കുസമീപം തേഞ്ഞിപ്പലം കോഹിനൂരില്‍ കാർ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിലാണ് രക്ഷാപ്രവർത്തകൻ (നൗഫൽ ചേളാരി) ഫേസ്ബുക്കിൽ കുറിപ്പിട്ടത്. അപകടത്തിൽ കാർ യാത്രികരായ തൃശൂർ പന്നിത്തടം ചിറമനങ്ങാട് കോട്ടപ്പുറത്ത് ഷഹീദ് (41), ഭാര്യ ഷഹീന (32), ഷഹീനയുടെ അമ്മാവന്റെ മകൾ ജഹാന ഷെറിൻ (26) എന്നിവരാണ് മരിച്ചത്. ജഹാന മലപ്പുറം ആലംകോട് മണാളത്ത് അബ്ദുൽ മജീദിന്റെ മകളാണ്.
കുറച്ച് ദിവസങ്ങളായി ഇതേ പ്രദേശത്ത് സമാനമായ അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും ചൂണ്ടിക്കാട്ടിയ നൗഫൽ ചേളാരി, യഥാർഥ കാരണങ്ങള്‍ കണ്ടെത്തി യാത്രക്കാർക്ക് ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും മുന്നോട്ടുവെക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
‘ഒരു ഫോൺകോൾ... മൂന്ന് ജീവനുകൾ... മറക്കാനാകാത്ത ഒരു രാത്രി’
ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു. എന്റെ സുഹൃത്തായ ഹിബത്തുല്‍ നൂര്‍ എന്നെ വിളിച്ചത്. ഫോണ്‍ എടുത്തപ്പോള്‍ തന്നെ മറുവശത്ത് കേട്ടത് ഭയവും സങ്കടവും നിറഞ്ഞ ഒരു ശബ്ദമായിരുന്നു. കരച്ചിലിനിടയില്‍ അവന്‍ പറഞ്ഞത് ഇത്രമാത്രം:
"കോഹിനൂര്‍ ലോറി ബേയ്‌ക്ക് സമീപം ഒരു ഇന്നോവ അപകടത്തില്‍പെട്ടിട്ടുണ്ട്. ഉള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു. ഇവിടെ ആരുമില്ല. ശക്തമായ മഴയാണ്. എന്ത് ചെയ്യണമെന്നറിയില്ല..."
അത്രയും പറഞ്ഞ് അവന്‍ ഫോണ്‍ വച്ചു. അതേസമയം പോലീസിനെയും മറ്റ് പലരെയും വിവരം അറിയിക്കാനുള്ള ശ്രമവും അവന്‍ നടത്തി.
വിവരം അറിഞ്ഞ ഉടന്‍ ഞാന്‍ നമ്മുടെ തേഞ്ഞിപ്പലം വാര്‍ത്താ ഗ്രൂപ്പില്‍ ഒരുസന്ദേശം പങ്കുവച്ചു: "കോഹിനൂര്‍ ലോറി ബേയ്‌ക്ക് സമീപം വാഹനാപകടം. രക്ഷാപ്രവര്‍ത്തനത്തിന് ആളുകള്‍ ആവശ്യമാണ്." ആ സന്ദേശം നിമിഷങ്ങള്‍ക്കകം പല ഗ്രൂപ്പുകളിലേക്കും പടര്‍ന്നു. കുറച്ചുസമയത്തിനകം നിരവധി ആളുകള്‍ സ്ഥലത്തെത്തി.
ഞാനും അവിടെയെത്തിയപ്പോള്‍ കണ്ടത് ഹൃദയം പിളര്‍ക്കുന്ന കാഴ്ചയായിരുന്നു. തകര്‍ന്ന ഇന്നോവയ്ക്കുള്ളില്‍ മൂന്ന് പേര്‍ കുടുങ്ങിക്കിടക്കുന്നു. കഴിഞ്ഞ ദിവസം മാത്രമാണ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ ഭര്‍ത്താവും ഭാര്യയും, കൂടെ അവരുടെ ബന്ധുവായ മറ്റൊരു സ്ത്രീയും.
പിന്നിലെ സീറ്റിലുണ്ടായിരുന്ന സ്ത്രീയെ ആദ്യം പുറത്തെടുത്ത് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് മറ്റൊരു സ്ത്രീയെയും പുറത്തെടുത്തു. എന്നാല്‍ ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്ന ആളെ പുറത്തെടുക്കുക അത്ര എളുപ്പമായിരുന്നില്ല. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന് അദ്ദേഹം അകത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു.
ആ സമയത്ത് ഏറ്റവും അത്യാവശ്യമായിരുന്നത് ഫയര്‍ഫോഴ്‌സിന്റെ സഹായമായിരുന്നു. പക്ഷേ സമീപത്ത് നിന്ന് ഫയര്‍ഫോഴ്‌സ് എത്താനായില്ല. പുറപ്പെട്ടിരുന്നെങ്കിലും എത്താന്‍ സമയമെടുക്കുമെന്നത് വ്യക്തമായിരുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം ഒരു ഫയർ സ്റ്റേഷൻ എന്ന് കൊല്ലങ്ങളായി നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യം ഇനിയെങ്കിലും അധികാരികളുടെ കണ്ണ് തുറപ്പിക്കും എന്ന് കരുതുന്നു.
