പ്രതിപക്ഷ എം.എൽ.എമാർക്കെതിരായ ജാമ്യമില്ല വകുപ്പുകളിൽ ഒന്ന് ഒഴിവാക്കി
text_fieldsതിരുവനന്തപുരം: നിയമസഭ സമ്മേളനത്തിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ചുമത്തിയ ജാമ്യമില്ല വകുപ്പുകളിൽ ഒന്ന് ഒഴിവാക്കി. വനിത വാച്ച് ആൻഡ് വാർഡിന്റെ കാലിന്‍റെ എല്ല് ഒടിച്ചെന്ന് ആരോപിച്ച് ചുമത്തിയ വകുപ്പാണ് ഒഴിവാക്കിയത്.
എന്നാൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുള്ള ജാമ്യമില്ല വകുപ്പ് തുടരും. കേസ് രജിസ്റ്റർ ചെയ്ത മ്യൂസിയം പൊലീസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു. റോജി എം.ജോൺ, പി.കെ. ബഷീർ, ഐ.സി. ബാലകൃഷ്ണൻ, അൻവർ സാദത്ത്, അനൂപ് ജേക്കബ്, കെ.കെ. രമ, ഉമ തോമസ് എന്നിവർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വാച്ച് ആൻഡ് വാർഡുമാരെ പരിശോധിച്ച ഡോക്ടർമാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചുമത്തിയ വകുപ്പാണ് ഇപ്പോൾ ഒഴിവാക്കിയത്. മെഡിക്കൽ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ സർക്കാറിനെയും പൊലീസിനെയും വെട്ടിലാക്കിയാണ് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നത്. സംഘർഷത്തിൽ പരിക്കേറ്റ രണ്ട് വനിത വാച്ച് ആൻഡ് വാർഡുകളുടെ കാലിന് പൊട്ടലില്ലെന്നായിരുന്നു റിപ്പോർട്ട്. വാച്ച് ആൻഡ് വാർഡിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ചെന്ന പേരിലായിരുന്നു ഏഴ് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തത്.
അതേസമയം സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ തുടരന്വേഷണം നടത്താനാകാത്ത അവസ്ഥയിലാണ് മ്യൂസിയം പൊലീസ്. നിയമസഭ സമുച്ചയത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിക്കാത്തതും തെളിവെടുപ്പ് നടത്താൻ കഴിയാത്തതുമാണ് അന്വേഷണത്തിന് തടസ്സം. നിയമസഭ സമുച്ചയത്തിൽവെച്ച് എം.എൽ.എമാരുടെ മൊഴിയെടുക്കാനും തെളിവെടുപ്പിനുമായി അനുമതി തേടി മ്യൂസിയം പൊലീസ് നിയമസഭ സെക്രട്ടറിക്ക് കത്ത് നൽകിയെങ്കിലും അനുമതി നൽകേണ്ടതില്ലെന്നാണ് തീരുമാനം. പ്രതിപക്ഷവും ഇതിനോട് യോജിക്കുന്നുണ്ട്. പുറത്തുനിന്നുള്ള ഏജൻസി നിയമസഭയിൽ അന്വേഷണം നടത്തേണ്ടെന്ന നിലപാടിന്‍റെ ഭാഗമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