ഒടുവില്‍ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് മറ്റൊരു ലോറിയുടെ സഹായത്തോടെ വാഹനം വലിച്ചുമാറ്റി. പിന്നീട് വാഹനത്തിന്റെ ഭാഗങ്ങള്‍ പൊളിച്ചുമാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്. രാത്രി 11.40 ന് നടന്ന അപകടത്തില്‍നിന്ന് അദ്ദേഹത്തെ പുറത്തെടുക്കുമ്പോള്‍ സമയം 12 മണിയോട് അടുക്കുകയായിരുന്നു.
അദ്ദേഹത്തെ പുറത്തെടുക്കുമ്പോള്‍ ജീവന്റെ ലക്ഷണങ്ങള്‍ വളരെ കുറവായിരുന്നു. എങ്കിലും ആശുപത്രിയിലെത്തിച്ചാല്‍ ഒരുപക്ഷേ രക്ഷപ്പെടുമെന്ന പ്രതീക്ഷ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. പക്ഷേ ഇന്ന് രാവിലെ കേട്ട വാര്‍ത്ത ഹൃദയം തകര്‍ക്കുന്നതായിരുന്നു.
*ആ മൂന്ന് പേരും മരണപ്പെട്ടു*
ഇന്നലെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ കുറഞ്ഞത് രണ്ടുപേര്‍ക്കെങ്കിലും ജീവന്‍ ഉണ്ടായിരുന്നതായി തോന്നിയിരുന്നു. അതുകൊണ്ടുതന്നെ ഈ വാര്‍ത്ത കൂടുതല്‍ വേദനിപ്പിക്കുന്നു.
ഈ അപകടം ഒരു ദുരന്തവാര്‍ത്ത മാത്രമല്ല, ചില ഗൗരവമായ ചോദ്യങ്ങളും ഉയര്‍ത്തുന്ന സംഭവമാണ്.
കോഴിക്കോട് ഭാഗത്തുനിന്ന് വന്ന ഇന്നോവ മഴ കാരണം റോഡില്‍ തെന്നി നിയന്ത്രണം വിട്ട് ചെരിഞ്ഞുവന്ന് ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതേ പ്രദേശത്ത് സമാനമായ അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്.
കോഹിനൂര്‍ ലോറി ബേയ്‌ക്ക് സമീപം ഹൈവേയില്‍നിന്ന് വ്യക്തമായി വേര്‍തിരിച്ചിട്ടില്ലാത്ത ഭാഗങ്ങള്‍ ഇപ്പോഴും ഉണ്ട്. കയറാനും ഇറങ്ങാനും ഉള്ള ഇടങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാറുണ്ട്. അപകടസാധ്യത വര്‍ധിപ്പിക്കുന്ന സാഹചര്യമാണത്.
കാക്കഞ്ചേരി ഭാഗത്ത് നിന്ന് കോഹിനൂരിലേക്ക് എത്തുമ്പോള്‍ ചെറിയ ഇറക്കവും വളവും ഉണ്ട്. വാഹനങ്ങള്‍ സ്വാഭാവികമായി വേഗം കൈവരിക്കുന്ന ഭാഗമാണത്. മഴക്കാലത്ത് റോഡിന്റെ ചരിവും വളവും വാഹനങ്ങളെ നിയന്ത്രണം വിടാന്‍ കാരണമാകുന്നുണ്ടോ എന്നത് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ്.
ഇത്ര ചെറിയ കാലയളവില്‍ ഒരേസ്ഥലത്ത് പല അപകടങ്ങളും സംഭവിക്കുന്നത് യാദൃശ്ചികമല്ല. ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തരമായി പഠനം നടത്തി ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ട്. മുന്നറിയിപ്പ് ബോര്‍ഡുകള്‍, റിഫ്‌ളക്ടറുകള്‍, വേഗപരിധി നിയന്ത്രണങ്ങള്‍, ലോറി ബേയ്‌യുടെ സുരക്ഷിതമായ വേര്‍തിരിക്കല്‍ എന്നിവയെല്ലാം ശക്തമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇന്നലെ രാത്രിയിലെ ആ ഫോണ്‍കോള്‍, മഴയില്‍ നനഞ്ഞുനിന്ന ആ രക്ഷാപ്രവര്‍ത്തനം, വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാനുള്ള ആ നിമിഷങ്ങള്‍... ഇതെല്ലാം ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്നു.
*മൂന്ന് ജീവനുകള്‍ നഷ്ടപ്പെട്ടു. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങള്‍ അവസാനിച്ചു.*
ഇനിയെങ്കിലും ഇതുപോലൊരു വാര്‍ത്ത കേള്‍ക്കേണ്ടി വരാതിരിക്കട്ടെ. അതിനായി ഈ അപകടത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തുകയും ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.
*ആ മൂന്ന് പേർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം*
*അവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു*
-നൗഫൽ ചേളാരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

